Kerala
മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തിലേക്കില്ല; സൗഹൃദ മത്സരങ്ങളുടെ ഫിക്‌സ്ചറായി
ഒക്ടോബറില്‍ അര്‍ജന്റീന ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. നവംബറില്‍ ആഫ്രിക്കയിലും ഖത്വറിലുമാണ് അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍.

കൊച്ചി | ഇതിഹാസ താരം ലയണല്‍ മെസിയും അര്‍ജന്റീന ദേശീയ ടീമും ഈ വര്‍ഷം കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയ സാഹചര്യത്തിലാണിത്. ഒക്ടോബറില്‍ അര്‍ജന്റീന ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഇതില്‍ ഒരു മത്സരത്തില്‍ ചൈനയാണ് എതിരാളികള്‍.
നവംബറില്‍ ആഫ്രിക്കയിലും ഖത്വറിലുമാണ് അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍. ആഫ്രിക്കയില്‍ അംഗോളയെയും ഖത്വറില്‍ അമേരിക്കയെയുമാണ് നേരിടുക. ഈ വര്‍ഷം സെപ്തംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്.
ഒക്ടോബറില്‍ മെസ്സി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞിരുന്നത്. 2011ലാണ് ഇതിനു മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു.