mm mani against kk rema
കെ കെ രമക്കെതിരെ നടത്തിയ 'വിധി' പരാമര്‍ശം പിന്‍വലിച്ച് എം എം മണി
കമ്മ്യൂണിസ്റ്റായ ഞാന്‍ 'വിധി' എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് എം എം മണി
തിരുവനന്തപുരം | നിമസഭയില്‍ കെ കെ രമക്കെതിരെ പറഞ്ഞ ‘വിധി’യെന്ന പരാമര്‍ശം സഭയില്‍ തിരുത്തി എം എം മണി. താന്‍ സഭയില്‍ ഉന്നയിച്ച വിധി എന്ന പരാമര്‍ശം കമ്മ്യൂണിസ്റ്റുകാരനായ താന്‍ പറയാന്‍ പാടില്ലായിരുന്നു. ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ അപ്പോള്‍ തന്നെ ശ്രമിച്ചതാണ്. ആരേയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു. ഈ വിഷത്തില്‍ ചെയര്‍ എടുത്ത റൂളിംഗ് അംഗീകരിക്കുന്നു. ചെയറിന്റെ റൂളിംഗ് അനുസരിച്ച് താന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും എം എം മണി പറഞ്ഞു.
മാണിയുടെ പരാമര്‍ശത്തില്‍ തെറ്റായ സന്ദേശമുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞിരുന്നു. പുരോഗമന മൂല്ല്യബോധവുമായി ചേര്‍ന്ന് പോകുന്നതല്ല. വാക്കിലും പ്രവൃത്തിയിലും സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ചാണ് എം എം മണി വിവാദ പരാമര്‍ശം പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്ത് മണിക്ക് തെറ്റുപറ്റിയെന്ന് നിരീക്ഷിച്ചിരുന്നു. വിഷയത്തില്‍ തിരുത്തല്‍ വരുത്താനും മണിക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് മണി നിലപാട് തിരുത്തിയത്.
ഈ മാസം 16ന് ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെയായിരുന്നു മണിയുടെ വിവാദ പ്രസംഗം. ഒരു മഹതി മുഖ്യമന്ത്രിക്കും ഇടതുപക്ഷ സര്‍ക്കാറിനുമെതിരെ സഭയില്‍ സംസാരിച്ചു. ആ മഹതി ഒരു വിധവയായിപ്പോയി. അത് അവരുടെതായ വിധി- ഇതായിരുന്നു മണിയുടെ പരാമര്‍ശം.





