Connect with us

articles

എസ് ബി ഐക്കുമേല്‍ മോദി സര്‍ക്കാറിന്റെ സമ്മര്‍ദമോ?

രാഷ്ട്രീയ അഴിമതികള്‍ക്ക് നിയമസാധുത നല്‍കാനാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്. 2017ല്‍ ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായിട്ടാണ് അക്കാലത്തെ ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്്‌ലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കാനായി ഇലക്ടറല്‍ ബോണ്ട് വ്യവസ്ഥ നിര്‍ദേശമായി കൊണ്ടുവന്നത്. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പാര്‍ലിമെന്ററി നടപടിക്രമങ്ങളുടെ അട്ടിമറിയുമായിരുന്നു.

Published

|

Last Updated

ഇലക്ടറല്‍ ബോണ്ടിനായി വ്യക്തികളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ വാങ്ങിയ ബോണ്ടിന്റെ പൂര്‍ണവിവരങ്ങള്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് മോദി സര്‍ക്കാറിനേറ്റ ശക്തമായ പ്രഹരമായിരുന്നു. ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവരാതിരിക്കാനുള്ള സമ്മര്‍ദതന്ത്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിധി വന്നതിന് ശേഷം എസ് ബി ഐക്ക് മേല്‍ പ്രയോഗിച്ചുകൊണ്ടിരുന്നത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ വിവരകൈമാറ്റത്തിന് ജൂണ്‍ 30 വരെ സമയമാവശ്യപ്പെട്ടുകൊണ്ട് എസ് ബി ഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇലക്ടറല്‍ ബോണ്ടുവഴി തങ്ങള്‍ക്ക് ലഭിച്ച ഫണ്ടിന്റെ അധാര്‍മികമായ പണസ്രോതസ്സുകളെ മൂടിവെക്കാനാണ് ബി ജെ പി സര്‍ക്കാര്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത്. ഇത് നേരത്തേ തന്നെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. രാഷ്ട്രീയ അഴിമതികള്‍ക്ക് നിയമസാധുത നല്‍കാനാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്. 2017ല്‍ ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായിട്ടാണ് അക്കാലത്തെ ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കാനായി ഇലക്ടറല്‍ ബോണ്ട് വ്യവസ്ഥ നിര്‍ദേശമായി കൊണ്ടുവന്നത്.

ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പാര്‍ലിമെന്ററി നടപടിക്രമങ്ങളുടെ അട്ടിമറിയുമായിരുന്നു. പാര്‍ലിമെന്റില്‍ ജനാധിപത്യപരമായി ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഇലക്ടറല്‍ ബോണ്ട് ഒരു ബില്ലായി കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന് പിന്നിലെ നിക്ഷിപ്തതാത്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. കോര്‍പറേറ്റുകളും രാഷ്ട്രീയപാര്‍ട്ടികളും തമ്മിലുള്ള രഹസ്യ പണമിടപാടിനുള്ള ഒരു സംവിധാനമെന്ന നിലയിലാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്. അത് കോര്‍പറേറ്റുകള്‍ക്ക് ആവശ്യമായ നിയമനിര്‍മാണത്തിനും ഭരണനടപടികള്‍ക്കുമുള്ള കൈക്കൂലിയുടെ നഗ്‌നമായ നിയമവത്കരണമായിരുന്നു.

അഴിമതിക്ക് നിയമസാധുത നല്‍കുകയെന്നതാണ് ഇലക്ടറല്‍ ബോണ്ട് വഴി മോദി സര്‍ക്കാര്‍ ഉദ്ദേശിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് വിധിച്ചത്. ഭരണഘടനയുടെ 19 (1) എ അനുച്ഛേദം അനുശാസിക്കുന്ന അറിയാനുള്ള അവകാശങ്ങളുടെ നിഷേധമാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യുന്നവരെക്കുറിച്ച് അറിയാനുള്ള പൗരന്മാരുടെ അവകാശം റദ്ദ് ചെയ്യുന്നതാണ് ഇലക്ടറല്‍ ബോണ്ട് എന്നാണ് കോടതി നിരീക്ഷിച്ചത്. ഒട്ടും സുതാര്യമല്ലാത്ത ഒരു സംവിധാനം വഴി കോര്‍പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കറുത്തതും വെളുത്തതുമായ സഹസ്രകോടികള്‍ ഭരണവര്‍ഗ പാര്‍ടികളുടെ അക്കൗണ്ടുകളിലേക്കെത്തിക്കുന്ന ഈ പരിപാടി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്.

ഇലക്ടറല്‍ ബോണ്ടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബി ജെ പിയും അതുകഴിഞ്ഞാല്‍ കോണ്‍ഗ്രസ്സുമാണ്. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഇലക്ടറല്‍ ബോണ്ട് റദ്ദ് ചെയ്തുകൊണ്ട് നടത്തിയ വിധി പ്രസ്താവനയില്‍ മാര്‍ച്ച് 13ന് മുമ്പായി മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് ഇലക്ഷന്‍ കമ്മീഷന്‍ പരസ്യപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചത്.

അതിനായിട്ടാണ് ഇലക്ടറല്‍ ബോണ്ട് വിതരണത്തിന്റെ ഏക ചുമതലക്കാരായ എസ് ബി ഐയോട് മാര്‍ച്ച് ആറിന് മുമ്പ് ലഭിച്ച ബോണ്ടിന്റെ മുഴുവന്‍ വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും കോടതി അറിയിച്ചത്. ഇപ്പോള്‍ കോടതി ഉത്തരവിനെ മറികടക്കാനായി എസ് ബി ഐയില്‍ സമ്മര്‍ദം ചെലുത്തി അവരെക്കൊണ്ട് ജൂണ്‍ 30 വരെ സമയം ആവശ്യപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതായത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവരാതിരിക്കാനുള്ള കൗശലപൂര്‍വമായ നീക്കമാണ് മോദി സര്‍ക്കാര്‍ എസ് ബി ഐ വഴി നടത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ സുപ്രീം കോടതി ഫെബ്രുവരി 15ന്റെ വിധിയുടെ സ്പിരിറ്റില്‍ നിന്ന് ശക്തമായ നിലപാട് എസ് ബി ഐക്കെതിരെ സ്വീകരിക്കുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. സമയം നീട്ടിത്തരാനായി എസ് ബി ഐ നിരവധി സാങ്കേതിക ന്യായങ്ങളാണ് അവരുടെ ഹരജിയിലൂടെ ഉന്നയിച്ചിരിക്കുന്നത്. 2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെ വ്യക്തികളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ വാങ്ങിയ ബോണ്ടിന്റെ മുഴുവന്‍ വിശദാംശവും തിരഞ്ഞെടുപ്പ് കമ്മീഷന് എസ് ബി ഐ സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടത്.

അതായത് ആരാണ് ബോണ്ട് നല്‍കിയത്? ഏത് തീയതിക്കാണ്? എത്ര തുകയാണ്? തുടങ്ങി മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നാണ് കോടതി നിഷ്‌കര്‍ഷിച്ചത്. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അവരുടെ ഹരജിയില്‍ കോടതി ആവശ്യപ്പെട്ട കാലാവധിക്കുള്ളില്‍ കാല്‍ ലക്ഷത്തോളം വരുന്ന ഇലക്ടറല്‍ ബോണ്ടുകളുടെ വിവരം കുറഞ്ഞ സമയത്തിനകം ശേഖരിച്ച് നല്‍കാനുള്ള ബുദ്ധിമുട്ടുകളാണ് വിശദീകരിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ എസ് ബി ഐ ഇന്ത്യ സമയം നീട്ടിക്കിട്ടാനുള്ള തൊടുന്യായങ്ങളാണ് ഹരജിയിലൂടെ ഉന്നയിച്ചിട്ടുള്ളത്. പ്രായോഗികമായി വിവരങ്ങള്‍ ശേഖരിക്കാന്‍ അത്രയൊന്നും ബുദ്ധിമുട്ടുകള്‍ ഇല്ലെന്നതാണ് വാസ്തവം. ഇലക്ടറല്‍ ബോണ്ടുകള്‍ എസ് ബി ഐ വിതരണം ചെയ്യുന്നത് 29 ബ്രാഞ്ചുകള്‍ വഴിയാണ്. ബേങ്കിലെ നടപടിക്രമങ്ങളനുസരിച്ച് ഒരാള്‍ ബോണ്ട് വാങ്ങുമ്പോള്‍ അയാളുടെ കെ വൈ സി വിവരങ്ങള്‍ ഉള്‍പ്പെടെ ബേങ്ക് രേഖപ്പെടുത്തിയിരിക്കും. ഇന്ന് ഇതെല്ലാം ഡിജിറ്റല്‍ വിവരങ്ങളായി സൂക്ഷിക്കാനുള്ള സംവിധാനം എസ് ബി ഐ ഉള്‍പ്പെടെയുള്ള ബേങ്കുകള്‍ക്കുണ്ട്. എന്നുവെച്ചാല്‍ ബോണ്ട് സംബന്ധമായ ഏത് വിവരവും തത്സമയം തന്നെ പുറത്തുവിടാനുള്ള സാങ്കേതിക സംവിധാനം എസ് ബി ഐക്ക് നിലവിലുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.

കാര്യങ്ങളിങ്ങനെയൊക്കെ ആയിരിക്കെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ തങ്ങള്‍ക്ക് പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന എസ് ബി ഐയുടെ വാദം കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദത്തിന് വഴങ്ങിയുള്ള സമയമാവശ്യപ്പെടല്‍ മാത്രമാണ്. ഇതിന്റെ അര്‍ഥം കാര്യവിവരമുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ; ബി ജെ പിയുടെ ഇംഗിതമനുസരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിവരങ്ങള്‍ പുറത്തുവരാന്‍ പാടില്ല എന്നത് മാത്രമാണ്.
എസ് ബി ഐ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. പരമോന്നത കോടതിയുടെ വിധിയെപോലും മറികടക്കുന്ന, അതിനായി എസ് ബി ഐ പോലുള്ള സംവിധാനത്തെ ഉപയോഗിക്കുന്ന അങ്ങേയറ്റം ഭരണഘടനാ വിരുദ്ധമായ നീക്കമാണിത്.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് തങ്ങള്‍ക്ക് ലഭിച്ച ബോണ്ടുകളുടെ സോഴ്സുകള്‍ കൂടി വെളിപ്പെടുമെന്നതുകൊണ്ട് ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന്റെ നീക്കങ്ങളില്‍ നിഷ്‌ക്രിയമായ നിലപാടാണ് സ്വീകരിക്കുന്നത്. 2017 മുതല്‍ 2023 വരെ ബി ജെ പി ഇലക്ടറല്‍ ബോണ്ട് വഴി 6,156 കോടി രൂപയാണ് സമാഹരിച്ചത്. ഇതേ കാലയളവില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി 1,123 കോടി രൂപയും സമാഹരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ തങ്ങളുടെ മൂലധനകൊള്ളക്കാവശ്യമായ രീതിയില്‍ വിലക്കെടുക്കുന്ന അഴിമതി സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട് എന്നത് തിരിച്ചറിഞ്ഞുകൊണ്ട് പണക്കൊഴുപ്പിലും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഉന്മാദത്തിലും ജനാധിപത്യ സംവിധാനങ്ങള്‍ക്കും ന്യൂനപക്ഷ ദളിത് പിന്നാക്ക സ്ത്രീ സമൂഹങ്ങള്‍ക്കും നേരെ ഉന്മൂലന ഭീഷണി ഉയര്‍ത്തുന്ന ബി ജെ പിക്കെതിരെ ഒന്നിച്ചുനിന്ന് പോരാടാന്‍ കഴിയണം.