Connect with us

Eranakulam

അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മകനെതിരെ കേസ്

വെണ്ണല സ്വദേശിനി അല്ലി (72)യുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലാണ് മകന്‍ പ്രദീപിനെതിരെ പോലീസ് കേസെടുത്തത്.

Published

|

Last Updated

കൊച്ചി | വെണ്ണലയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകനെതിരെ കേസെടുത്തു. വെണ്ണല സ്വദേശിനി അല്ലി (72)യുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലാണ് മകന്‍ പ്രദീപിനെതിരെ പോലീസ് കേസെടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന പ്രദീപിനെ, അല്ലിയുടെ മരണം സ്വാഭാവികമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയതോടെ വിട്ടയച്ചിരുന്നു. മൃതദേഹത്തോട് അനാദരവ്, ബന്ധുക്കള്‍ അറിയാതെ മൃതദേഹം സംസ്‌കരിച്ചു എന്നീ കുറ്റങ്ങളാണ് മകനെതിരെ ചുമത്തിയിട്ടുള്ളത്.

വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ എന്ന വീട്ടിലാണ് സംഭവം. പ്രമേഹരോഗം മൂര്‍ച്ഛിച്ച അല്ലി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. വീട്ടില്‍ പ്രദീപ് മാത്രമാണുണ്ടായിരുന്നത്. സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചെന്നും സംസ്‌കരിക്കാന്‍ സഹായിക്കണമെന്നും പ്രദീപ് ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ സ്ഥിരം മദ്യപാനിയായ പ്രദീപ് പറഞ്ഞത് ആരും വിശ്വസിച്ചില്ല. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പാലാരിവട്ടം പോലീസെത്തി ഉച്ചയോടെ അല്ലിയുടെ മൃതദേഹം പുറത്തെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മകള്‍ പ്രീതിയുടെ കങ്ങരപ്പടിയിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

പ്രദീപിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. യുവാവ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. വീട്ടില്‍ നിന്ന് ബഹളം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. അമ്പതുകാരനായ പ്രദീപിന് ടയര്‍ കടയുണ്ട്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രദീപിന്റെ ഭാര്യയും മൂത്ത മകനും വേറെയാണ് താമസിക്കുന്നത്.

 

---- facebook comment plugin here -----

Latest