Connect with us

National

നിർബന്ധിത മതപരിവർത്തനം നടത്തിയുള്ള വിവാഹം അസാധു: അലഹബാദ് ഹൈക്കോടതി

മതപരിവർത്തനത്തിന്റെ ആവശ്യമില്ലാത്ത സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ദമ്പതികൾക്ക് അർഹതയുണ്ടെന്നും കോടതി

Published

|

Last Updated

ലക്‌നൗ | നിർബന്ധിത മതപരിവർത്തനത്തിലൂടെയുള്ള വിവാഹങ്ങൾ അസാധുവായിരിക്കുമെന്നും നിയമത്തിൻ്റെ കണ്ണിൽ അവരെ ദമ്പതികളായി പരിഗണിക്കാനാവില്ലെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചു. മുഹമ്മദ് ബിൻ ഖാസിം എന്നയാളും ജൈനബ് പർവീൺ എന്ന ചന്ദ്രകാന്തയും നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയാണ് വിധി പുറപ്പെടുവിച്ചത്.

സമാധാനപരമായ ദാമ്പത്യ ജീവിതം നയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ബിൻ ഖാസിം എന്ന അക്ബർ കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ മുസ്‌ലിം സമുദായത്തിൽപ്പെട്ടയാളാണെന്നും ചന്ദ്രകാന്ത ഹിന്ദുവാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2025 ഫെബ്രുവരി 22-ന് ചന്ദ്രകാന്ത ഇസ്‌ലാം മതം സ്വീകരിക്കുകയും ഖാൻഖാഹെ ആലിയ ആരിഫിയ എന്ന സ്ഥാപനം ഇതിനുള്ള സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. തുടർന്ന്, 2025 മെയ് 26-ന് ഇരുവരും മുസ്‌ലിം ആചാരപ്രകാരം വിവാഹിതരാവുകയും ഖാസി വിവാഹ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

എന്നാൽ, ഖാൻഖാഹെ ആലിയ ആരിഫിയ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. ജാമിയ ആരിഫിയയുടെ സെക്രട്ടറി സൈയിദ് സരവൻ, തങ്ങളുടെ സ്ഥാപനം ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് മറുപടി നൽകിയതായി അദ്ദേഹം കോടതിയെ അറിയിച്ചു.

ഇരുഭാഗത്തുമുള്ള വാദങ്ങൾ കേട്ട ശേഷമാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വ്യാജ രേഖ ഉപയോഗിച്ചുള്ള മതപരിവർത്തനം ഉത്തർപ്രദേശ് അൺലോഫുൾ കൺവേർഷൻ ആക്ട് പ്രകാരം സാധുവല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഈ വിവാഹം നിയമപരമായി നിലനിൽക്കില്ല. മുസ്‌ലിം നിയമപ്രകാരം ഒരേ മതത്തിൽപ്പെട്ടവർ തമ്മിലുള്ള കരാറാണ് വിവാഹമെന്നും, ചന്ദ്രകാന്തയുടെ മതപരിവർത്തനം നിയമവിരുദ്ധമായതിനാൽ ഇവർക്ക് ദമ്പതികളായി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാൽ, മതപരിവർത്തനത്തിന്റെ ആവശ്യമില്ലാത്ത സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഇവർക്ക് അർഹതയുണ്ടെന്ന് കോടതി നിർദ്ദേശിച്ചു. ഈ നിയമപ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ചന്ദ്രകാന്തയെ പ്രയാഗ്‌രാജിലെ വനിതാ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കാനും കോടതി ഉത്തരവിട്ടു. സ്വന്തം വീട്ടിലേക്ക് പോകാൻ താൽപര്യമില്ലെന്ന് യുവതി അറിയിച്ചതിനാലാണ് ഈ തീരുമാനം.