Connect with us

First Gear

കിയ കാർണിവലിന്‌ ചെക്കുമായി എംജി എം9 ഇവി; ബുക്കിംഗ് ആരംഭിച്ചു

51,000 രൂപ ടോക്കൺ തുക നൽകി എംജി സെലക്ട് വെബ്‌സൈറ്റിൽ ഉപഭോക്താക്കൾക്ക് എംജി എം9 ബുക്ക് ചെയ്യാം.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ വിപണിയിൽ പുതിയ മൾട്ടി പർപ്പസ്‌ വെഹിക്കിളു(എംപിവി)മായി ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ എംജി. എം9 എംപിവി ഇവിയാണ്‌ ജെഎസ്ഡബ്ല്യു എംജി പുതുതായി വിപണിയിൽ എത്തിക്കുന്നത്‌. വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. 51,000 രൂപ ടോക്കൺ തുക നൽകി എംജി സെലക്ട് വെബ്‌സൈറ്റിൽ ഉപഭോക്താക്കൾക്ക് എംജി എം9 ബുക്ക് ചെയ്യാം. ആഡംബര എംപിവിയുടെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എംജി എം9 ബാറ്ററിയും പവറും

മുൻ ആക്‌സിലിലെ ഒരൊറ്റ മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 90 കിലോവാട്ട്സ് ബാറ്ററി പായ്ക്കിലാണ്‌ എംജി എം9 പ്രവർത്തിക്കുക. എഫ്‌ഡബ്ല്യുഡി ഡ്രൈവ്‌ട്രെയിൻ 245 എച്ച്പിയും 350 എൻഎമ്മും പരമാവധി പവറും ടോർക്ക് ഔട്ട്‌പുട്ടും നൽകും. കൂടാതെ, ഒറ്റ ചാർജിൽ 430 കിലോമീറ്ററാണ്‌ റേഞ്ച്‌ അവകാശപ്പെടുന്നത്‌. വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയരുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.

സ്‌റ്റൈലൻ എം9

2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ എംജി എം9 പ്രദർശിപ്പിച്ചിരുന്നു. 5,200 എംഎം നീളവും 2,000 എംഎം വീതിയും 1,840 എംഎം ഉയരവുമാണ്‌ വണ്ടിയുടെ ആകെ വലിപ്പം. വീൽബേസ് 3,200 എംഎം ആണ്. ഇത് മൂന്ന് നിരകളിലും വിശാലമായ ലെഗ് റൂം ഉറപ്പാക്കുന്നു.

അകം ആഡംബരം

എംജി എം9 ഇന്‍റീരിയർ ആഡംബരങ്ങളാൽ സമ്പുഷ്‌ടമാണ്‌.സ്ഥലവും സവിശേഷതകളും നിറഞ്ഞ ഈ കാർ സുരക്ഷയ്ക്കും സുഖസൗകര്യങ്ങൾക്കും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് എംജി അവകാശപ്പെടുന്നു. പ്രസിഡൻഷ്യൽ ലിമോസിൻ സീറ്റുകൾ, ഫോൾഡ്-ഔട്ട് ഓട്ടോമൻ സീറ്റുകൾ, പിൻ വിനോദ സ്‌ക്രീനുകൾ എന്നിവ ഉണ്ട്. കൂടാതെ, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ലെവൽ 2 എഡിഎഎസും ഇതിലുണ്ട്.എംജി എം9 ന്‍റെ പനോരമിക് സൺറൂഫും ഫ്ലോട്ടിംഗ് സെന്‍റർ പാനലുകളും പ്രീമിയം അനുഭവം കൂടുതൽ ഉയർത്തുന്നു.

പ്രതീക്ഷിക്കുന്ന വില

ആഡംബര ഇലക്ട്രിക് എസ്‌യുവിയുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ 65 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വില പരിധിയിൽ വരാനാണ് സാധ്യത.

Latest