From the print
വിദ്യാർഥി കുടിയേറ്റത്തിൽ വൻ കുതിപ്പ്
കൂടുതലും പെൺകുട്ടികൾ • യു കെയും കാനഡയും പ്രിയപ്പെട്ട രാജ്യങ്ങൾ
കണ്ണൂർ | പഠിക്കാനും തൊഴിലെടുക്കാനുമായി വിദേശത്ത് പോകുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ അമ്പരപ്പിക്കുന്ന വർധനയെന്ന് പഠനം. രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രമുള്ള കേരളം, രാജ്യത്തെ ആകെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ നാല് ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത് വളരെ ഉയർന്ന നിരക്കാണെന്നും ഗൗരവമായി കാണണമെന്നും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപോർട്ടിൽ പറയുന്നു.
നാട്ടിലെ പരിമിതമായ തൊഴിലവസരങ്ങൾ, കുറഞ്ഞ ശമ്പളം, പാർട്ട്ടൈം ജോലികളുടെ കുറവ്, മോശം അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ജീവിത നിലവാരം, യുവജനങ്ങൾക്ക് പങ്കാളിത്തമില്ലാത്ത രാഷ്ട്രീയ സംസ്‌കാരം എന്നിവയെല്ലാം വിദ്യാർഥികളെ നാട് വിടാൻ പ്രേരിപ്പിക്കുന്നുവെന്നാണ് പ്രധാന കണ്ടെത്തൽ.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിദേശത്തേക്ക് പോയവരും അടുത്ത ഒരു വർഷത്തിനുള്ളിൽ പോകാൻ തയ്യാറെടുക്കുന്നവരുമായ വിദ്യാർഥികൾക്കിടയിലാണ് പഠനം നടത്തിയത്. ഇതിൽ 74 ശതമാനവും പെൺകുട്ടികളാണ്. ഉപരിപഠനവും തൊഴിലുമായി വിദ്യാർഥി കുടിയേറ്റം മലയാളികൾക്കിടയിൽ പുതിയ പ്രവണതയല്ലെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാർഥി കുടിയേറ്റത്തിൽ വമ്പൻ കുതിപ്പാണെന്നാണ് കണ്ടെത്തൽ. കുടിയേറ്റത്തിന് പിന്നിൽ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ വിവിധ കാരണങ്ങളുണ്ടെന്നും പഠനത്തിൽ പറയുന്നു.
വിദേശത്തേക്ക് പോകാനുള്ള തീരുമാനം മാതാപിതാക്കൾ അടിച്ചേൽപ്പിക്കുന്നതല്ല, മറിച്ച് ഭൂരിഭാഗം പെൺകുട്ടികളും സ്വന്തം താത്പര്യപ്രകാരം എടുക്കുന്നതാണെന്നാണ് സർവേയിലെ മറ്റൊരു കണ്ടെത്തൽ. വ്യക്തിസ്വാതന്ത്ര്യത്തിന്റെ കുറവാണ് 45 ശതമാനം ആൺകുട്ടികളെയും കടൽ കടക്കാൻ പ്രേരിപ്പിക്കുന്നതെന്നും പഠനം പറയുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രായോഗിക പരിശീലനത്തിന്റെ കുറവും ക്യാമ്പസ് സെലക്്ഷനുകളുടെ അഭാവവും വിദേശത്തേക്ക് ചേക്കേറാൻ 35 ശതമാനത്തോളം വിദ്യാർഥികളെ പ്രേരിപ്പിച്ചു. രാഷ്ട്രീയത്തിലെ അഴിമതിയും വികസനമില്ലായ്മയും കുടിയേറ്റത്തിന് കാരണമാകുന്നുവെന്ന് ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ (39 ശതമാനം പേർ) അഭിപ്രായപ്പെടുന്നു.
മലയാളി വിദ്യാർഥികൾ വിദേശ പഠനത്തിനായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് യു കെ (33 ശതമാനം), കാനഡ (26 ശതമാനം) രാജ്യങ്ങളെയാണ്. വിദേശ പഠനത്തിന് പോകുന്നവരിൽ ഭൂരിഭാഗം പേരും (67 ശതമാനം) ബേങ്ക് വായ്പകളെയാണ് ആശ്രയിക്കുന്നത്. അതോടൊപ്പം വിദ്യാർഥികളുടെ പഠനച്ചെലവുകൾ കണ്ടെത്തുന്നതിൽ കുടുംബത്തിന്റെ സമ്പാദ്യവും (25 ശതമാനം) വലിയ പങ്കുവഹിക്കുന്നു. എന്നാൽ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്‌കോളർഷിപ്പുകൾ ലഭിക്കുന്നത് ആറ് ശതമാനം പേർക്ക് മാത്രമാണെന്നും സർവേ പറയുന്നു. എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് പഠനം പ്രധാനമായും നടന്നത്.



