Connect with us

Editorial

മാതൃത്വവും തൊഴില്‍ജീവിതവും പരസ്പര വിരുദ്ധങ്ങളല്ല

ഉദ്യോഗസ്ഥതലങ്ങളിലിരിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ഔദ്യോഗിക ജോലികള്‍ക്കൊപ്പം കുടുംബ ബന്ധങ്ങളെയും കുഞ്ഞുങ്ങളുടെ ഭാവിനിര്‍ണയത്തെയും ഗൗരവത്തോടെ കാണാന്‍ സന്നദ്ധമായാല്‍ കുടുംബങ്ങളുടെ സുദൃഢ നിലനില്‍പ്പും മികച്ച പുതുതലമുറയുടെ സൃഷ്ടിപ്പും സാധ്യമാകും.

Published

|

Last Updated

“ഐ എ എസ് ഉദ്യോഗസ്ഥകളും അധ്യാപികമാരും ആകുന്നതിന് മുമ്പ് സ്ത്രീകള്‍ നല്ല അമ്മമാരാകാന്‍ ശ്രമിക്കണ’മെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പ്രസ്താവന സംവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഒരു വിഭാഗം ഇതിനെ സ്ത്രീകളുടെ തൊഴില്‍ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നിലപാടായി കുറ്റപ്പെടുത്തുമ്പോള്‍ കുടുംബത്തിന്റെയും മാതൃത്വത്തിന്റെയും പ്രാധാന്യം ഓര്‍മിപ്പിക്കുന്ന സന്ദേശമായി വിലയിരുത്തുന്നു മറ്റൊരു വിഭാഗം. വികാരങ്ങളെയും ഉപരിപ്ലവ ചിന്തകളെയും മാറ്റിവെച്ച് സമൂഹത്തിന്റെ ദീര്‍ഘകാല അനുഭവങ്ങളുടെയും വിവേക ചിന്തയുടെയും വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് ഈ വിഷയം.

മാതൃത്വമെന്നത് ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമായ ഒരു പ്രകൃതി സവിശേഷതയാണ്. മനുഷ്യസമൂഹത്തിന്റെ ഏറ്റവും ശക്തവും സുപ്രധാനവുമായ അടിത്തറ കുടുംബമാണ്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയായി പരിണമിച്ചതില്‍ കുടുംബമെന്ന സംവിധാനത്തിന് നിര്‍ണായക പങ്കുണ്ട്. കുടുംബത്തിന്റെ തുടര്‍ച്ചക്കും തലമുറകളുടെ വളര്‍ച്ചക്കും മാതാപിതാക്കളുടെ പ്രത്യേകിച്ച് മാതാക്കളുടെ പങ്ക് അദ്വിതീയമാണ്. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ എന്നിവ മാതാവിനു മാത്രം നിര്‍വഹിക്കാനാവുന്ന, അവരുടെ സഹജവും ശാരീരികവുമായ സവിശേഷതകളെ ആസ്പദമാക്കിയുള്ള പ്രകൃതിദത്ത ക്രമീകരണമാണ്. ശൈശവ പരിപാലനത്തിലും മാതാക്കളുടെ പങ്കാണ് പ്രധാനം. മനുഷ്യജീവിതത്തിന്റെ ജൈവികവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളില്‍ ഒന്നാണിത്. ഇതുകൊണ്ട് പക്ഷേ സ്ത്രീയുടെ സാമൂഹിക മൂല്യം മാതൃത്വത്തില്‍ മാത്രം ഒതുങ്ങുന്നുവെന്നര്‍ഥമില്ല. മറ്റു ഇടങ്ങളിലുമുണ്ട് സ്ത്രീകള്‍ക്ക് സുപ്രധാന പങ്കാളിത്തം.
ഒരു കുഞ്ഞിന്റെ ആദ്യവര്‍ഷങ്ങളില്‍ ആവശ്യമായ സ്‌നേഹവും സുരക്ഷിതബോധവും നല്‍കാന്‍ മാതാവിനേക്കാള്‍ അനുയോജ്യമായി മറ്റാരുമില്ല. സ്ത്രീകള്‍ക്ക് ജന്മനാ ലഭിച്ച വാത്സല്യം, ആര്‍ദ്രത തുടങ്ങിയ ഗുണങ്ങള്‍ കുടുംബ പരിപാലനത്തില്‍ ശരിയായി വിനിയോഗിക്കാന്‍ സാധിക്കും. ആയമാര്‍ക്കോ വേലക്കാരികള്‍ക്കോ കൃത്രിമ പരിചരണ കേന്ദ്രങ്ങള്‍ക്കോ മാതൃത്വത്തിന് പകരമാകാന്‍ കഴിയില്ലെന്നത് അനുഭവ സത്യവും മനശ്ശാസ്ത്രപരമായി തെളിയിക്കപ്പെട്ടതുമാണ്. ഒരു മികച്ച ഉദ്യോഗസ്ഥയായി ശോഭിക്കുന്നതോടൊപ്പം തന്നെ, തന്റെ കുഞ്ഞിന് സ്‌നേഹവും ദിശാബോധവും നല്‍കി വളര്‍ത്താന്‍ സ്ത്രീക്ക് കഴിയണം. കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന ഈ അടിത്തറയാണ് കുഞ്ഞുങ്ങളെ ഭാവിയില്‍ നല്ലൊരു പൗരനാക്കി മാറ്റുന്നത്. സ്ത്രീകളുടെ കുടുംബപരമായ ഉത്തരവാദിത്വം ഭാവിതലമുറയുടെ മാനസികാരോഗ്യത്തിന് അനിവാര്യമാണ്. ഒരു മാതാവിന്റെ ഏറ്റവും വലിയ സംഭാവനയും സേവനവും കുടുംബത്തെയും അടുത്ത തലമുറയെയും സംസ്‌കാര സമ്പന്നമായി വളര്‍ത്തിയെടുക്കലാണ്. അതിനു പകരമാകാന്‍ മറ്റൊന്നിനും സാധിക്കില്ല.

മാതൃത്വത്തെയും കുടുംബങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധങ്ങളെയും കുറിച്ച് സംസാരിക്കുന്നത് പുരോഗമന വിരുദ്ധവും പിന്തിരിപ്പന്‍ ചിന്താഗതിയുമായി മുദ്ര കുത്തുന്ന പ്രവണത പുതിയ തലമുറയില്‍ വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയില്‍ മാതൃത്വത്തിനും കുടുംബകാര്യങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കാതിരുന്നാല്‍ ഭാവിതലമുറയുടെ വൈകാരികവും മാനസികവുമായ വളര്‍ച്ചയെ അത് ബാധിക്കും. വ്യക്തിസ്വാതന്ത്ര്യത്തിനും കരിയറിനും നല്‍കുന്ന പ്രാധാന്യം മനുഷ്യവംശത്തിന്റെ സാംസ്‌കാരികമായ വളര്‍ച്ചക്കും ഉയര്‍ച്ചക്കും മാതൃത്വത്തിനും നല്‍കേണ്ടതുണ്ട്. കേവലം വ്യക്തിപരമായ ഒരു ഉത്തരവാദിത്വമല്ല മാതൃത്വം; സമൂഹത്തിന്റെ നട്ടെല്ലാണത്. അങ്ങനെ കാണാന്‍ വിസമ്മതിക്കുന്നിടത്താണ് വൈകാരികമായി സുരക്ഷിതമല്ലാത്ത തലമുറ രൂപപ്പെടുന്നത്.
കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ വഴികാട്ടിയും വിദ്യാലയവും മാതാപിതാക്കളാണ്. അവരിലൂടെയാണ് കുഞ്ഞുങ്ങള്‍ ലോകത്തെ നോക്കിക്കാണാനും മനസ്സിലാക്കാനും തുടങ്ങുന്നത്. അച്ചടക്കം, കാരുണ്യം, സഹാനുഭൂതി, സംസ്‌കാരം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മാനവിക ഗുണങ്ങള്‍ കേവലം പാഠപുസ്തകങ്ങളില്‍ നിന്നോ വിദ്യാലയങ്ങളില്‍ നിന്നോ മനസ്സിലാക്കാനും സ്വായത്തമാക്കാനും സാധിക്കുന്നതല്ല, കുടുംബാന്തരീക്ഷത്തില്‍ നിന്ന് പകര്‍ന്നു കിട്ടേണ്ടതാണ്. ഈ സംസ്‌കാര രൂപവത്കരണ പ്രക്രിയയില്‍ മാതാക്കള്‍ വഹിക്കുന്ന പങ്ക് ചരിത്രപരമായും സാമൂഹികമായും നിര്‍ണായകവും നിസ്സീമവുമാണ്.
മാതൃപരിചരണത്തിന്റെയും സ്‌നേഹത്തിന്റെയും അഭാവം കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പ്രശസ്ത ബ്രിട്ടീഷ് മനശ്ശാസ്ത്രജ്ഞനും സൈക്യാട്രിസ്റ്റുമായ ജോണ്‍ ബോള്‍വി വിശദമായി പറയുന്നുണ്ട്. മറ്റുള്ളവരുടെ വേദനയും പ്രയാസങ്ങളും മനസ്സിലാക്കാനുള്ള ശേഷി വികസിക്കുന്നത് ചെറുപ്രായത്തില്‍ ലഭിക്കുന്ന സ്‌നേഹബന്ധങ്ങളിലൂടെയാണ്. മാതൃസ്‌നേഹം ലഭിക്കാത്ത കുട്ടികളില്‍ ഈ കഴിവ് വികസിക്കുകയില്ല. പില്‍ക്കാലത്ത് ദയയില്ലാത്ത, അക്രമസ്വഭാവമുള്ള വ്യക്തിയായി അവര്‍ മാറാനുള്ള സാധ്യത ഏറെയാണെന്നും ബോള്‍വി ചൂണ്ടിക്കാട്ടുന്നു.

ആനന്ദിബെന്‍ പട്ടേലിന്റെ പ്രസ്താവനയെ സ്ത്രീസ്വാതന്ത്ര്യത്തിന് വിരുദ്ധമായി കാണുന്നതിനു പകരം ആധുനികതയുടെ അതിപ്രസരത്തില്‍ സ്ത്രീസമൂഹം മറന്നു പോകുന്ന അടിസ്ഥാന തത്ത്വങ്ങളെ ഓര്‍മിപ്പിക്കുന്ന ഉപദേശമായി കാണുകയാണ് വേണ്ടത്. തൊഴില്‍ മേഖലയില്‍ എത്ര ഉന്നതിയില്‍ എത്തിയാലും മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും കുടുംബഭദ്രതക്കും ആധാരമായ മാതൃത്വത്തെയും കുടുംബപരമായ ഉത്തരവാദിത്വങ്ങളെയും അവഗണിക്കരുതെന്ന സന്ദേശം. കരിയര്‍ മേഖലയിലടക്കം വ്യക്തിപരമായ ഉയര്‍ച്ചയും കുടുംബത്തോടുള്ള പ്രതിബദ്ധതയും പരസ്പര വിരുദ്ധങ്ങളല്ല. ഉദ്യോഗസ്ഥ തലങ്ങളിലിരിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ഔദ്യോഗിക ജോലികള്‍ക്കൊപ്പം കുടുംബ ബന്ധങ്ങളെയും കുഞ്ഞുങ്ങളുടെ ഭാവിനിര്‍ണയത്തെയും ഗൗരവത്തോടെ കാണാന്‍ സന്നദ്ധമായാല്‍ കുടുംബങ്ങളുടെ സുദൃഢ നിലനില്‍പ്പും മികച്ച പുതുതലമുറയുടെ സൃഷ്ടിപ്പും സാധ്യമാകും.

Latest