First Gear
കഴിഞ്ഞ മാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത മഹീന്ദ്ര എക്സ് യു വി 3 എക്സ് ഒ സി എന്‍ ജിക്ക് 5 സ്റ്റാര്‍ ബി എന്‍ സി എ പി റേറ്റിംഗ്
ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സബ് കോംപാക്റ്റ് സി എന്‍ ജി എസ് യു വിയാണിത്
ന്യൂഡല്‍ഹി | കഴിഞ്ഞ മാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത മഹീന്ദ്ര എക്സ് യു വി 3 എക്സ് ഒ സി എന്‍ ജിക്ക് 5 സ്റ്റാര്‍ ബി എന്‍ സി എ പി സുരക്ഷാ റേറ്റിംഗ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സബ് കോംപാക്റ്റ് സി എന്‍ ജി എസ് യു വിയാണിത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 32ല്‍ 29.36 പോയിന്റും, കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റുമാണ് വാഹനം നേടിയത്. സാധാരണ എക്സ് യു വി 3 എക്സ് ഒ മോഡലിന് 2024 നവംബറില്‍ തന്നെ 5 സ്റ്റാര്‍ ബി എന്‍ സി എ പി റേറ്റിംഗ് ലഭിച്ചിരുന്നു.
ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഐ എസ് ഒ എഫ് ഐ എക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകളുള്പ്പെടെ 35 സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്കിയിരിക്കുന്നു. ഗ്യാസ് ചോര്‍ച്ച കണ്ടെത്തിയാല്‍ വാഹനം സ്വയം പെട്രോള്‍ മോഡിലേക്ക് മാറുന്ന സംവിധാനം ഉള്‍പ്പെടെ, സി എന്‍ ജിക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.
മഹീന്ദ്രയുടെ ആദ്യത്തെ സി എന്‍ ജി എസ് യു വിയാണിത്. 110 ബ്രേക് ഹോയിസ് പവറും 200 ന്യൂട്ടണ്‍ മീറ്ററും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. സിക്സ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനില് മാത്രമേ ലഭ്യമാകൂ. ഒരു കിലോ സി എന്‍ ജിയില്‍ 24.70 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന്റെ അടിഭാഗത്തായി രണ്ട് സിലിണ്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ബൂട്ട് സ്പേസില്‍ തടസ്സങ്ങളില്ലാത്ത നിരപ്പായ ഉപയോഗയോഗ്യമായ സ്ഥലവും ലഭിക്കുന്നു.
മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം വാഹന വികസനത്തിന്റെ ഓരോ ഘട്ടത്തിലും സുരക്ഷ എന്നത് അടിസ്ഥാനമാണെന്നും സ്ഥലസൗകര്യം, സാങ്കേതികവിദ്യ, പ്രകടനം, ഡ്രൈവിംഗ് അനുഭവം എന്നിവയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ എല്ലാ തലങ്ങളിലും മികച്ച അനുഭവം നല്കുന്ന രീതിയിലാണ് എക്സ് യു വി 3 എക്സ് ഒ സി എന്‍ ജി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റ് ഡോ.വേലുസാമി ആര് പറഞ്ഞു. യാത്രക്കാര്‍ക്ക് ഉയര്‍ന്ന സുരക്ഷയും മനസ്സമാധാനവും നല്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും ലഭിച്ച 5 സ്റ്റാര്‍ ബി എന്‍ സി എ പി റേറ്റിംഗ് ഞങ്ങളുടെ എന്‍ജിനീയറിംഗ് മികവിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


