Connect with us

Siraj Article

ജാതി വിവേചനങ്ങളുടെ പരിഷ്‌കൃത രൂപങ്ങള്‍

രാഷ്ട്രീയ-കലാ-സാഹിത്യ-സിനിമാ-മാധ്യമ മേഖലകളിലൊക്കെയും ഈ വിവേചനം അഭംഗുരം തുടരുന്നുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നതാധികാര സമിതികളിലോ കലാ സാഹിത്യ മേഖലകളിലോ നമുക്ക് പിന്നാക്കക്കാരെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമാണ്. മാധ്യമ ലോകവും സിനിമാ ലോകവുമൊക്കെ സവര്‍ണര്‍ അടക്കിവാഴുന്നു. അംബേദ്കര്‍ എന്ന പേരിലുള്ള ഒരു സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത നാടാണല്ലോ നമ്മുടെ കേരളം

Published

|

Last Updated

കേരളത്തില്‍ ജാതിവെറിയുടെ പരിഷ്‌കൃത രൂപങ്ങള്‍ സമസ്ത മേഖലയിലും നിറഞ്ഞാടുന്ന കാഴ്ച ഏറെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. ജാതിയുടെ പേരിലുള്ള വിവേചനങ്ങളും അയിത്ത വ്യവസ്ഥിതിയും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ഉദ്യോഗ രംഗങ്ങളിലെല്ലാം സ്വാധീനമുറപ്പിച്ചിരിക്കുന്നു. ജാതി വിവേചനങ്ങളും ഉച്ചനീചത്വങ്ങളും മേല്‍ക്കോയ്മയുമൊക്കെ തിരിച്ചു വരുന്നതായി ചിന്തിക്കുന്നത് പോലും എത്രമാത്രം ലജ്ജാകരമാണ്.

കഴിഞ്ഞ മുപ്പതോളം വര്‍ഷമായി പേരാമ്പ്രയിലെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂള്‍ സാംബവ കുടുംബങ്ങള്‍ മാത്രം വരുന്ന ‘ദളിത് ഓണ്‍ലി’ സ്‌കൂളായി മുദ്രകുത്തപ്പെട്ടിട്ട്. ഈ സ്‌കൂളിനെ കേരളത്തിലെ ജാതി വിവേചനത്തിന്റെ മകുടോദാഹരണമായാണ് പരിചയപ്പെടുത്തപ്പെടുന്നത്. ഈയടുത്ത കാലത്തായി ഈ വിവേചനത്തെ പ്രതിരോധിക്കാന്‍ ചില രക്ഷിതാക്കള്‍ തങ്ങളുടെ മുസ്‌ലിം കുട്ടികളെ അവിടെ പറഞ്ഞയക്കുന്നതൊഴിച്ചാല്‍ സര്‍ക്കാറോ വിദ്യാഭ്യാസ വകുപ്പോ മതേതര പൊതുബോധമോ ഇതിനെതിരെ ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല.

പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയര്‍ എന്ന പിന്നാക്ക വിഭാഗ സമുദായക്കാര്‍ക്ക് സവര്‍ണ ജാതിക്കാരില്‍ നിന്ന് നേരിടേണ്ടി വരുന്ന അയിത്തവും തീണ്ടലും ഇപ്പോഴും തുടരുകയാണ്. അവര്‍ക്കിപ്പോഴും ചായക്കടകളില്‍ നിന്ന് ചായ കുടിക്കാനോ പൊതു ടാപ്പുകളില്‍ നിന്ന് കുടിവെള്ളം ശേഖരിക്കാനോ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ അര്‍ഹതയില്ല.
തിരുവനന്തപുരം വര്‍ക്കലയിലെ കരുനിലക്കോട് പടിഞ്ഞാറ്റേതിലെ പൊതുകുളത്തില്‍ ദളിതരായ കുറവ, തണ്ടാര്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് വിലക്കാണത്രെ. ഈ രീതിയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും തങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒട്ടനവധി ദുരനുഭവങ്ങള്‍ ഈ കാലത്തും നേരിടേണ്ടി വരുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ നമുക്ക് സുപരിചിതമായിക്കഴിഞ്ഞതാണിപ്പോള്‍ ദുരഭിമാന കൊലകളും. കോടതിയടക്കം ദുരഭിമാനക്കൊല എന്ന് വിലയിരുത്തുകയും സമൂഹം ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്ത സംഭവമായിരുന്നു കോട്ടയത്തെ കെവിന്റെ കൊലപാതകം. കോട്ടയം മാന്നാനത്തുള്ള ദളിത് ക്രൈസ്തവ കുടുംബത്തിലുള്ള കെവിനും റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ള നീനുവും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയിട്ടുപോലും നീചമായ ജാതി ബോധത്തിന്റെ വൈറസുകള്‍ നമ്മെ വിട്ടുപോകുന്നില്ല എന്നര്‍ഥം. ജാതിരഹിത – മതേതര സമൂഹമാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിലാണ് ഒന്നിന് പിറകേ ഒന്നായി ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത്തരം വിവേചനങ്ങള്‍ ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല, മരണമടഞ്ഞവരോട് പോലും കാണിക്കുന്നു എന്നതാണ് ഏറ്റവും ഭീകരം. വാളയാറില്‍ കൊല്ലപ്പെട്ട രണ്ട് കൊച്ചു പെണ്‍കുട്ടികളുടെ അമ്മക്ക് കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പറഞ്ഞ് തല മുണ്ഡനം ചെയ്ത് വരെ പോരാടേണ്ടി വരുന്നു. മധു എന്ന ഒരു ആദിവാസി യുവാവിനെ, വിശപ്പടക്കാന്‍ ആഹാരം മോഷ്ടിച്ചതിന്റെ പേരില്‍ ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കും വിധം അടിച്ചു കൊന്നത് നാം കണ്ടതാണ്.
ജാതി വിവേചനങ്ങളിലൊന്നും ഔദ്യോഗിക പദവികള്‍ പോലും പരിഗണനീയമല്ല എന്നതിന് തെളിവാണ് കീഴ് ജാതിക്കാരന്‍ വിരമിച്ച ഓഫീസുകളില്‍ പോലും ചാണകം തളിച്ച് ശുദ്ധികലശം വരുത്തുന്നത്. ക്ഷേത്രത്തിന് ജാതി മതില്‍ കെട്ടാന്‍ ശ്രമിച്ചതും ശബരിമല കോടതി വിധി അനുസരിക്കാതിരിക്കാന്‍ സവര്‍ണ സ്ത്രീകളെ രംഗത്തിറക്കിയതുമൊക്കെ നാം കണ്ടതാണല്ലോ. എന്തിനധികം ശബരിമലയില്‍ കോടതിയുത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്ക് പോലും ജാതിയധിക്ഷേപം കേള്‍ക്കേണ്ടി വന്ന നാടാണല്ലോ നമ്മുടേത്.

രാഷ്ട്രീയ-കലാ-സാഹിത്യ-സിനിമാ-മാധ്യമ മേഖലകളിലൊക്കെയും ഈ വിവേചനം അഭംഗുരം തുടരുന്നുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നതാധികാര സമിതികളിലോ കലാ സാഹിത്യ മേഖലകളിലോ നമുക്ക് പിന്നാക്കക്കാരെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമാണ്. മാധ്യമ ലോകവും സിനിമാ ലോകവുമൊക്കെ സവര്‍ണര്‍ അടക്കി വാഴുന്നു. അംബേദ്കര്‍ എന്ന പേരിലുള്ള ഒരു സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത നാടാണല്ലോ നമ്മുടെ കേരളം.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികച്ച സ്ഥാപനങ്ങളായ ഐ ഐ ടികളിലും കേന്ദ്ര സര്‍വകലാശാലകളിലും അധികാരികളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും ഭാഗത്ത് നിന്നുണ്ടാകുന്ന ജാതി അപമാനങ്ങള്‍ സഹിക്കാനാകാതെ പഠനം നിര്‍ത്തുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന കുട്ടികളുടെ കണക്കു കണ്ട് നാം നടുങ്ങാറുണ്ട്. തമിഴ്‌നാട്ടില്‍ ജാതിയുടെ പേരില്‍ ക്ഷേത്രത്തിലെ അന്നദാന ചടങ്ങില്‍ നിന്ന് ഇറക്കിവിട്ട യുവതിയെ അവരുടെ വീട്ടിലെത്തി സമാശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കാണിച്ച മര്യാദയുടെ നാലയലത്ത് പോലുമെത്താന്‍ നമുക്കാകുന്നില്ലല്ലോ.

ഇപ്പോള്‍ കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന സംവരണ ചര്‍ച്ചകളും പുതിയ സാമ്പത്തിക സംവരണ നിയമങ്ങളുമൊക്കെ അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും ഉച്ചനീചത്വങ്ങള്‍ക്ക് കാരണമാകുന്നതുമാണ്. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണം പാലിക്കേണ്ടത് എങ്ങനെയെന്ന് നിര്‍ദേശിക്കുന്ന നിയമമാണ് 23-12-1958ന് പ്രാബല്യത്തില്‍ വന്ന കേരള സ്റ്റേറ്റ് ആന്‍ഡ് സബോഡിനേറ്റ് സര്‍വീസസ് റൂള്‍സ് രണ്ടാം ഭാഗം 14 മുതല്‍ 17 വരെയുള്ള ചട്ടങ്ങള്‍. സംവരണ സമുദായങ്ങള്‍ക്ക് നിയമനം കിട്ടാന്‍ മെറിറ്റ് ക്ലെയിമും സംവരണ ക്ലെയിമും ഉണ്ടെന്നും മെറിറ്റില്‍ സെലക്ഷന്‍ ലഭിക്കാത്തവരെ മാത്രമേ സംവരണത്തില്‍ സെലക്ട് ചെയ്യേണ്ടതുള്ളൂ എന്നും ഈ നിയമത്തില്‍ പറയുന്നു. പക്ഷേ പി എസ് സിയുടെ സെലക്ഷനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സംവരണ സമുദായങ്ങളില്‍ ആര്‍ക്കെങ്കിലും മെറിറ്റില്‍ സെലക്ഷന്‍ കിട്ടിയാലും അവരെ സംവരണ സെലക്ഷനില്‍ പെടുത്തും. അത് കാരണം സംവരണ സമുദായങ്ങള്‍ക്ക് സീറ്റ് നഷ്ടപ്പെടുന്നു. ഈ ആഴ്ച പ്രസിദ്ധീകരിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് റാങ്ക് ലിസ്റ്റിലും ഇപ്പോള്‍ ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇങ്ങനെ ഏതൊക്കെ രീതിയില്‍ പിന്നാക്ക വിഭാഗങ്ങളെ പാര്‍ശ്വവത്കരിക്കാന്‍ കഴിയുമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് സവര്‍ണ മേലാളന്മാര്‍.

നവോത്ഥാനത്തിന്റെ തുടര്‍ച്ചയുണ്ടാകണമെങ്കില്‍ ദളിത് സമൂഹവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും ജാഗ്രതയോടെ നിലകൊണ്ടേ മതിയാകൂ. ജാതീയത തീര്‍ത്ത സവര്‍ണ പൊതുബോധത്തിന്റെ തണലിലാണ് കേരളമിപ്പോഴുമുള്ളത്. ഒരേ സമയം നവോത്ഥാന വക്താക്കള്‍ എന്ന മേനി നടിക്കുകയും സവര്‍ണാധിപത്യത്തിന്റെ പൊതു ബോധ നിര്‍മിതി മനസ്സില്‍ പേറുകയും ചെയ്യുന്ന ഈ കാപട്യം ഇനിയും എത്ര നാള്‍ തുടരാനാകും?
കേരള നവോത്ഥാനവും യുക്തിചിന്തയും എന്ന പുസ്തകത്തിലെ സഹോദരന്‍ അയ്യപ്പന്റെ ഈ വരികള്‍ ഇന്നും ഏറെ പ്രസക്തമാണ്- “തീണ്ടലും തൊടീലും ഇനി അരനിമിഷം നമ്മുടെ നാട്ടില്‍ നിന്നുകൂടാ. അത് ഭ്രാന്താചാരമാണ്. മനുഷ്യനെ ദ്രോഹിക്കയും ദൈവത്തെ നിന്ദിക്കയും ചെയ്യുന്ന പൈശാചികാചാരമാണ്. അതിന്റെ ചവിട്ടടിയില്‍ പെട്ട് അവകാശവും അഭിമാനവും മറന്ന് നാം ഇത്രനാളും കഴിച്ചുകൂട്ടി. ഇനി അത് പാടില്ല. നോക്കുക, നമ്മുടെ നാട്ടില്‍ നമ്മുടെ നിലയെന്ത്? എല്ലാ രാജ്യക്കാര്‍ക്കും ജന്മഭൂമി സ്വര്‍ഗത്തിലും വലുത്. നമുക്കോ അത് നരകത്തിലും കഠിനം. നമുക്ക് പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പെരുവഴിയില്‍ നടന്നുകൂടാ. മിഠായി വില്‍ക്കാന്‍ വരുന്ന തുളുനാടന്‍ പോറ്റിയും, തുണിക്കെട്ടും പേറിവരുന്ന പാണ്ടിപ്പട്ടരും കൂടി നമ്മുടെ നാട്ടില്‍ നമ്മള്‍ വെട്ടിയുണ്ടാക്കിയ റോഡില്‍ വെച്ച് നമ്മളോട് വഴിമാറാന്‍ ഒച്ചയാട്ടുന്നു. കൊന്തയും തൊപ്പിയും ഇടുമ്പോള്‍ നമുക്ക് കിട്ടുന്ന സ്വാതന്ത്ര്യം, മുടിയും ഭസ്മക്കുറിയും ഉള്ളപ്പോള്‍ നമുക്ക് അനുഭവിച്ചുകൂടാ’.

Latest