Connect with us

First Gear

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മിനി: പ്രത്യേക ഇന്ത്യന്‍ പതിപ്പ് 2027 ജനുവരിയില്‍

2025ല്‍ 730 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 2026 കലണ്ടര്‍ വര്‍ഷത്തില്‍ 1,500 യൂണിറ്റുകളുടെ വില്‍പ്പന നേടാനാകുമെന്നാണ് മിനി ഇന്ത്യ കണക്കുകൂട്ടുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മിനി ഇന്ത്യ, ചരിത്രത്തിലാദ്യമായി പ്രത്യേക ഇന്ത്യന്‍ പ്രമേയം ഉള്‍ക്കൊള്ളുന്ന വാഹനം 2027 ജനുവരിയില്‍ വിപണിയിലെത്തിക്കുന്നു. മിനി ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യ തദ്ദേശീയ സഹകരണത്തോടെയുള്ള പ്രത്യേക പതിപ്പായിരിക്കും ഇത്.

മിനി ഇന്ത്യ തങ്ങളുടെ കൂപ്പര്‍, കണ്‍വേര്‍ട്ടിബിള്‍, എസ് ഇ മോഡലുകളില്‍ പോള്‍ സ്മിത്ത് എഡിഷന്‍ റേഞ്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 51.75 ലക്ഷം മുതല്‍ 61.50 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്‌സ് ഷോറൂം വില. ഈ കലണ്ടര്‍ വര്‍ഷത്തില്‍ മിനി ഇന്ത്യ പുറത്തിറക്കുന്ന എട്ടാമത്തെ സ്‌പെഷ്യല്‍ എഡിഷനാണിത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ കസ്റ്റമൈസേഷന്‍ ആഗ്രഹിക്കുന്നുണ്ടെന്നതാണ് തങ്ങളുടെ പ്രധാന പാഠമെന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ അവതരിപ്പിച്ച സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളെല്ലാം ഇതിനകം പൂര്‍ണ്ണമായും വിറ്റഴിഞ്ഞു കഴിഞ്ഞു.

ഈ കലണ്ടര്‍ വര്‍ഷത്തില്‍ 70 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025ല്‍ 730 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 2026 കലണ്ടര്‍ വര്‍ഷത്തില്‍ 1,500 യൂണിറ്റുകളുടെ വില്‍പ്പന നേടാനാകുമെന്നാണ് മിനി ഇന്ത്യ കണക്കുകൂട്ടുന്നത്. വിവിധ ബോഡി സ്‌റ്റൈലുകളിലും പവര്‍ട്രെയിനുകളിലുമായി പുറത്തിറക്കിയ സ്‌പെഷ്യല്‍ എഡിഷനുകളാണ് കമ്പനിയുടെ ഈ മികച്ച മുന്നേറ്റത്തിന് കരുത്തുപകര്‍ന്നത്.

കൂപ്പര്‍ എസ് ഇ മോഡലിലൂടെ രണ്ട് ഡോറുകളുള്ള ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് മിനി വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. നിലവില്‍ മിനി കൂപ്പര്‍ നിരയില്‍ ഹാര്‍ഡ്ടോപ്പ്, കണ്‍വേര്‍ട്ടിബിള്‍ രൂപങ്ങളില്‍ ഐ സി ഇ, ഇ വി ഓപ്ഷനുകള്‍ ലഭ്യമാണ്. എസ് ഇ, കണ്‍ട്രിമാന്‍ എന്നിവയുള്‍പ്പെടുന്ന ഇലക്ട്രിക് ശ്രേണി ശക്തമായതിനാലും, ഉയര്‍ന്ന വില വരാന്‍ സാധ്യതയുള്ളതിനാലും പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ കണ്‍ട്രിമാന്‍ മോഡല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമ്പോള്‍, ബാക്കി മോഡലുകള്‍ സി ബി യു വഴിയാണ് രാജ്യത്തേക്ക് എത്തിക്കുന്നത്.

Content Highlights: Mini India will launch its first-ever Indian-themed special edition car with local collaboration in January 2027. The brand also introduced the Paul Smith Edition range across Cooper, Convertible, and SE models priced between Rs 51.75 lakh and Rs 61.50 lakh. Targeting 70 percent growth, Mini aims to sell 1,500 units in 2026.

 

Latest