Connect with us

Kerala

ഗൂഗിള്‍ മാപ് വഴിതെറ്റിച്ചു; കാറില്‍ സഞ്ചരിച്ച സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ ചെങ്കുത്തായ മലഞ്ചരുവില്‍ അകപ്പെട്ടു, രക്ഷകരായി ഫയര്‍ഫോഴ്സ്

വഴിതെറ്റിയെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് വാഹനം തിരിക്കുവാന്‍ മുന്നോട്ടുപോവുകയും തുടര്‍ന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയും ചെയ്തു

Published

|

Last Updated

അടൂര്‍ |  ഗൂഗിള്‍ മാപ് നോക്കി സഞ്ചരിച്ച് കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചരുവില്‍ അകപ്പെട്ടു. കൊടുമണ്‍ ഐക്കാട്, സ്വദേശിയും ബാംഗ്ലൂരില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തുവരുന്ന ഷൈബിയാണ് കരിമാന്‍ കാവ് മറ്റപള്ളി റബ്ബര്‍ എസ്റ്റേറ്റില്‍ അപകടാവസ്ഥയില്‍ അകപ്പെട്ടത്. ലീവ് കഴിഞ്ഞ് നാളെ ബാംഗ്ലൂരിലേക്ക് പോകുവാന്‍ ഇരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോട് കൂടി നൂറനാട് ഭാഗത്തുനിന്ന് ഗൂഗിള്‍ മാപ്പ് നോക്കി കൊശ്ശനാട് ഭാഗത്തേക്ക് ഷൈബി കാര്‍ ഓടിച്ചത്. തുടര്‍ന്ന് വഴിതെറ്റി ആദി കാട്ടുകുളങ്ങരയില്‍ നിന്നും കരിമാന്‍ കാവ് അമ്പലത്തിന് സമീപത്ത് കൂടിമറ്റപള്ളി മലയില്‍ റബ്ബര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലേക്ക് പോവുകയും വഴിതെറ്റിയെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് വാഹനം തിരിക്കുവാന്‍ മുന്നോട്ടുപോവുകയും തുടര്‍ന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയും ചെയ്തു. വാഹനം തിരികെ കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയില്‍ ഇദ്ദേഹം അടൂര്‍ അഗ്നി രക്ഷാ നിലയത്തില്‍ അറിയിക്കുകയായിരുന്നു.

അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍, ബി.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സജാദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീ സാനിഷ്, ശ്രീ ദീപേഷ്, ഹോം ഗാര്‍ഡ് പി എസ് രാജന്‍ എന്നിവര്‍ ഫയര്‍ഫോഴ്സിന്റെ ഓഫ് റോഡ് വാഹനവുമായി സ്ഥലത്തെത്തി വളരെ സാഹസികമായി റോപ്പും ഫയര്‍ഫോഴ്സിന്റെ വാഹനവും ഉപയോഗിച്ച് കാര്‍ റിവേഴ്സില്‍ സുരക്ഷിത സ്ഥലത്ത് എത്തിച്ചു. ഈ സ്ഥലത്ത് മുന്‍പും ഇങ്ങനെ വാഹനങ്ങള്‍ വഴിതെറ്റി വന്നിട്ടുണ്ടെന്നും കാണുന്നവര്‍ വഴിതിരിച്ചു വിടാറുണ്ട് എന്നും മുന്‍പ് ഈ സ്ഥലത്ത് മൂന്നു വാഹനങ്ങള്‍ തലകീഴായി മറിഞ്ഞിട്ടുണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. വിജനമായ സ്ഥലത്ത് കാര്‍ കയറിപ്പോയതിനാല്‍ പിന്നാലെ നാട്ടുകാരും അന്വേഷിച്ചു പോവുകയായിരുന്നു. നാട്ടുകാരില്‍ ചിലരാണ് ലൊക്കേഷന്‍ ഫയര്‍ഫോഴ്സിനെ വ്യക്തമായി അറിയിച്ചത്. ഗൂഗിള്‍ മാപ്പ് വഴി സഞ്ചരിക്കുമ്പോള്‍ വിജനമായ സ്ഥലത്ത് കൂടി ആണ് പോകുന്നതെങ്കില്‍ ഇത് ശരിയായ വഴിയാണോ എന്ന് മറ്റു മാര്‍ഗങ്ങളില്‍ കൂടി അന്വേഷിച്ചു പോകുന്നത് ഇത്തരം അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആകുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.