Connect with us

National

മഹാരാഷ്ട്ര സഹകരണബേങ്ക് തട്ടിപ്പ്; അജിത്പവാറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ സംഘം

കേസില്‍ തുടന്വേഷണം അവസാനിപ്പിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ അജിത് പവാറിനെതിരായ ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍.

Published

|

Last Updated

മുംബൈ|മഹാരാഷ്ട്ര സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ക്ലീന്‍ ചിറ്റ്. കേസില്‍ തുടന്വേഷണം അവസാനിപ്പിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ അജിത് പവാറിനെതിരായ ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 25000 കോടി രൂപയുടെ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ ബേങ്കുകള്‍ക്ക് നഷ്ടം നേരിട്ടിട്ടില്ലെന്നും വായ്പയായി നല്‍കിയതില്‍ 1343 കോടി തിരിച്ചുപിടിച്ചെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, രോഹിത് പവാര്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരിയില്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ച് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ സഹകരണ ബേങ്കുകള്‍ മുഖേന പഞ്ചസാര സഹകരണ സംഘങ്ങള്‍ക്കും, സ്പിന്നിംങ് മില്ലുകള്‍ക്കും വായ്പ നല്‍കിയതിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. ഇക്കാലയളവില്‍ അജിത് പവാര്‍ ബേങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു.