Connect with us

Kerala

മന്ത്രി ശശീന്ദ്രനെ പദവിയില്‍ നിന്ന് മാറ്റിയേക്കും; മുഖ്യമന്ത്രിയെ കണ്ട് പി സി ചാക്കോ

മന്ത്രിയെ മാറ്റുന്നത് എന്‍ സി പിയുടെ ആഭ്യന്തര കാര്യമാണെന്ന് മുഖ്യമന്ത്രി. മന്ത്രി സ്ഥാനത്തു നിന്ന് മാറില്ലെന്ന് ശശീന്ദ്രന്‍. പദവിയില്‍ നിന്ന് മാറ്റിയാല്‍ എം എല്‍ എ സ്ഥാനവും ഒഴിയും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ പദവിയില്‍ നിന്ന് മാറ്റിയേക്കും. എന്‍ സി പി അധ്യക്ഷന്‍ പി സി ചാക്കോ ഇന്ന് മുഖ്യമന്ത്രിയെ കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. മന്ത്രിയെ മാറ്റുന്നത് എന്‍ സി പിയുടെ ആഭ്യന്തര കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, മന്ത്രി സ്ഥാനത്തു നിന്ന് മാറില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. പദവിയില്‍ നിന്ന് മാറ്റിയാല്‍ എം എല്‍ എ സ്ഥാനവും ഒഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന വാര്‍ത്തകള്‍ എ കെ ശശീന്ദ്രന്‍ നേരത്തെയും തള്ളിയിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന എന്‍ സി പി യോഗത്തില്‍ മന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ദേശീയ-സംസ്ഥാന പാര്‍ട്ടി നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി നിലപാട് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

മന്ത്രിമാറ്റ വാര്‍ത്തകള്‍ തള്ളി പി സി ചാക്കോയും രംഗത്തെത്തിയിരുന്നു. തോമസ് കെ തോമസിന് മന്ത്രി സ്ഥാനം കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല അത്. മന്ത്രിയെ മാറ്റാന്‍ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും ചാക്കോ അറിയിച്ചിരുന്നു.