Connect with us

From the print

കമൽമൗലാ മസ്ജിദ്: വസ്തുതാപരമായ ചോദ്യങ്ങൾ നീതിപീഠം അവഗണിച്ചെന്ന് ഹരജിക്കാർ

ക്ഷേത്രമാണെന്നുള്ള ഓരോ അവകാശവാദത്തിനും അർഹത നൽകിയാൽ ഒന്നും അവശേഷിക്കില്ല

Published

|

Last Updated

ന്യൂഡൽഹി | കമൽ മൗലാ മസ്ജിദിനെതിരായി റിപോർട്ട് നൽകിയ എ എസ്‌ െഎ ഉദ്യോഗസ്ഥരെ പോലും ശരിയായി വിസ്തരിക്കാതെ, വസ്തുതാപരമായ ചോദ്യങ്ങൾ അവഗണിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് ഖാസി മുഈനുദ്ദീന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്‌മദി സുപ്രീം കോടതിയിൽ വാദിച്ചു. ദീർഘകാലമായി നിലനിന്നിരുന്ന ക്രമീകരണം മാറ്റിയതിലൂടെ ഹൈക്കോടതി തെറ്റുചെയ്‌തെന്നും ഹുസേഫ വ്യക്തമാക്കി.

ഹിന്ദു പ്രാർഥനകൾക്കായി സ്ഥലമുപയോഗിക്കാത്ത ആഴ്ചയിലെ ചില ദിവസങ്ങളിൽ മുസ്‌ലിംകൾക്ക് പ്രാർഥന നടത്താൻ ദീർഘകാലമായി നൽകിയിരുന്ന അനുമതികൾ ‘പെട്ടെന്ന്’ ഹൈക്കോടതി എങ്ങനെ റദ്ദാക്കിയെന്നും ഒരു റിട്ട് ഹരജിയിൽ ഇങ്ങനെ തീരുമാനങ്ങൾ എടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. കേസിൽ ബാബരി മസ്ജിദ് വിധിയെ ആശ്രയിച്ചതിനെയും ഹരജിക്കാർ ചോദ്യം ചെ യ്തു. ബാബരി വിധി പ്രസ്തുത കേസിൽ മാത്രമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹരജിക്കാർ വ്യക്തമാക്കി.

ക്ഷേത്രമാണെന്ന ഓരോ അവകാശവാദത്തിനും അർഹത നൽകിയാൽ ഒന്നും അവശേഷിക്കില്ലെന്ന് മറ്റൊരു ഹരജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞു. ഇത്തരം ഓരോ കേസിലും ഭൂമിക്കടിയിൽ പരിശോധിക്കാൻ തുടങ്ങിയാൽ, ഒന്നും അവശേഷിക്കില്ല. ഈ കേസിലും ക്ഷേത്രമുണ്ടാകാം ഇല്ലാതിരിക്കാം. എന്നാൽ എല്ലാ കേസിലും ഒരു കണ്ണിന് കണ്ണ് എന്ന നിലപാട് സ്വീകരിച്ചാൽ, ഒന്നും അവശേഷിക്കില്ല. ഇത് വളരെ വലിയ പ്രശ്നമാണെന്നും സിംഗ്‌വി പറഞ്ഞു. കുറഞ്ഞത് 700 വർഷമായി സ്ഥലത്ത് നിസ്‌കാരം നടത്തിയതിന് തെളിവുണ്ട്. ഹിന്ദു-മുസ്‌ലിം ആരാധനകൾക്ക് അനുമതിയുണ്ടായിരുന്നതിനാൽ ഈ സ്ഥലം സാമുദായിക ഐക്യത്തിന്റെ മികച്ച ഉദാഹരണമായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. മതപരമായ സ്ഥലങ്ങളിൽ ചരിത്രപരമായ തർക്കങ്ങൾ വീണ്ടും തുറക്കുന്നതിൽ സിംഗ്‌വി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തർക്കം സിവിൽ കോടതിയുടെ പരിഗണനയിലിരിക്കെ, ഹൈക്കോടതി തർക്കം എങ്ങനെ പരിഹരിച്ചെന്നും സിംഗ്‌വി ചോദിച്ചു. സ്ഥലം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഹിന്ദു-മുസ്‌ലിം സമുദായങ്ങൾ തമ്മിൽ പരസ്പര ധാരണയുണ്ടായിരുന്നുവെന്ന് മുസ്‌ലിം പക്ഷത്തിന് വേണ്ടി ഹാജരായ മറ്റൊരു മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ വാദിച്ചു.

എന്നാൽ, ഹൈക്കോടതി ഉത്തരവിന് അനുസൃതമായി നടപ്പാക്കിയ ക്രമീകരണത്തെ തടസ്സപ്പെടുത്തരുതെന്ന് മധ്യപ്രദേശ് സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. ഉത്തരവ് പാസ്സാക്കി രണ്ട് മാസത്തിനു ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്്. അതിനിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരു ഇടക്കാല ഉത്തരവിലൂടെ മുമ്പത്തെ സ്ഥിതി പുനഃസ്ഥാപിക്കാൻ അവർ ശ്രമിക്കുന്നതിനാൽ ഇപ്പോൾ ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തർക്കസ്ഥലത്തിന് സമീപം മുസ്‌ലിംകൾക്ക് ഇടക്കാല ആശ്വാസമായി നിസ്‌കാരം നടത്താൻ അനുവദിക്കാവുന്ന ഒരു പൊതുസ്ഥലമുണ്ടോയെന്ന് കോടതി ചോദിച്ചു. ഉണ്ടെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. തുടർന്ന്, സമുച്ചയത്തിന് സമീപമുള്ള സ്ഥലത്ത് വെള്ളിയാഴ്ച ഉച്ചക്ക് മുസ്‌ലിംകൾക്ക് പ്രാർഥന നടത്താൻ അനുവാദം നൽകണമെന്നും തർക്കം ഇരുവിഭാഗത്തിനും ദോഷം വരുത്തരുതെന്നും കോടതി നിർദേശിച്ചു.

Content Highlights: The Supreme Court heard petitions challenging the High Court verdict on the Kamal Maula Masjid dispute. Senior advocates Abhishek Singhvi and Huzefa Ahmadi argued that the High Court ignored factual questions and centuries-old harmonious arrangements. The court suggested allowing Muslims to offer Friday prayers at an alternative nearby public space.

Latest