National
മംഗളുരു സുഹാസ് ഷെട്ടി വധം: എട്ടുപേര്‍ അറസ്റ്റില്‍
കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക.

മംഗളുരു|കര്‍ണാടകയിലെ മംഗളുരുവില്‍ ബജ്റംഗദള്‍ നേതാവ് സുഹാസ് ഷെട്ടി കൊലപ്പെട്ട സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എട്ട് പേരെ അറസ്റ്റ് ചെയ്തതെ്ന്നാണ് വിവരം. സഫ്‌വാന്‍ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ല്‍ സഫ്‌വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അന്നത്തെ ആക്രമണത്തില്‍ സഫ്‌വാന്‍ ഗുരുതരാവസ്ഥയിലായിരുന്നു. പ്രശാന്തിനെ സംരക്ഷിത് സുഹാസ് ഷെട്ടിയാണെന്ന പകയാണ് സുഹാസ് ഷെട്ടിയെ ആക്രമിക്കാന്‍ കാരണമായതെന്നാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര മംഗളുരുവിലെത്തി. അദ്ദേഹം ഇന്ന് 11 മണിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. 12 മണിക്ക് ജി പരമേശ്വര വാര്‍ത്താ സമ്മേളനം വിളിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മംഗളുരു കമ്മീഷണറും ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ വാര്‍ത്താ സമ്മേളനത്തില്‍ അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയില്‍ പിക്കപ്പ് വാനില്‍ എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തുകയും സുഹാസിനെ മാരകായുധം കൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുഹാസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹാസ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2022 ജൂലൈയില്‍ സൂറത്കലില്‍ മുഹമ്മദ് ഫാസില്‍ (23) എന്ന യുവാവിനെ തുണിക്കടയില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി.