Connect with us

Uae

കള്ളപ്പണം വെളുപ്പിക്കല്‍; യു എ ഇയില്‍ വ്യാപക നടപടി

ഏറ്റവും പുതിയ നടപടിയില്‍, കള്ളപ്പണമിടപാട് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് യു എ ഇ സെന്‍ട്രല്‍ ബേങ്ക് ചൊവ്വാഴ്ച ആറ് എക്സ്ചേഞ്ച് ഹൗസുകള്‍ക്ക് മൊത്തത്തില്‍ 1.23 കോടി ദിര്‍ഹം പിഴ ചുമത്തി.

Published

|

Last Updated

ദുബൈ | കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനുമെതിരെ അധികൃതര്‍ നടപടി ശക്തമാക്കി. ഏറ്റവും പുതിയ നടപടിയില്‍, കള്ളപ്പണമിടപാട് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് യു എ ഇ സെന്‍ട്രല്‍ ബേങ്ക് ചൊവ്വാഴ്ച ആറ് എക്സ്ചേഞ്ച് ഹൗസുകള്‍ക്ക് മൊത്തത്തില്‍ 1.23 കോടി ദിര്‍ഹം പിഴ ചുമത്തി. രാജ്യത്തിന്റെ ധനകാര്യ നിയന്ത്രണ ചട്ടക്കൂട് പാലിക്കാത്തത് ഉള്‍പ്പെടെ ഒന്നിലധികം ലംഘനങ്ങള്‍ കണ്ടെത്തിയ പരിശോധനകളെ തുടര്‍ന്നാണ് പിഴ.

സമീപമാസങ്ങളില്‍ രാജ്യത്ത് എക്സ്ചേഞ്ച് ഹൗസുകള്‍, വിദേശ ബേങ്ക് ശാഖകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവക്കെതിരെ കനത്ത പിഴകള്‍ ചുമത്തിയിരുന്നു. 33.9കോടി ദിര്‍ഹത്തിലധികം കണ്ടുകെട്ടി. മറ്റൊരു എക്സ്ചേഞ്ച് ഹൗസിന് സെന്‍ട്രല്‍ ബേങ്ക് 35 ലക്ഷം ദിര്‍ഹത്തില്‍ കൂടുതല്‍ പിഴ ചുമത്തി. കഴിഞ്ഞ മാസം അവസാനം ഒരു എക്സ്ചേഞ്ച് ഹൗസിന് പത്ത് കോടി ദിര്‍ഹവും ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു എക്സ്ചേഞ്ച് ഹൗസിന് 20 കോടി ദിര്‍ഹവും പിഴയിട്ടു. ഈ എക്സ്ചേഞ്ചിന്റെ ബ്രാഞ്ച് മാനേജര്‍ക്ക് വ്യക്തിപരമായി 500,000 ദിര്‍ഹം പിഴ ചുമത്തുകയും യു എ ഇ ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്കുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് അന്താരാഷ്ട്ര ബേങ്കുകളുടെ യു എ ഇയിലെ രണ്ട് ശാഖകകളില്‍ നിന്ന് 1.81 കോടി ദിര്‍ഹം പിഴ ഈടാക്കിയിരുന്നു.

ഈ മേഖലകളിലെ സംശയാസ്പദ ഇടപാടുകളുടെ നിരീക്ഷണത്തിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിനായി, യു എ ഇ സാമ്പത്തിക മന്ത്രാലയം ഈയിടെ ദുബൈ പോലീസുമായി ധാരണയിലെത്തി.

യു എ ഇയെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇ യു
ദുബൈ | കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയുടെ അപകടസാധ്യതയുള്ള മൂന്നാം രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് യു എ ഇയെ നീക്കം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നതായി റിപോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ് എ ടി എഫ്) 2024 ഫെബ്രുവരിയില്‍ യു എ ഇയെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

എണ്ണ വരുമാനത്തിന് പുറമെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് യു എ ഇക്ക് പ്രധാനമാണ്. സാമ്പത്തിക അന്വേഷണം ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുക, വെര്‍ച്വല്‍ ആസ്തി നിയമങ്ങള്‍ ആഗോള മാനദണ്ഡങ്ങളുമായി ഏകോപിപ്പിക്കുക തുടങ്ങിയ നടപടികള്‍ യു എ ഇ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ നീക്കം.

 

Latest