Connect with us

Kerala

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കേസില്‍ ഡിസംബര്‍ എട്ടിനു വിധിപറയാനിരിക്കെയാണ് സംഭവം

Published

|

Last Updated

കൊച്ചി | നടന്‍ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. കേസില്‍ ഡിസംബര്‍ എട്ടിനു വിധിപറയാനിരിക്കെയാണ് സംഭവം.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഇയാളെ പോലീസ് വീട്ടിലേക്ക് പറഞ്ഞു വിട്ടു.

ഡിസംബര്‍ എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ആകെ ഒമ്പത് പേരാണ് കേസില്‍ പ്രതികള്‍. 28 സാക്ഷികള്‍ കേസില്‍ കൂറുമാറി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്.

ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

 

---- facebook comment plugin here -----

Latest