Connect with us

Kerala

പുതുവത്സരാഘോഷം; ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

കൊച്ചി നഗര പരിധിയില്‍ രണ്ടായിരത്തിലേറെ പോലീസുകാരെ നിയോഗിക്കും.

Published

|

Last Updated

കൊച്ചി| ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം നിര്‍ത്തലാക്കുമെന്നാണ് വിവരം. കൂടാതെ ഇവിടെ ആയിരത്തിലേറെ പോലീസുകാരെ നിയോഗിക്കും. കൊച്ചി നഗര പരിധിയില്‍ രണ്ടായിരത്തിലേറെ പോലീസുകാരെ നിയോഗിക്കും.

പരമാവധി ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ക്ക് ഫോര്‍ട്ട് കൊച്ചിയില്‍ പ്രവേശിക്കാനാകും. വെളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കാനാവില്ല, ബീച്ചുകളില്‍ 12 മണിക്ക് ശേഷം പ്രവേശനമില്ല, 12.30യോടെ അവസാനിപ്പിക്കണം, വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ നടപടിയെടുക്കും എന്നിവയെല്ലാം നിയന്ത്രണങ്ങളില്‍പ്പെടുന്നു. രാത്രി 12 മണിക്കുശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മടങ്ങാന്‍ ബസ് സര്‍വീസുണ്ടാകും.

4 മണി വരെ വാഹനങ്ങള്‍ക്ക് വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ-റോ സര്‍വീസ് വഴി വരാന്‍ സാധിക്കും. 7 മണിയോടെ ഈ സര്‍വീസ് പൂര്‍ണമായും നിര്‍ത്തും. പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങളുണ്ട്. ഗ്രൗണ്ടില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.

തിരുവനന്തപുരത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളിലും പൊതു ഇടങ്ങളിലെ ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. രാത്രി 12 മണിക്ക് പരിപാടികള്‍ അവസാനിപ്പിക്കണം. ഹോട്ടലുകളുടെയും ക്ലബ്ബുകളുടെയും പുതുവത്സര ആഘോഷ പാര്‍ട്ടികള്‍ പന്ത്രണ്ടര വരെ അനുവദിക്കും. ഹോട്ടലുകളില്‍ ഡി ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് പോലീസിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാണ്. ശബ്ദ മലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്ന മൈക്ക് ഓപറേറ്റര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

മാനവീയം വീഥിയിലും 12 മണിക്ക് പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച് നാഗരാജു അറിയിച്ചു. ഇവിടെ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകള്‍ സ്ഥാപിക്കും. നഗരത്തില്‍ 1500 പോലീസുകാരെ നിയോഗിക്കും. ലഹരി ഉപയോഗം തടയുന്നതിന്ന് പ്രത്യേക സംവിധാനവും ക്രമീകരിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തും.

 

 

 

 

 

 

---- facebook comment plugin here -----

Latest