Connect with us

First Gear

വിപണി കീഴടക്കാന്‍ എംജി ആസ്റ്റര്‍ എത്തുന്നു

പുതിയ എംജി എസ്യുവി സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും

Published

|

Last Updated

ന്യൂഡല്‍ഹി| ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് പുതിയ മോഡല്‍ കാര്‍ അവതരിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. ആസ്റ്റര്‍ എന്ന എസ്യുവി മോഡലുമായാണ് എംജി മോട്ടോര്‍സ് എത്തുന്നത്. സെഡ് എസ് ഇലക്ട്രിക്കിന്റെ പെട്രോള്‍ വേരിയന്റാണിത്. പുതിയ എംജി എസ്യുവി സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ആദ്യം വില്‍പ്പനയ്ക്ക് സജ്ജമാകും.

കാറിന് 1.5 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 118 ബിഎച്ച്പി കരുത്തില്‍ 150 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. മറുവശത്ത് ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 161 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കും വികസിപ്പിക്കാന്‍ കഴിയുന്നതാണ്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ വാഹനത്തിനുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെഡ് എസ് ഇലക്ട്രിക്കിന്റെ പെട്രോള്‍ ആവര്‍ത്തനമായ എംജി ആസ്റ്ററില്‍ ലെവല്‍ 2 ഓട്ടോണമസ് ടെക്‌നോളജി, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, 360 ഡിഗ്രി കാഴ്ചയും 6 റഡാറുകളും നല്‍കുന്ന 5 കാമറകള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ഇഎസ്പി, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ഡ്രൈവ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം ലൈറ്റിംഗ് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളെല്ലാം എസ്യുവിയില്‍ ഒരുക്കിയിട്ടുണ്ട്.

മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ഡാഷ്ബോര്‍ഡിലും സെന്‍ട്രല്‍ ടണലിലും ലെതര്‍ ഫിനിഷിങ്, എസി വെന്റുകള്‍ക്കും ഡാഷ്ബോര്‍ഡിനും ചുറ്റുമുള്ള സില്‍വര്‍ ഫിനിഷിങ്, 65 ഇഞ്ച് വലിയ പനോരമിക് സണ്‍റൂഫ് എന്നിവയെല്ലാം എംജിആസ്റ്റര്‍ എസ്യുവിയുടെ പ്രത്യേകതകളാണ്. റെഡ്, വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഓറഞ്ച് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ആസ്റ്റര്‍ തെരഞ്ഞെടുക്കാം. കാറിന് ഏകദേശം 11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.

 

Latest