Connect with us

Malappuram

പ്രകൃതി സംരക്ഷണം ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തം: അഡ്വ. പി എ പൗരന്‍

എസ് എസ് എഫ് പരിസ്ഥിതി സാമയികത്തിന് മലപ്പുറം ജില്ലയിൽ തുടക്കം

Published

|

Last Updated

മഞ്ചേരി | പരിസ്ഥിതി പുറത്തല്ല; നമ്മൾ മാറുക എന്ന ശീർഷകത്തിൽ എസ് എസ് എഫ് സംഘടിപ്പിക്കുന്ന പരിസ്ഥിതി സാമയികത്തിന് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി. മഞ്ചേരിയിൽ വൃക്ഷത്തൈകളുടെ വിതരണോദ്ഘടനം പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഓരോരുത്തരുടെയും ചെറിയ ചെറിയ ഇടപെടലുകൾ കൊണ്ടാണ് ഭൂമി ഇത്തരത്തിൽ നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പരിസ്ഥിതിദിനാചരണത്തിലൂടെയും അർഥമാക്കുന്നത് ഭൂമിയെ സംരക്ഷിക്കുന്നതിനായി നമ്മൾ ഒരു പടി മുന്നോട്ടു പോയി എന്നതാണ്. നല്ല നാളേക്കായി പരിസ്ഥിതി സംരക്ഷണം ഭൂമിയിൽ അതിവസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാമ്പയിന് മുന്നോടിയായി മുഴുവൻ പ്രവർത്തകരും വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കും. യു എൻ മുന്നോട്ട് വെക്കുന്ന പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന ആശയത്തോട് ചേർന്ന് നിന്ന് കൊണ്ട് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വർജിക്കേണ്ടതിനെ കുറിച്ചും സമൂഹത്തെ ബോധവത്കരിക്കാൻ ലഘുലേഖ വിതരണം, ഗൃഹസന്ദർശനം, വീടുകളും ഓഫീസുകളും കവലകളും ശുചീകരിക്കുന്ന ഗ്രീൻ ഗ്രീറ്റ് എന്നിവ നടക്കും. ഈ മാസം അഞ്ച് മുതൽ എട്ട് വരെ  ആയിരം ഗ്രാമങ്ങളിൽ ഗ്രീൻ ടോക്ക്, സ്കൂളുകളിൽ വൃക്ഷത്തൈ നടുന്ന പദ്ധതിയായ ഗ്രീൻ ഗിഫ്റ്റ്, കാമ്പസുകളിൽ ഗ്രീനർ ഫ്യൂച്ചർ എന്ന പേരിൽ പ്രകൃതി ചർച്ചാസംഗമം, കൊളാഷ് പ്രദർശനം എന്നിവയും നടക്കും. ഗ്രാമങ്ങൾ, കാമ്പസുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

പരിസ്ഥിതിയെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് യൂനിറ്റ്, സെക്ടർ സാഹിത്യോത്സവുകൾ പരിസ്ഥിതി സൗഹൃദ ഉത്സവങ്ങളാക്കി മാറ്റും. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകളും പ്ലാസ്റ്റിക് നിർമാർജനം, ഗ്രീൻ ഹരിത ചട്ടം സംവിധാനങ്ങളും സാഹിത്യാേത്സവുകളിൽ നടക്കും. പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രീയ സാംകാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിതികളും പരിസ്ഥിതി സാമയികത്തിന്റെ ഭാഗമാകും.

ജില്ലാ പ്രസിഡന്റ് കെ മുശ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി എം ശുഹൈബ്,  ഫിനാൻസ് സെക്രട്ടറി ഉനൈസ് സഖാഫി സംസാരിച്ചു. പി കെ എം ഫൈസൽ സഖാഫി, നൂഹ് പി അഹ്‌മദ്, കെ സഹൽ സഖാഫി, പി പി മുഹമ്മദ് ആസിഫ്, എ കെ മുഹമ്മദ് റാഫി, പി മുഹമ്മദ് സജീഹ് സഖാഫി, എ കെ മുഹമ്മദ് ഷിബിൻ, സി കെ അജ്മൽ യാസീൻ, പി നജ്മുദ്ദീൻ ശാമിൽ ഇർഫാനി, ഇ കെ നഈം ബുഖാരി എന്നിവർ സംബന്ധിച്ചു.

Latest