Connect with us

kmj protest march

പിന്തുടരേണ്ട സമരരീതി

നിലവിലെ അക്രമ സമരരീതിയെ തിരുത്തുന്നത് എങ്ങനെയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കാണിച്ചുതന്നു. ആ സമരം ഇതുവരെ നടന്ന മറ്റുള്ളവരുടെ എല്ലാ അക്രമ സമര മുറകളെയും റദ്ദ് ചെയ്യുന്നതായിരുന്നു.

Published

|

Last Updated

കേരളം ജനകീയ സമരങ്ങളുടെ വിളനിലമാണ്. പോരാട്ടങ്ങളിലൂടെയാണ് അത് വളര്‍ന്നത്. രാഷ്ട്രീയ, സാമൂഹിക ജാഗരണത്തിന്റെ വലിയ മുന്നേറ്റങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഉരുവംകൊണ്ടു. പഴശ്ശി വിപ്ലവങ്ങള്‍, മലബാര്‍ ലഹള, നിവര്‍ത്തന പ്രക്ഷോഭം, വൈക്കം സത്യഗ്രഹം, കയ്യൂര്‍ സമരം, പുന്നപ്ര വയലാര്‍ സമരം തുടങ്ങി വിമോചന സമരം വരെ ചെറുതും വലുതുമായി ചരിത്രത്തിലിടം നേടിയ നിരവധി പ്രക്ഷോഭങ്ങള്‍ കാണാനാകും. സൈലന്റ് വാലി, മാവൂര്‍, എന്‍ഡോസള്‍ഫാന്‍, ചെങ്ങറ, പ്ലാച്ചിമട തുടങ്ങിയ ചെറുത്തുനില്‍പ്പ് സമരങ്ങള്‍ സമീപ കാലത്തിന്റേതുമാണ്. അസാധാരണ നേട്ടങ്ങളുടെയും നാണംകെടുത്തിയ സംഭവങ്ങളുടെയുമൊക്കെ കൂടിച്ചേരലായി ഈ സമരങ്ങളെ കാണാനാകും.

എന്നാല്‍, തൊട്ടതിനും പിടിച്ചതിനും ജനജീവിതം നിശ്ചലമാക്കിക്കൊണ്ടിരിക്കുന്ന ദുരാചാരമായി ഇന്ന് സമരങ്ങള്‍ മാറുന്നുവെന്ന് മറച്ചുവെക്കാനാവില്ല. കല്ലേറ്, ലാത്തിച്ചാര്‍ജ്, ടിയര്‍ ഗ്യാസ്, ജലപീരങ്കി തുടങ്ങിയവയില്‍ അവസാനിക്കുന്നതാണ് ഇന്ന് നാം കണ്ടുവരുന്ന മിക്ക സമരങ്ങളും. രാഷ്ട്രീയമോ മതപരമോ സാമൂഹികമോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള സമരങ്ങളൊക്കെ ചെന്നെത്തുന്നത് പലപ്പോഴും ഈ പര്യവസാനത്തിലാണ്.

സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശം ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയമാണ്. എന്നാല്‍ പൊതുശല്യമാകുന്നതോ പൊതു, സ്വകാര്യ ജീവിതത്തിനു ഭീഷണിയാകുന്നതോ ആയ പ്രതിഷേധങ്ങള്‍ നിയമവിരുദ്ധവും വികസനവിരുദ്ധവുമായി മാറുകയാണ്. കേരളത്തിലേക്ക് എത്തേണ്ട വ്യവസായങ്ങളും നിക്ഷേപങ്ങളും ടൂറിസ്റ്റുകളും ഇവിടെയെത്താതെ പോകുന്നതില്‍ ഇപ്പോള്‍ നടക്കുന്ന സമരമുറകള്‍ക്ക് നല്ല പങ്കുണ്ട്. വ്യവസായികള്‍ക്ക് കടന്നുവരാന്‍ പേടിതോന്നുന്ന മണ്ണായി കേരളം മാറുന്നത് കാണാതെ പോകരുത്. പല പ്രതിഷേധങ്ങളിലും പ്രവര്‍ത്തകരുടെ അമിതാവേശത്തെയും നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെയും സംഘാടകര്‍ക്കും നേതൃത്വത്തിനും തള്ളിപ്പറയേണ്ടി വരുന്നതും മാപ്പ് പറയേണ്ടി വരുന്നതും നാം കാണുന്നതാണ്. നിയമനിര്‍മാണ സഭയില്‍ വരെ ഇത്തരം നിറഞ്ഞാട്ടങ്ങള്‍ നടക്കുന്നു. അനീതിക്കെതിരെ സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ അത് മറ്റൊരാളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതാകരുത്. സംഘടനയെന്നാല്‍ സമരം, സമരമെന്നാല്‍ അക്രമം എന്ന സമവാക്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കേരളം വഴികണ്ടെത്തണം.

നിലവിലെ അക്രമ സമരരീതിയെ തിരുത്തുന്നത് എങ്ങനെയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കാണിച്ചുതന്നു. ആ സമരം ഇതുവരെ നടന്ന മറ്റുള്ളവരുടെ എല്ലാ അക്രമ സമര മുറകളെയും റദ്ദ് ചെയ്യുന്നതായിരുന്നു. കേരളീയ സമൂഹത്തിന് ഒരു പുതിയ അനുഭവമായിരുന്നു സംസ്ഥാനത്തിന്റെ പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പതിനായിരങ്ങള്‍ പങ്കെടുത്ത ആ പ്രതിഷേധ മാര്‍ച്ചുകള്‍. നീതിബോധത്തെ വെല്ലുവിളിച്ചുള്ള ഒരു നിയമനത്തിനെതിരായ രോഷപ്രകടനം മാത്രമാണ് അവയില്‍ ജ്വലിച്ചു നിന്നത്. കേരളത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്, മുന്നോട്ടു പോക്കിന് ദിശാബോധം നല്‍കുന്നതായിരുന്നു തികഞ്ഞ അച്ചടക്കത്തോടെ നടന്ന ഈ പ്രതിഷേധം. അത് വിജയിക്കുകയും ചെയ്തു.

നമ്മുടെ രാഷ്ട്രീയ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഇനിയും മാറിയ ലോകത്തെക്കുറിച്ച് ബോധ്യമുണ്ടാകേണ്ടതുണ്ട്. ലോകം മാറുകയാണ്, അതിനോടൊത്ത് നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റി, മാറുന്ന ലോകത്തിനു വേണ്ടി തയ്യാറെടുത്താലേ പുതിയ തലമുറക്ക് ഈ നൂറ്റാണ്ടില്‍ ഭാവിയുള്ളൂ. ലോകം എങ്ങോട്ടാണ് പോകുന്നതെന്ന് ശ്രദ്ധിക്കുക. സുസ്ഥിര സാമ്പത്തിക സാമൂഹിക വികസനമാണ് ലോകം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതിന് സമാധാനം, സ്ഥിരത, സഹകരണം എന്നീ തത്വങ്ങള്‍ക്ക് കീഴില്‍ ഐക്യപ്പെടാന്‍ സമൂഹം തയ്യാറാകേണ്ടതുണ്ട്. അതിന് പറ്റിയ നിലമൊരുക്കുകയും വിഘാതമാകുന്ന സമരരീതികളെ ഒഴിവാക്കപ്പെടുകയും വേണം. അര്‍ഥവത്തായ സമരങ്ങളുടെ മൂര്‍ച്ച കൂട്ടേണ്ടതുമുണ്ട്. അതുപക്ഷേ പൊതുമുതല്‍ നശിപ്പിച്ചും നഷ്ടങ്ങള്‍ വരുത്തിയുമാകരുത്.

Latest