Kerala
മോഫിയയുടെ മരണം: എസ് പി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിനു നേരെ കല്ലേറ്

ആലുവ | മോഫിയയുടെ മരണത്തില്‍ സി ഐയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് മാര്‍ച്ച് ആലുവ എസ് പി ഓഫീസിലെത്തും മുമ്പ് പോലീസ് തടഞ്ഞു. ബാരിക്കേഡ് സ്ഥാപിച്ചാണ് മാര്‍ച്ച് തടഞ്ഞത്. പോലീസിന് നേരെ കല്ലെറിയുകയും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ് പി ഓഫീസ് ഉപരോധിക്കാനായിരുന്നു പ്രവര്‍ത്തകരുടെ നീക്കം. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ, വീണ്ടും ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമമുണ്ടായപ്പോള്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആലുവ ഈസ്റ്റ് സ്റ്റേഷനും എസ് പി ഓഫീസിനും ഇടയിലായാണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്.
ആലുവ പോലീസ് സ്റ്റേഷനു മുമ്പില്‍ സമരം നടത്തുന്ന ജനപ്രതിനിധികളെ കാണാന്‍ മോഫിയയുടെ മാതാവ് ഇന്ന് രാവിലെ പോലീസ് സ്റ്റേഷനു മുമ്പിലെത്തിയിരുന്നു. സി ഐ. സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ വ്യക്തമാക്കി. ബെന്നി ബഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.