Kozhikode
സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: മർകസ് സ്ഥാപങ്ങളിൽ നാളെ പ്രാർഥന സംഗമം
വിദേശ രാജ്യങ്ങളിൽ മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിലും അലുംനി കൂട്ടായ്മകൾക്ക് കീഴിലും പ്രത്യേക അനുസ്മരണ-പ്രാർഥന സംഗമങ്ങൾ നടത്തണമെന്നും മർകസ് ഭാരവാഹികൾ
കോഴിക്കോട്| സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ് സ്ഥാപനങ്ങളിൽ നാളെ പ്രത്യേക പ്രാർഥന സംഗമങ്ങൾ നടത്തണമെന്ന് മർകസ് സെക്രട്ടറിയേറ്റ് അറിയിച്ചു. 1988 മുതൽ വൈസ് പ്രസിഡന്റായും 2010 മുതൽ പ്രസിഡന്റായും മർകസിന്റെ മുഴുവൻ പദ്ധതികളിലും പരിപാടികളിലും സജീവമായി പ്രവർത്തിച്ചുവന്ന തങ്ങളോടുള്ള ആദരവും അനുശോചനവും പ്രകടിപ്പിച്ചാണ് നാളെ പ്രാർഥന സംഗമങ്ങൾ നടക്കുക.
കാരന്തൂരിലെ പ്രധാന ക്യാമ്പസിലെ സ്ഥാപനങ്ങൾക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകൾ, മതപഠന കേന്ദ്രങ്ങൾ, ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, ഹാദിയ അക്കാദമികൾ, സീക്യൂ പ്രീസ്കൂളുകൾ തുടങ്ങി മുഴുവൻ മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ പ്രാർഥന സംഗമങ്ങൾ നടക്കും.
വിദേശ രാജ്യങ്ങളിൽ മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിലും അലുംനി കൂട്ടായ്മകൾക്ക് കീഴിലും പ്രത്യേക അനുസ്മരണ-പ്രാർഥന സംഗമങ്ങൾ നടത്തണമെന്നും മർകസ് ഭാരവാഹികളായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വിപിഎം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എപി അബ്ദുൽ കരീം ഹാജി ചാലിയം, ബിപി സിദ്ദീഖ് ഹാജി, മജീദ് കക്കാട് എന്നിവർ അറിയിച്ചു.
Content Highlights: Markaz institutions globally will host special prayer meetings tomorrow to commemorate Vice President Sayyid Ali Bafaqi Thangal. A key leader since 1988, Thangal actively guided all major projects. Top leaders including Kanthapuram AP Aboubacker Musliyar requested worldwide alumni participation.




