Connect with us

lionel messi

അൽ സുല്‍ത്താന്‍ മെസ്സി

21ാം നൂറ്റാണ്ടില്‍ കാലുകള്‍ കൊണ്ട് മാന്ത്രികത കാഴ്ചവെച്ച ഇതിഹാസം.

Published

|

Last Updated

റെക്കോര്‍ഡുകളുടെ ഷെല്‍ഫില്‍ വിശ്വകിരീടവും എത്തിച്ച് സമകാലീന ലോകഫുട്‌ബോളിലെ സുല്‍ത്താനായിരിക്കുകയാണ് ലയണല്‍ മെസ്സി. ഇതുവരെ കിരീടമില്ലാത്ത രാജകുമാരനായിരുന്നെങ്കില്‍, അറബ് ലോകത്തേക്ക് ആദ്യമായെത്തിയ ലോകകപ്പില്‍ ഖത്വറിലെ ലുസൈലിൽ മെസ്സി രാജാവായി. 21ാം നൂറ്റാണ്ടില്‍ കാലുകള്‍ കൊണ്ട് മാന്ത്രികത കാഴ്ചവെച്ച ഇതിഹാസം. ഫുട്‌ബോളേതിഹാസങ്ങളുടെ നിരയിലേക്ക് ആരോഹണം ചെയ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. 86ൽ മറഡോണ പശ്ചിമ ജർമനിയെയാണ് കീഴടക്കിയതെങ്കിൽ 2022ൽ ഫ്രാൻസിനെയാണ് മെസ്സി മുട്ടുകുത്തിച്ചത്.

ക്ലബ് ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി ഭേദിക്കുമ്പോഴും ഡീഗോ മറഡോണയുടെ പിന്‍ഗാമിയെന്ന് വാഴ്ത്തുമ്പോഴും സ്വന്തം രാജ്യത്തിനായി കനപ്പെട്ട കിരീടം നേടിക്കൊടുക്കാനാകാത്തതില്‍ മെസ്സിയും ആ കളിയെ സ്‌നേഹിക്കുന്നവരും ഏറെ ഖിന്നരായിരുന്നു. ഏറെക്കാലം ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ (2008) മാത്രമായിരുന്നു സ്വന്തം രാജ്യത്തിന് എന്ത് നേടിക്കൊടുത്തു എന്നതിനുള്ള മെസ്സിക്ക് നല്‍കാനാകുമായിരുന്ന ഏക ഉത്തരം. സ്വന്തം നാടിനടുത്ത് ബ്രസീല്‍ ആതിഥേയത്വം വഹിച്ച 2014ലെ ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ജര്‍മനിയോട് പരാജയമായിരുന്നു ഫലം.

കഴിഞ്ഞ വര്‍ഷം ചിരവൈരികളായ ബ്രസീലിനെ പരാജയപ്പെടുത്തി കോപ കിരീടത്തില്‍ മുത്തമിട്ടതോടെ ലോകകപ്പ് കിരീടം മെസ്സിയും സംഘവും നേടുമെന്ന പ്രതീതിയുണ്ടായി. കോപയായിരുന്നു മെസ്സി അര്‍ജന്റീനക്ക് നേടിക്കൊടുത്ത വമ്പന്‍ കിരീടം. ഖത്വറില്‍ ആദ്യ മത്സരത്തില്‍ സഊദിയോട് പരാജയപ്പെട്ടതോടെ സാധ്യതകളുടെ മേല്‍ കരിനിഴല്‍ പടര്‍ന്നെങ്കിലും പിന്നീടങ്ങോട്ട് മെസ്സിയുടെയും സംഘത്തിന്റെയും തേരോട്ടമായിരുന്നു. എല്ലാ മത്സരത്തിലും ആധികാരിക ജയം നേടി ഒടുവില്‍ കരുത്തരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി വിശ്വകിരീടത്തില്‍ മുത്തമിടാനും സാധിച്ചു.

മൂന്നര പതിറ്റാണ്ടിലേറെ നീണ്ട അര്‍ജന്റീനയുടെയും ലാറ്റിനമേരിക്കന്‍ കളിയഴക് പ്രേമികളുടെയും കാത്തിരിപ്പിനാണ് അറേബ്യന്‍ മണ്ണില്‍ വിരാമമായിരിക്കുന്നത്. ദിവംഗതനായ ഇതിഹാസ താരം ഡീഗോ മറഡോണയുടെ പിന്‍ഗാമിയെന്ന നിലയിലുള്ള രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള കിരീട പോരായ്മ ഇതോടെ മെസ്സി പരിഹരിച്ചു. നാല് വര്‍ഷം മുമ്പ് റഷ്യയില്‍ ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് ഏറ്റ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായിരുന്നു ദോഹയില്‍ അര്‍ജന്റീന നടത്തിയത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ലോകകപ്പ് ലാറ്റിനമേരിക്കയിലെത്തുന്നത്. 2002ല്‍ ബ്രസീലാണ് അവസാനമായി കിരീടം നേടിയ ലാറ്റിനമേരിക്കന്‍ ടീം. 2006 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ് കിരീടത്തില്‍ മുത്തമിട്ടത്. 1986ല്‍ പശ്ചിമ ജര്‍മനിയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ഇതിന് മുമ്പ് ലോകകപ്പ് നേടിയത്.

 

Latest