Connect with us

ഫെഡറൽ

തമിഴ്‌നാട്ടിൽ മോദിയോ സ്റ്റാലിനോ?

തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വം ഡി എം കെക്കാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് നായകൻ.

Published

|

Last Updated

തമിഴ്‌നാട്ടിൽ 39, പോണ്ടിച്ചേരിയിൽ ഒന്ന് ആകെ 40 സീറ്റുകളിലേക്കാണ് തമിഴ് മക്കൾ വിധി കുറിക്കാനിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകൾ ഉള്ള സംസ്ഥാനം. 2019 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നിലം തൊടീച്ചിട്ടില്ല തമിഴ്‌നാട്. ഇക്കുറി കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. നരേന്ദ്രമോദിയെ തന്നെ സംസ്ഥാന ഘടകം കളത്തിലിറക്കിയിട്ടുണ്ട്. കച്ചത്തീവ് വിവാദം മോദി പൊടിതട്ടിയെടുത്തത് തന്നെ തമിഴരെ കയ്യിലെടുക്കാനുള്ള കച്ചിത്തുരുമ്പ് എന്ന നിലക്കാണ്. അതുപക്ഷേ ബൂമറാംഗായി തിരിച്ചടിക്കുമെന്നാണ് കാര്യബോധമുള്ളവർ പറയുന്നത്.

മൂന്ന് മുന്നണികൾ
തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വം ഡി എം കെക്കാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് നായകൻ. 40 ൽ 21 ഇടത്ത് ഡി എം കെ, കോൺഗ്രസ്സിന് 10, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്‌ലിം ലീഗ്, എം ഡി എം കെ, കെ ഡി എം കെ കക്ഷികൾക്ക് ഓരോ സീറ്റുകൾ. ഇങ്ങനെയാണ് സീറ്റ് വിഭജനം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നിലെങ്കിലും കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ പിന്തുണയുമുണ്ട് ഇന്ത്യ മുന്നണിക്ക്.

എൻ ഡി എയിൽ ബി ജെ പിയെ കൂടാതെ പ്രധാനമായും മൂന്ന് പാർട്ടികളാണുള്ളത്. അമ്പുമണി രാംദാസിന്റെ പട്ടാളി മക്കൾ കക്ഷി (പി എം കെ), ജി കെ വാസന്റെ തമിഴ് മാനില കോൺഗ്രസ്സ് (ടി എം സി), ടി വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ എം എം കെ), പിന്നെ ഏതാനും ചെറുകിട പാർട്ടികളും. ബി ജെ പി 20 സീറ്റിലും പി എം കെ പത്ത്, ടി എം സി മൂന്ന്, എ എം എം കെ രണ്ട് എന്നിങ്ങനെയാണ് എൻ ഡി എയിലെ സീറ്റ് വിഭജനം. നാല് ചെറുകിട പാർട്ടികൾക്ക് നൽകിയ സീറ്റുകളിലും സ്ഥാനാർഥികൾ താമര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. രാമനാഥപുരം മണ്ഡലത്തിൽ എൻ ഡി എ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഒ പനീർസെൽവവും രംഗത്തുണ്ട്. എടപ്പാടി പളനി സ്വാമി നേതൃത്വം നൽകുന്ന എ ഐ എ ഡി എം കെ മുന്നണിയിൽ ദേശീയ മുർപോക്ക് ദ്രാവിഡ കഴകം, പുതിയ തമിഴകം, എസ് ഡി പി ഐ എന്നീ പാർട്ടികളാണുള്ളത്.

32 സീറ്റിലും എ ഐ എ ഡി എം കെ തനിച്ചാണ് മത്സരിക്കുന്നത്. അന്തരിച്ച നടൻ രജനീകാന്ത് രൂപവത്കരിച്ച ഡി എം ഡി കെക്ക് അഞ്ച് സീറ്റും മറ്റു രണ്ട് കക്ഷികൾക്ക് ഓരോ സീറ്റുമാണ് അനുവദിച്ചത്. മത്സര രംഗത്തുള്ള മറ്റൊരു പാർട്ടി നടൻ സീമാന്റെ നാം തമിഴർ കക്ഷിയാണ്. എല്ലാ സീറ്റുകളിലും പാർട്ടി ഒറ്റക്ക് മത്സരിക്കുന്നു.

ബി ജെ പിയുടെ സെൽഫ്ഗോളുകൾ
ബി ജെ പിയെ അസ്പൃശ്യമാക്കുന്ന ഒന്നിലേറെ ഘടകങ്ങൾ തമിഴ് രാഷ്ട്രീയത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. ബ്രാഹ്മണ്യത്തിനെതിരായ വലിയ സാംസ്‌കാരിക, രാഷ്ട്രീയ മുന്നേറ്റങ്ങൾ നടന്ന മണ്ണാണ് തമിഴകം. ആർ എസ് എസ് അടിസ്ഥാനപരമായി എന്താണ് എന്ന ചോദ്യം ചെന്നത്തുന്നത് അതിന്റെ ബ്രാഹ്മണിക്കൽ മേൽക്കോയ്മയിലാണ്. അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിക്കും അങ്ങനെയേ കഴിയൂ എന്ന തിരിച്ചറിവ് തമിഴ് ജനതക്കുണ്ട്. ദ്രവീഡിയൻ സംസ്‌കാരത്തിന്റെ മുഖ്യശത്രു ബ്രാഹ്മണ്യവും അതിന്റെ ഉപോത്പന്നമായ ജാതിമേധാവിത്വവുമാണ് എന്ന് തമിഴർക്കറിയാം. അതുകൊണ്ടുതന്നെ അത്രയെളുപ്പം ബി ജെപിയുടെ മുമ്പിൽ നട്ടെല്ല് വളക്കില്ല തമിഴ്‌നാട്.

ബി ജെ പിക്കും ഇതേകുറിച്ച് നല്ല ധാരണയുണ്ട്. അതുകൊണ്ടാണ് പുതിയ പാർലിമെന്റ് മന്ദിരത്തിലെ ‘ചെങ്കോൽ’ ദേശീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയത്. നെഹ്‌റു ഉപേക്ഷിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ചെങ്കോൽ മോദി കണ്ടെടുത്ത് പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നു എന്ന മട്ടിലാണ് അത് അവതരിപ്പിക്കപ്പെട്ടത്.

പിന്നെയാണ് അവർ കച്ചത്തീവിൽ പിടിക്കുന്നത്. നെഹ്‌റു കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുകൊടുത്തില്ലായിരുന്നുവെങ്കിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ അവിടെ ശ്രീലങ്കയിൽ അറസ്റ്റിലാകില്ലായിരുന്നു എന്ന് സ്ഥാപിക്കാനാണ് പ്രധാനമന്ത്രി തന്നെ കച്ചത്തീവിൽ കൈവെച്ചത്. തമിഴ് സമൂഹത്തോട് അത്രയ്ക്ക് സ്‌നേഹം മോദി സർക്കാരിനുണ്ടെങ്കിൽ എന്തുകൊണ്ട് സി ഐ എയുടെ പരിധിയിൽ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് ഹിന്ദുക്കളെ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യവും ബി ജെ പിയെ തിരിഞ്ഞുകൊത്തുന്നുണ്ട്.

സ്റ്റാലിന്‍ എന്ന ജനപ്രിയന്‍
സംസ്ഥാന മുഖ്യമന്ത്രിമാരുടെ പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള സർവേകളിൽ ഒന്നിലേറെ തവണ ജനപ്രിയ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എം കെ സ്റ്റാലിൻ. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിക്കൊണ്ടുള്ള നിരവധി പദ്ധതികളാണ് സ്റ്റാലിൻ സർക്കാർ ആവിഷ്‌കരിച്ചത്.
സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്തുന്നതിന് ആദ്യ ബജറ്റിൽ 36,000 കോടി രൂപ നീക്കിവെക്കുക മാത്രമല്ല, സർക്കാർ സ്‌കൂളുകളിൽ പഠിച്ച കുട്ടികൾക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ 7.5 ശതമാനം സംവരണം ഏർപ്പെടുത്തുകയും ചെയ്തു സംസ്ഥാന സർക്കാർ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുന്നതിൽ സ്റ്റാലിൻ തെല്ലും ഭയപ്പെടുന്നില്ല. തമിഴ്‌നാടിന്റെ എല്ലാ മുക്കുമൂലകളിലും വികസനം എത്തിക്കാൻ കുറഞ്ഞ കാലം കൊണ്ട് അദ്ദേഹത്തിന്റെ സർക്കാരിന് സാധിച്ചു. സ്റ്റാലിന്റെ ഭരണമികവും ജനപ്രീതിയും തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാന പ്രതീക്ഷ.

ശോഷിച്ച്എ ഐ എ ഡി എം കെ
എം ജി ആറിന്റെ പാർട്ടിയുടെ പ്രതാപകാലം ജയലളിതയോടെ അവസാനിച്ചു. ജയലളിതയുടെ കാലത്ത് പാർട്ടിയിൽ ഒരുമിച്ചുണ്ടായിരുന്നവർ ഇപ്പോൾ വേർപിരിഞ്ഞിരിക്കുന്നു. പനീർസെൽവം പാർട്ടിയിൽ നിന്നകന്ന് സ്വതന്ത്രന്റെ റോളിൽ. ജയലളിതയുടെ വലംകൈ വി കെ ശശികലയുടെ ശബ്ദം കേൾക്കുന്നേയില്ല. ടി വി ദിനകരൻ മറ്റൊരു പാർട്ടിയുമായി ബി ജെ പി സഖ്യത്തിൽ. എ എ ഐ എ ഡി എം കെ ഫലത്തിൽ എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മാത്രമാണിപ്പോൾ. അവർക്ക് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ഈ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ എന്നെന്നേക്കുമായി ആ പാർട്ടി ഇല്ലാതായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തോറ്റാൽ പളനി സ്വാമിയുടെ നേതൃത്വം ഉറപ്പായും പരുങ്ങലിലാകും.സീമാന്റെ പാർട്ടി നാം തമിഴർ കക്ഷിക്ക് ഈ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് വേണ്ടി ചെലവാക്കിയ തുക തിരിച്ചുകിട്ടില്ല എന്നതൊഴിച്ചാൽ ഒരു നഷ്ടവും സംഭവിക്കാനില്ല.

അതേസമയം ബി ജെ പിക്കൊപ്പമുള്ള പട്ടാളി മക്കൾ കക്ഷിയുടെ സ്വാധീനം ഡി എം കെ പോലും ചെറുതായി കാണുന്നില്ല. വർഗീയതയെ എക്കാലവും അകറ്റി നിർത്തിയ തമിഴ് വോട്ടർമാർ മാറി ചിന്തിക്കുമോ, മോദിയുടെ പ്രചാരങ്ങൾ ഏശുമോ എന്നത് തന്നെയാണ് ഇക്കുറി തമിഴ്‌നാടിനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന പ്രധാന കാര്യം. പ്രധാനമന്ത്രിയുടെ റോഡ്‌ഷോ പോലും വിലക്കിക്കൊണ്ട് സ്റ്റാലിൻ പുറത്തെടുത്ത ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിന് ഭാവിയുണ്ടോ എന്നുകൂടി തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്.

 

Latest