Connect with us

mc josephine

എം സി ജോസഫൈന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Published

|

Last Updated

കണ്ണൂർ | സി പി എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസൈഫന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എം സി ജോസഫൈന്റെ ഭൗതിക ശരീരം ഇന്ന് അഞ്ച്  മണിവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി അങ്കമാലിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രണ്ട് മണിയോടെ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.

2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി പ്രവര്‍ത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

വിദ്യാർഥി–യുവജന–മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ൽ സി പി എം അംഗത്വം. 1984ൽ സി പി  എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സി ഐ ടി യു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്‌.

മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി 1948 ആഗസ്റ്റ് മൂന്നിന്‌  ജനനം. വൈപ്പിൻ മുരിക്കുംപാടം സെന്റ്‌ മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. സി ഐ ടി യു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി എ മത്തായിയാണ്‌ ഭർത്താവ്‌. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ്‌ വ്യാസ്‌, കണ്ണകി വ്യാസ്‌.

---- facebook comment plugin here -----

Latest