Connect with us

International

ഹോര്‍മുസ് കടലിടുക്കിലെ ആക്രമണം: കപ്പലുകള്‍ക്ക് ഗുരുതര കേടുപാടെന്ന് അഡ്‌നോക്

ആക്രമണത്തെ കമ്പനി ശക്തമായി അപലപിച്ചു.

Published

|

Last Updated

അബൂദബി | ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ രണ്ട് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി അബൂദബി ആസ്ഥാനമായുള്ള അഡ്നോക് ലോജിസ്റ്റിക്സ് ആന്‍ഡ് സര്‍വീസസ് (അഡ്നോക് എല്‍ ആന്‍ഡ് എസ്) സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കപ്പലിലെ ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അല്‍ ബാഹിയ, മൊംബാസ ബി എന്നീ രണ്ട് കൂറ്റന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. രണ്ട് കപ്പലുകള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കപ്പലുകളില്‍ വന്‍ തീപ്പിടിത്തമുണ്ടാവുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കി.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരനായ ജീവനക്കാരന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ച അഡ്നോക്, പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. നിരപരാധികളായ ജീവനക്കാര്‍ക്കും സിവിലിയന്‍ കപ്പലുകള്‍ക്കും നേരെ നടന്ന ആക്രമണത്തെ കമ്പനി ശക്തമായി അപലപിച്ചു. സംഭവത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തകര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമായി ചേര്‍ന്ന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അഡ്നോക് എല്‍ ആന്‍ഡ് എസിന്റെ ഉടമസ്ഥതയിലുള്ളതാണ് അല്‍ ബാഹിയ എന്ന കപ്പല്‍. മൊംബാസ ബി ടൈം-ചാര്‍ട്ടര്‍ വ്യവസ്ഥയില്‍ കമ്പനി സര്‍വീസ് നടത്തുന്ന കപ്പലാണിത്. 50ലധികം രാജ്യങ്ങളിലായി നൂറിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന മേഖലയിലെ ഏറ്റവും വലിയ മാരിടൈം ലോജിസ്റ്റിക്സ് ദാതാക്കളാണ് അഡ്നോക് എല്‍ ആന്‍ഡ് എസ്.

Content Highlights:
ADNOC confirmed that its ships sustained severe damage following an attack in the Strait of Hormuz. The incident has raised immediate concerns over maritime safety in the vital trade corridor. Authorities are currently assessing the situation and monitoring regional shipping security.

 

Latest