Connect with us

Kozhikode

മര്‍കസ് പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

സമാപന സമ്മേളന വേദിയില്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡുകള്‍ കൈമാറി

Published

|

Last Updated

കോഴിക്കോട് |  മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് മര്‍കസ് ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സമാപന സമ്മേളന വേദിയില്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡുകള്‍ കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും കോടമ്പുഴ ദാറുല്‍ മആരിഫ് സ്ഥാപകനുമായ കോടമ്പുഴ ബാവ മുസ്ലിയാര്‍ സ്‌കോളര്‍ലി എമിനന്‍സ് പുരസ്‌കാരത്തിനും മരണാനന്തര ബഹുമതിയായി ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം കമ്മ്യൂണിറ്റി കാറ്റലിസ്റ്റ് അവാര്‍ഡിനും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, ഡല്‍ഹി ത്വയ്ബ ഹെറിറ്റേജിന് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ശാഫി നൂറാനി, അഷ്‌റഫ് സഖാഫി പുന്നത്ത് എന്നിവര്‍ യഥാക്രമം ഫെലോഷിപ്പ് അച്ചീവ്‌മെന്റ് അവാര്‍ഡ്, ഇംപാക്റ്റ് ഇന്നൊവേറ്റര്‍ അവാര്‍ഡ്, അപ്പ്രീസിയേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.

വൈജ്ഞാനിക മികവും ആനുകാലിക വിഷയങ്ങളിലെ പണ്ഡിതോചിതമായ ഇടപെലുകളും വിവിധ ഭാഷകളിലായി രചിക്കപ്പെട്ട 140 ഗ്രന്ഥങ്ങളും മറ്റു എഴുത്തുകളും പരിഗണിച്ചാണ് പണ്ഡിത പ്രതിഭാ പുരസ്‌കാരത്തിന് കോടമ്പുഴ ബാവ മുസ്ലിയാരെ ജൂറി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ രചനകള്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും ജാമിഅത്തുല്‍ ഹിന്ദിന്റെയും സിലബസില്‍ ഇടം നേടിയിട്ടുണ്ട്. ഒന്നു മുതല്‍ പത്തു വരെയുള്ള മദ്റസാ പാഠപുസ്തകങ്ങളില്‍ ബാവ മുസ്ലിയാരുടെ പങ്ക് ശ്രദ്ധേയമാണ്. കൂടാതെ 1988 മുതല്‍ 2000 വരെ കേരള ഗവണ്‍മെന്റിന്റെ സ്‌കൂള്‍ അറബി പാഠപുസ്തക രചനാസമിതിയിലും അദ്ദേഹം അംഗമായിട്ടുണ്ട്. സീറത്തു സയ്യിദില്‍ ബശര്‍(സ്വ), അബുല്‍ ബശര്‍, അല്‍ ഖിലാഫത്തു റാശിദ:, ദുറൂസുത്തസ്‌കിയ, അല്‍ ഖിലാഫത്തുല്‍ ഉമവിയ്യ, ഖുലാസത്തുല്‍ ഫിഖ്ഹില്‍ ഇസ്ലാമി, ഹദീസ് അര്‍ഥവും വ്യാഖ്യാനവും, ചിന്താകിരണങ്ങള്‍ തുടങ്ങി ഇസ്ലാമിക കര്‍മ ശാസ്ത്രവും ചരിത്രവും ആത്മീയതയും പ്രമേയമായ കനപ്പെട്ട രചനകള്‍ക്ക് പുറമെ ഇന്‍ഷുറന്‍സ്, ജനിതകശാസ്ത്രം തുടങ്ങിയ സമകാലിക വിഷയങ്ങളിലെ ആധികാരിക മതനിലപാടുകള്‍ വിശദീകരിക്കുന്ന എഴുത്തുകളും ബാവ മുസ്ലിയാരുടേതായുണ്ട്.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസപ്രവര്‍ത്തനത്തിലും സുന്നി ശൃംഖലയുടെ വികാസത്തിനും വിപ്ലവകരമായ അടിത്തറ നല്‍കിയതിനാണ് കമ്യൂണിറ്റി കാറ്റലിസ്റ്റ് അവാര്‍ഡിന് ശാഹുല്‍ ഹമീദ് ബാഖവിയെ പരിഗണിച്ചത്. മരണാനന്തര ബഹുമതി അദ്ദേഹത്തിന്റെ മകന്‍ ഏറ്റുവാങ്ങി. സാമൂഹിക ശാസ്ത്രത്തില്‍ ഫുള്‍ബ്രൈറ്റ് നെഹ്‌റു പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിന് അര്‍ഹനായതിനാണ് ജാമിഅ മര്‍കസ് വൈസ് റെക്ടര്‍ കൂടിയായ ഡോ. മുഹമ്മദ് റോഷന്‍ നൂറാനിക്ക് ഫെലോഷിപ്പ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും ചേരികളിലെയും കുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ‘ഫുഡ് ഓണ്‍ വീല്‍സ്’ പദ്ധതി നടപ്പാക്കുന്നതില്‍ ഡല്‍ഹി തൈബ ഹെറിറ്റേജിനെയും പദ്ധതിക്ക് നേതൃപരമായ പങ്കുവഹിച്ചതില്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാഫി നൂറാനിയെയും ഇംപാക്റ്റ് ഇന്നൊവേറ്റര്‍ അവാര്‍ഡിനായി ജൂറി പരിഗണിച്ചു. പ്രാഥമിക സൗകര്യങ്ങള്‍ ഒട്ടുമില്ലാത്ത, വിദ്യാഭ്യാസം കേട്ടുകേള്‍വി പോലുമല്ലാത്ത ഗ്രാമങ്ങളില്‍ ഭക്ഷണവണ്ടിയുമായി എത്തി ആദ്യഘട്ടത്തില്‍ ഭക്ഷണവും പിന്നീട് വിദ്യാഭ്യാസവും നല്‍കിയ ത്വയ്ബ ഇതിനകം പൊതുസമൂഹത്തിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഫുഡ് ഓണ്‍ വീല്‍സ് നടപ്പിലാക്കിയ ലൈഫ് സ്‌കൂളുകളിലും അഞ്ഞൂറ് ഗ്രാമങ്ങളില്‍ ആരംഭിച്ച മോഡല്‍ സ്‌കൂളുകളിലുമായി നിലവില്‍ 30,000 കുട്ടികള്‍ സൗജന്യവിദ്യാഭ്യാസം നേടുന്നു. നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച ഭക്ഷണവുമാണ് കുട്ടികള്‍ക്ക് ത്വയ്ബ നല്‍കുന്നത്.

മാപ്പിളപ്പാട്ട് പരിശീലനത്തിലും ഗവേഷണത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചവര്‍ക്ക് കേരള ഫോക്ലോര്‍ അക്കാദമി നല്‍കുന്ന യുവപ്രതിഭാ പുരസ്‌കാരം നേടിയയതിനാണ് അശ്റഫ് സഖാഫി പുന്നത്തിനെ അപ്പ്രീസിയേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്. മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫൗണ്ടേഷനിലെ ആര്‍കൈവ്‌സ് കോര്‍ഡിനേറ്ററാണ് അദ്ദേഹം.

വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് മര്‍കസ് പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കിത്തുടങ്ങിയത്. അവാര്‍ഡ് ജേതാക്കളെ മര്‍കസ് സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അനുമോദിച്ചു.

 

Latest