Connect with us

Kerala

മര്‍കസ് ഖുര്‍ആന്‍ ആത്മീയ സമ്മേളനം വ്യാഴാഴ്ച; 161 ഹാഫിളുകള്‍ സനദ് സ്വീകരിക്കും

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഖുര്‍ആന്‍ പ്രഭാഷണവും മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ് ദാനവുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണീയത.

Published

|

Last Updated

കോഴിക്കോട് |    വിശുദ്ധ ഖുര്‍ആന്‍ പ്രമേയമായി സംഘടിപ്പിക്കപെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ ആത്മീയ സമ്മേളനം വ്യാഴാഴ്ച (ഏപ്രില്‍ 4) മര്‍കസില്‍ നടക്കും. വിശ്വാസികള്‍ ഏറെ പവിത്രമായി കാണുന്ന റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവും ഒന്നിക്കുന്ന സവിശേഷ മുഹൂര്‍ത്തത്തിലെ സമ്മേളനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആയിരങ്ങള്‍ സംബന്ധിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഖുര്‍ആന്‍ പ്രഭാഷണവും മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ് ദാനവുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണീയത.

വ്യാഴം ഉച്ചക്ക് ഒരു മണി മുതല്‍ വെള്ളി പുലര്‍ച്ചെ ഒരു മണി വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും സാദാത്തുക്കളുമാണ് നേതൃത്വം നല്‍കുക. വ്യാഴാഴ്ച ഉച്ചക്ക് ളുഹ്ര്‍ നിസ്‌കാരാനന്തരം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനാനുബന്ധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. മൗലിദ് സയ്യിദുല്‍ വുജൂദ് പ്രകീര്‍ത്തനം തുടര്‍ന്ന് നടക്കും. വൈകുന്നേരം നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സദസ്സില്‍ വിടപറഞ്ഞ മര്‍കസ് സഹകാരികളെയും അധ്യാപരെയും പ്രവര്‍ത്തകരെയും അനുസ്മരിക്കും. ശേഷം മഹ്‌ളറത്തുല്‍ ബദ്രിയ്യ, വിര്‍ദു ലത്വീഫ്, അസ്മാഉല്‍ ഹുസ്ന ആത്മീയ സംഗമങ്ങള്‍ നടക്കും.

സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയവര്‍ക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗ്രാന്‍ഡ് കമ്മ്യൂണിറ്റി ഇഫ്താര്‍ ഒരുക്കും. വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി രാജ്യത്തുടനീളമുള്ള മര്‍കസ് സ്ഥാപനങ്ങളിലും മസ്ജിദുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കഴിഞ്ഞ 23 ദിവസമായി നടന്നുവരുന്ന ഇഫ്താര്‍ സംഗമങ്ങളുടെ സന്ദേശം വിളംബരം ചെയ്ത് വിപുലമായ രൂപത്തിലാണ് കമ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ഇഫ്താറിന് ശേഷം അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ മസ്ജിദുല്‍ ഹാമിലിയില്‍ നടക്കും.

രാത്രി പത്തിന് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹിഫ്‌ള് സനദ് ദാനവും ഖുര്‍ആന്‍ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകളും ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. മര്‍കസ് ഖുര്‍ആന്‍ അക്കാദമിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകള്‍ക്ക് സനദ് നല്‍കും. ഹിഫ്‌ള് വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കളെ ആദരിക്കും. ഖുര്‍ആന്‍ പഠന രംഗത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച വ്യക്തികള്‍ക്ക് ചടങ്ങില്‍ പ്രത്യേക പുരസ്‌കാരവും സമ്മാനിക്കും. ശേഷം ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഖുര്‍ആന്‍ പ്രഭാഷണം നടക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തുരുത്തി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി, അബൂബക്കര്‍ സഖാഫി പന്നൂര്‍, പി മുഹമ്മദ് യൂസുഫ്, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല വിവിധ സെഷനുകളില്‍ സംബന്ധിക്കും. ളിയാഫത്തുല്‍ ഖുര്‍ആന്‍, ഹാഫിള് സംഗമം, ദസ്തര്‍ ബന്ദി തുടങ്ങി വിവിധ ആത്മീയ പ്രാര്‍ഥനാ സദസ്സുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

 

Latest