Connect with us

National

ഓണ്‍ലൈനിലൂടെ രാജ്യവിരുദ്ധത പ്രചരിക്കുന്നത് തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു

പുതിയ പദ്ധതി കേന്ദ്രം തയ്യാറാക്കുന്നുവെന്ന് റിപോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന ഇന്ത്യാ വിരുദ്ധ ഉള്ളടക്കം നിയന്ത്രിക്കാന്‍ ഊര്‍ജിത നീക്കവുമായി കേന്ദ്രം. ഇതിനായി പുതിയ പദ്ധതി തയ്യാറാക്കുന്നുവെന്ന് ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷാ ഏജന്‍സികളുമായി കൈകോര്‍ത്താണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.

എക്‌സ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് രാജ്യ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും അക്രമവാസന വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട പരിപാടികള്‍ പ്രചരിപ്പിക്കുന്നതും വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. അടുത്തിടെ, ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു, ഗോള്‍ഡി ബ്രാര്‍ എന്നിവരുടെ വീഡിയോകള്‍ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ തടഞ്ഞിരുന്നു. പുതിയ പദ്ധതി പ്രകാരം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സ്വന്തം സംവിധാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കത്തിന്റെ വ്യാപനം തടയുകയും ചെയ്യും. ഇന്ത്യക്ക് പുറത്തുനിന്ന് പോസ്റ്റ് ചെയ്യുന്നതും രാജ്യത്തിനുള്ളില്‍ പങ്കിടുന്നതുമായ വീഡിയോകളും സന്ദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും.

വിദേശത്ത് നിന്ന് പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ മാത്രമല്ല, അത്തരം കാര്യങ്ങള്‍ പങ്കിടുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്ന ഇന്ത്യയിലെ ആളുകള്‍ക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest