Connect with us

Articles

ജസ്റ്റിസ് ചന്ദ്രചൂഡ് അടയാളപ്പെടുത്തുന്നത്

ഭരണകൂടത്തിന് നിര്‍ണായകമായ എത്രയോ ഹരജികള്‍ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാസങ്ങളില്‍ നീതിപീഠത്തിന് കേള്‍ക്കേണ്ടി വരും. അപ്പോള്‍ മുന്നേ ഗമിച്ചവരില്‍ പലരും ചെയ്തതുപോലെ ഭരണകൂടവുമായി സോഫ്റ്റ് കോര്‍ണറില്‍ ആശയ വിനിമയത്തിന് ജസ്റ്റിസ് ചന്ദ്രചൂഡ് തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Published

|

Last Updated

സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപ പദവിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിലപാടുകളിലെ വ്യക്തത കൊണ്ടും വഴങ്ങാത്ത പ്രകൃതത്താലും ശ്രദ്ധേയനാണ് ചന്ദ്രചൂഡ് രണ്ടാമന്‍. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ പിതാവ് വൈ വി ചന്ദ്രചൂഡ് സുപ്രീം കോടതിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ്സായിരുന്നുവല്ലോ രാജ്യം ഭരിച്ചിരുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ ശരിവെച്ച പ്രമാദ നിയമ വ്യവഹാരമായിരുന്നു പില്‍ക്കാലത്ത് ഹേബിയസ് കോര്‍പസ് കേസ് എന്നറിയപ്പെട്ട 1976ലെ എ ഡി എം ജബല്‍പൂര്‍ കേസ്. ന്യായാധിപ നിയമനം എക്സിക്യൂട്ടീവിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്ന കാലമായിരുന്നു അത്. ഹേബിയസ് കോര്‍പസ് കേസില്‍ അഞ്ചംഗ സുപ്രീം കോടതി ബഞ്ചിലെ നാല് ന്യായാധിപരും അടിയന്തരാവസ്ഥക്ക് കൈയൊപ്പ് ചാര്‍ത്തിയപ്പോള്‍ ഹന്‍സ് രാജ് ഖന്ന മാത്രം വിയോജന വിധിയെഴുതി നട്ടെല്ല് നിവര്‍ത്തി നിന്നു. ആ ആണത്വ പ്രകടനത്തിന് നല്‍കേണ്ടി വന്ന വില ചീഫ് ജസ്റ്റിസ് പദവി അദ്ദേഹത്തെ കടാക്ഷിച്ചില്ല എന്നതായിരുന്നു. ഭരണകൂടം ആഗ്രഹിച്ച വിധിയെഴുതിയ നാല് ന്യായാധിപരും ഒന്നിനു പിറകെ ചീഫ് ജസ്റ്റിസുമാരായത് ചരിത്രം. എച്ച് ആര്‍ ഖന്ന ഒടുവില്‍ രാജിവെച്ച് പോകുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു ആ നാലിന്റെ ഭൂരിപക്ഷ വിധിക്ക്. അതിലൊരാള്‍ ഇപ്പോഴത്തെ മുഖ്യ ന്യായാധിപന്റെ പിതാവ് വൈ വി ചന്ദ്രചൂഡായിരുന്നു. ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ നാല് ന്യായാധിപര്‍ക്കും വിരമിക്കാനായെങ്കിലും തെറ്റായ വിധിയുടെ പ്രേതം അവരെ എക്കാലത്തും വേട്ടയാടി. അങ്ങനെയിരിക്കെ തന്റെ പിതാവ് ഉള്‍പ്പെടെയുള്ള ന്യായാധിപ പ്രമുഖരെ മനോഹരമായി തിരുത്തുകയായിരുന്നു 2017ല്‍ കെ എസ് പുട്ടസ്വാമി കേസില്‍ മകന്‍ ഡി വൈ ചന്ദ്രചൂഡ്. അന്നദ്ദേഹം ചീഫ് ജസ്റ്റിസായിരുന്നില്ല. സ്വകാര്യത മൗലികാവകാശമാണെന്നും ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം മനുഷ്യവംശത്തില്‍ നിന്ന് പറിച്ചു മാറ്റാനാകാത്തതുമാണെന്നും അദ്ദേഹം ഭൂരിപക്ഷ വിധിയില്‍ അടിവരയിട്ടു. അത്രയെളുപ്പം ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്തയാളെന്ന പ്രതിച്ഛായയുള്ള ജസ്റ്റിസ് ചന്ദ്രചൂഡിന് മുഖ്യ ന്യായാധിപ പദവിയില്‍ താരതമ്യേന ദീര്‍ഘകാലമുണ്ടെന്ന് തന്നെ പറയാം. 2024 നവംബറില്‍ വിരമിക്കേണ്ട അദ്ദേഹം ഇക്കഴിഞ്ഞ പത്തിന് ചീഫ് ജസ്റ്റിസ് പദവിയില്‍ ഒരാണ്ട് പൂര്‍ത്തിയാക്കി.
2023 മെയ് 11ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിപറഞ്ഞ രണ്ട് പ്രധാന നിയമ വ്യവഹാരങ്ങളുണ്ട്. ഡല്‍ഹി സര്‍ക്കാറും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ തള്ളുന്ന വിധിയായിരുന്നു അതിലൊന്ന്. ഭൂമി, പോലീസ്, ക്രമസമാധാനം ഒഴികെ ദേശീയ തലസ്ഥാനത്തെ ഭരണ നിര്‍വഹണത്തില്‍ ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനാണ് അധികാരമെന്ന് അര്‍ഥശങ്കക്കിടമില്ലാത്ത വിധം പരമോന്നത കോടതി വിധി പറഞ്ഞപ്പോള്‍ വലിയ ഇച്ഛാഭംഗം ദൃശ്യമായി ഇന്ദ്രപ്രസ്ഥത്തില്‍. അതിനാല്‍ തന്നെ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി മറികടക്കാന്‍ രാത്രിക്കു രാത്രി ഓര്‍ഡിനന്‍സ് കൊണ്ടുവരികയും ഒപ്പം പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കുകയും ചെയ്തു കേന്ദ്ര സര്‍ക്കാര്‍. അന്നേ ദിവസത്തെ മറ്റൊരു വിധി മഹാരാഷ്ട്രയിലെ ഗവര്‍ണറുടെ ഇടപെടലുകളുമായി ബന്ധപ്പെട്ടതായിരുന്നു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ ശിവസേനയിലെ ഏക്നാഥ് ഷിന്‍ഡെ അനുകൂലികളായ 34 എം എല്‍ എമാരുടെ ആവശ്യപ്രകാരം ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി മുഖ്യമന്ത്രിയോട് വിശ്വാസ വോട്ടെടുപ്പ് തേടിയത് തെറ്റായിരുന്നു എന്നതായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. ഉദ്ദവ് താക്കറെക്ക് സഭയില്‍ ഭൂരിപക്ഷം നഷ്ടമായെന്ന് കരുതാന്‍ വേണ്ട വിവരങ്ങള്‍ ഗവര്‍ണര്‍ക്ക് ഇല്ലായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ താക്കറെ രാജിവെച്ചതിനാല്‍ സര്‍ക്കാറിനെ പുനഃസ്ഥാപിക്കാന്‍ ഉത്തരവിടുന്നില്ലെന്ന് വിധിച്ചു പരമോന്നത നീതിപീഠം. ഹരജി ഉയര്‍ത്തിയ യഥാര്‍ഥ പരിഹാരത്തിലേക്ക് കോടതിയെത്തിയില്ലെന്ന വിമര്‍ശം ഉയര്‍ന്നു വന്നെങ്കിലും ഗവര്‍ണര്‍മാരെ വെച്ച് രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സര്‍ക്കാറിനുള്ള മുന്നറിയിപ്പായിരുന്നു പ്രസ്തുത വിധി എന്നുവേണം മനസ്സിലാക്കാന്‍. ഒരു സംസ്ഥാനത്തെ രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ചും സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ചും എങ്ങനെയാണ് ഗവര്‍ണര്‍ക്ക് പ്രസ്താവന നടത്താനാകുക എന്ന് മഹാരാഷ്ട്രയിലെ തന്നെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് മുമ്പും പ്രതികരിച്ചിരുന്നു.

മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് ഗോത്രവര്‍ഗ സ്ത്രീകള്‍ അങ്ങേയറ്റം മാനഹാനിയുണ്ടാകും വിധം ലൈംഗികാതിക്രമത്തിന് വിധേയരായപ്പോള്‍ സ്വമേധയാ കേസെടുത്തു കൊണ്ട് സുപ്രീം കോടതി അവസരോചിതമായി ഇടപെട്ടു. എന്നാല്‍ ഇടപെടാന്‍ ഇത്ര വൈകേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും അപ്പോഴേക്കും ഉയര്‍ന്നിരുന്നു. മുന്‍ വനിതാ ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

നീതിപീഠം ഭരണകൂട പക്ഷപാതിത്വം പ്രകടിപ്പിക്കുന്നെന്ന ആരോപണമുയരാന്‍ തക്കതായ, കാര്യകാരണ ബന്ധങ്ങളില്ലാത്ത എത്രയോ വിധികള്‍ സമീപ വര്‍ഷങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്. റാഫേല്‍ അഴിമതി, ബാബരി, ആധാര്‍, മുന്നാക്ക സാമ്പത്തിക സംവരണം, നോട്ട് നിരോധനം, സെന്‍ട്രല്‍ വിസ്ത തുടങ്ങിയ വിധികള്‍ അവ്വിധം വിമര്‍ശ ശരങ്ങള്‍ക്ക് വിധേയമായതാണ്. ഭരണഘടനാപരമായി പ്രധാനമായ ഹരജികള്‍ വിചാരണക്കെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുന്‍ഗാമികള്‍ക്ക്. ഭരണഘടനാ പ്രാധാന്യമുള്ള ഹരജികളില്‍ മുഖ്യമായവ പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, ഇലക്ടറല്‍ ബോണ്ട് എന്നിവയായിരുന്നു. അവയില്‍ പൗരത്വ ഭേദഗതി നിയമം ഒഴികെയുള്ളതില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചുകള്‍. വിധികള്‍ എന്തായിരിക്കുമെന്നത് നിര്‍ണായകമാണെങ്കിലും മുന്‍ മുഖ്യ ന്യായാധിപരെ വെച്ച് നോക്കുമ്പോള്‍ ഹരജികള്‍ വിചാരണക്കെടുത്തു എന്നത് തന്നെ സുകൃതമായി കരുതണം.

കേസിന്റെ വിധിയുടെ ഭാഗമായി വരുന്നതല്ലെങ്കില്‍ പോലും പൊതുവെ വിചാരണാ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ വെള്ളം കുടിപ്പിക്കുന്ന ഇടപെടലുകളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ പരമോന്നത കോടതിയില്‍ നിന്നുണ്ടായി കൊണ്ടിരിക്കുന്നത്. നിര്‍ണിത പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്യാനും അലംഭാവത്തെ നന്നായി കുടയാനും നീതിപീഠത്തിന് ഒന്നും തടസ്സമാകുന്നില്ലെന്നത് നല്ലകാര്യമാണ്. അതിന്റെ ചൂടും പുകയുമേറ്റ് അക്ഷരാര്‍ഥത്തില്‍ വിയര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ കൗണ്‍സലുകള്‍ സുപ്രീം കോടതിയില്‍ എന്നു വേണം പറയാന്‍. അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബെര്‍ഗ് റിപോര്‍ട്ട് കോടതി കയറിയപ്പോള്‍ അത് കൂടുതല്‍ അനുഭവേദ്യമായിരുന്നു. ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാടെ തള്ളുകയായിരുന്നു സുപ്രീം കോടതി.

ഭരണഘടനയുടെ മൗലിക ഘടനക്ക് നേരേയുള്ള ഭരണകൂട വിമര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതിന് പകരം കൃത്യമായ മറുപടിയുമായി ചീഫ് ജസ്റ്റിസ് തന്നെ രംഗത്തുവന്നു എന്നത് ശ്രദ്ധേയമാണ്. ഭരണഘടനാ കോടതികളിലെ ന്യായാധിപ നിയമന, സ്ഥലംമാറ്റത്തില്‍ കൊളീജിയം സംവിധാനം അന്യൂനമായ സംവിധാനമല്ലെന്നത് നേര് തന്നെ. ന്യായാധിപരെ ന്യായാധിപര്‍ തന്നെ നിയമിക്കുന്നു എന്നത് കൊളീജിയം സംവിധാനത്തിനെതിരെ ഉയരാറുള്ള കാമ്പുള്ള ആക്ഷേപമാണ്. അതേസമയം ന്യായാധിപ നിയമനത്തിലെ ശുദ്ധികലശമല്ല കൊളീജിയം സംവിധാനത്തിന് നേരേയുള്ള ഭരണകൂട വിമര്‍ശനത്തിന്റെ ലക്ഷ്യം. മറിച്ച് രാജ്യത്തെ ഭരണഘടനാ കോടതികളിലെ ന്യായാധിപ നിയമനം തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരലാണ്. അപ്പോള്‍ പിന്നെ നിലവിലുള്ള കൊളീജിയം സംവിധാനം സംരക്ഷിക്കപ്പെടുക എന്നത് അനിവാര്യമായി മാറുന്നു. ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കറും മുന്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവുമായിരുന്നു ഒരുവേള മൗലിക ഘടനക്കും കൊളീജിയം സംവിധാനത്തിനുമെതിരെ തുടര്‍ വിമര്‍ശനങ്ങളുമായി കളം നിറഞ്ഞത്.

സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയിരിക്കുന്ന ഹരജികളും പൗരത്വ ഭേദഗതി നിയമം, ഹിജാബ് നിരോധനം തുടങ്ങിയ ഭരണഘടനാപരമായി നിര്‍ണായകമായ നിയമ വ്യവഹാരങ്ങളിലെ വിചാരണയുമെല്ലാം മുമ്പിലിരിക്കെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ബാഹ്യസമ്മര്‍ദങ്ങള്‍ക്കപ്പുറം ഭരണഘടനാപരതക്ക് പ്രാമുഖ്യം നല്‍കുമെന്ന് തീര്‍പ്പ് പറയാനാകില്ല. രാജ്യം ഉറ്റുനോക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പാദപതനവും നാം കേട്ടുകൊണ്ടിരിക്കുന്നു. ഭരണകൂടത്തിന് നിര്‍ണായകമായ എത്രയോ ഹരജികള്‍ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാസങ്ങളില്‍ നീതിപീഠത്തിന് കേള്‍ക്കേണ്ടി വരും. അപ്പോള്‍ മുന്നേ ഗമിച്ചവരില്‍ പലരും ചെയ്തതുപോലെ ഭരണകൂടവുമായി സോഫ്റ്റ് കോര്‍ണറില്‍ ആശയ വിനിമയത്തിന് ജസ്റ്റിസ് ചന്ദ്രചൂഡ് തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതെന്തായാലും പരമോന്നത നീതിപീഠത്തിലെ ഗോഗോയിക്കാലത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലുള്ള പരിധിവിട്ട ഒത്തുതീര്‍പ്പുകള്‍ക്ക് ചന്ദ്രചൂഡ് രണ്ടാമന്‍ തയ്യാറാകുമെന്ന് കരുതുക വയ്യാ.