Articles
മദ്‌റസാ സംവിധാനം: പുതു പാത തെളിയണം
പുരോഗതിയോട് അതിവേഗം പ്രതികരിക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഭാവിയുള്ളത്, നിലനിന്നു പോകാന്‍ കഴിയുന്നത്. മദ്‌റസാ പ്രസ്ഥാനം പലവിധ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ നൂതന ആശയങ്ങളിലൂടെ അതിജീവനത്തിന്റെ വഴി കണ്ടെത്തുകയും ആധുനിക കരിക്കുലം രീതികള്‍ സ്വീകരിച്ച് ശാക്തീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
കേരളത്തിലെ പ്രാഥമിക മത വിദ്യാഭ്യാസ സമ്പ്രദായമായ മദ്‌റസകളോട് കിടപിടിക്കുന്ന ഒരു മാതൃക ലോകത്ത് എവിടെയുമില്ലെന്ന് തന്നെ പറയാം. കൃത്യമായ കരിക്കുലവും പരിശോധനാ സംവിധാനങ്ങളും മൂല്യനിര്‍ണയവും തുടങ്ങി ഒരു വിദ്യാഭ്യാസ സംരംഭത്തിനു വേണ്ട എല്ലാ ഘടകങ്ങളും വ്യവസ്ഥാപിതമായി തന്നെ ഒത്തുചേര്‍ന്ന വിപുലമായ സംവിധാനമാണ് കേരളത്തിലെ പ്രാഥമിക മത പാഠശാലകള്‍. കോടികള്‍ മാസാന്തം ചെലവു വരുന്ന ഒരു സംരംഭം ജനകീയ പങ്കാളിത്തത്തോടെ കൃത്യമായി ചലിക്കുന്നുവെന്നതും അത്ഭുതകരമായ വസ്തുതയാണ്. മേന്‍മകളേറെ അവകാശപ്പെടാനുണ്ടെങ്കിലും മദ്‌റസാ സംവിധാനം മാറ്റങ്ങളോട് പ്രതികരിക്കുന്നത് വളരെ പതുക്കെയാണ് എന്ന ന്യൂനത അവശേഷിക്കുകയാണ്.
സാങ്കേതികമായും സാംസ്‌കാരികമായും വലിയ മാറ്റങ്ങള്‍ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മത വിദ്യാഭ്യാസ രംഗത്തും അതിനനുസൃതമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടവും അതിനെ തുടര്‍ന്ന് സംഭവിച്ചിട്ടുള്ള സാമൂഹിക മാറ്റങ്ങളും പുതുതലമുറയില്‍ സൃഷ്ടിച്ചിട്ടുള്ള സങ്കീര്‍ണതകള്‍ ഏറെയാണ്. അത്തരമൊരു പരിസരത്തില്‍ മതബോധനങ്ങളുടെ മോഡുകളില്‍ സമൂലമായ നവീകരണം അനിവാര്യമാണ്. ജനറേഷന്‍ ആല്‍ഫയെയാണ് അഭിസംബോധന ചെയ്യാനുള്ളത് എന്ന ബോധ്യത്തോടെ കരിക്കുലം ഫ്രെയിംവര്‍ക്കുകളും ഡെലിവറി മോഡുമെല്ലാം നിശ്ചയിക്കണം. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ഘടനയിലും ഉള്ളടക്കത്തിലും നവീകരണത്തിന്റെ നൈരന്തര്യം ഉണ്ടാകുകയും വേണം.
ലോകം ഒരു ഗ്രാമമായി ചുരുങ്ങുകയും മനുഷ്യരെല്ലാം ആഗോള പൗരന്‍മാരായി പരിണമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഗ്ലോബല്‍ പെര്‍സ്‌പെക്റ്റീവ് കൂടി ഇസ്‌ലാമിക് എജ്യുക്കേഷനില്‍ സ്വാധീനം ചെലുത്തേണ്ടതുണ്ട്. പഠിതാവിന്റെ അഭിരുചികളെയും സൗകര്യങ്ങളെയും തൃപ്തിപ്പെടുത്തും വിധം ദീനീ ഉലൂമുകള്‍ നല്‍കാനുള്ള പ്ലാറ്റ്‌ഫോമായി മദ്‌റസകള്‍ വികസിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരൊറ്റ സംവിധാനവും രീതിശാസ്ത്രവും എന്ന ശാഠ്യത്തില്‍ നിന്ന് മാറി വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് പ്രവേശിക്കാനും പഠനത്തോടൊപ്പം കുട്ടികളുടെ ജീവിത വീക്ഷണത്തെ സ്വാധീനിക്കുക, സംസ്‌കാരത്തില്‍ ഗുണാത്മകമായ മാറ്റം ദൃശ്യമാകുക എന്നീ ലക്ഷ്യങ്ങളോടെ കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യാനും ഇനിയും വൈകിക്കൂടാ. മൂല്യനിര്‍ണയങ്ങള്‍ പരീക്ഷകളോ വിലയിരുത്തലുകളോ മാത്രം ആകാതെ മദ്‌റസാ പഠനം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ, ഫലപ്രദമാകുന്നുണ്ടോ എന്നതില്‍ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഹോം സ്‌കൂളിംഗ് അഥവാ സ്വയം പഠനത്തിന് സഹായകമാകും വിധത്തില്‍ വര്‍ക്ക്ഷീറ്റുകളും, ഓഡിയോ, വീഡിയോ മെറ്റീരിയലുകളും നല്‍കി പഠനത്തെ പരിപോഷിപ്പിക്കുകയും ആധുനിക സങ്കേതങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഗുണനിലവാരം വര്‍ധിപ്പിക്കുകയും വേണം.
പുരോഗതിയോട് അതിവേഗം പ്രതികരിക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഭാവിയുള്ളത്, നിലനിന്നു പോകാന്‍ കഴിയുന്നത്. മദ്‌റസാ പ്രസ്ഥാനം പലവിധ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ നൂതന ആശയങ്ങളിലൂടെ അതിജീവനത്തിന്റെ വഴി കണ്ടെത്തുകയും ആധുനിക കരിക്കുലം രീതികള്‍ സ്വീകരിച്ച് ശാക്തീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാര്യക്ഷമത കൈവരുന്നതിനായി ചോദ്യങ്ങള്‍ ഉണ്ടാകണം, ഉത്തരങ്ങള്‍ നിര്‍മിക്കപ്പെടണം. അന്വേഷണങ്ങളും ഗവേഷണങ്ങളും നടക്കണം. നമ്മുടെ സത്വരശ്രദ്ധയില്‍ അവ കടന്നുവന്നില്ലെങ്കില്‍ ധാര്‍മിക മൂല്യവും മത ബോധവും ചിട്ടയൊത്ത ജീവിതവുമുള്ള ഒരു തലമുറ അപ്രത്യക്ഷമാകും.
മദ്‌റസാ സംവിധാനത്തിന്റെ നവീകരണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ അടിയന്തര ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അവയെ ഇനിയും വിപുലപ്പെടുത്തി വിശദ ചര്‍ച്ചകളിലൂടെ ആത്യന്തികമായ പരിഹാര രൂപവത്കരണത്തില്‍ എത്തേണ്ടതുണ്ട്.
ഒന്ന്, ജനറേഷന്‍ ഇസഡും ആല്‍ഫയും അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളാന്‍ നിലവിലെ മദ്‌റസാ കരിക്കുലം പര്യാപ്തമാണോ. രണ്ട്, മദ്‌റസാ വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സംയോജനം എങ്ങനെ സാധ്യമാക്കാം. മൂന്ന്, മദ്‌റസാ വിദ്യാഭ്യാസത്തിലെ പരമ്പരാഗത അധ്യാപന രീതികളും ആധുനിക പെഡഗോജിക്കല്‍ സമീപനങ്ങളും തമ്മിലുള്ള അന്തരത്തെ എങ്ങനെ പരിഹരിക്കാം. നാല്, മദ്‌റസാ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും നിലവിലെ ഇസ്‌ലാമിക പാഠ്യപദ്ധതിയും തമ്മിലുള്ള വിടവുകള്‍ എങ്ങനെ നികത്താം. അഞ്ച്, ജനറേഷന്‍ ഇസഡിലേക്കും ആല്‍ഫയിലേക്കും മദ്‌റസാധ്യാപകര്‍ക്ക് നല്‍കേണ്ട പരിശീലനം ഏത് സ്വഭാവത്തിലുള്ളതാകണം. ആറ്, മദ്‌റസാ വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മെഷീന്‍ ലേണിംഗിനെയും എങ്ങനെ പ്രയോജനപ്പെടുത്താം. ഏഴ്, മദ്‌റസാ വിദ്യാഭ്യാസം അറിവ് നല്‍കല്‍ മാത്രമല്ല, പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനവും കൂടിയാണ് എന്ന് എങ്ങനെ ഉറപ്പിക്കാനാകും. എട്ട്, ഇസ്‌ലാമിക ചരിത്രവും പൈതൃകവും പഠിപ്പിക്കുന്നതില്‍ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ ഉപയോഗത്തിന്റെ സാധ്യതകള്‍. ഒമ്പത്, ജനറേഷന്‍ ഇസഡ്, ആല്‍ഫ എന്നിവര്‍ക്കുള്ള മദ്‌റസാ വിദ്യാഭ്യാസത്തില്‍ അനുഭവപ്പെടുന്ന വെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്നിവക്കായി ഗൗരവമുള്ള ഗവേഷണങ്ങള്‍ നടക്കണം. പത്ത്, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ മദ്‌റസാ വിദ്യാഭ്യാസത്തില്‍ ഫലപ്രദമായി എങ്ങനെ സംയോജിപ്പിക്കാം. പതിനൊന്ന്, കരിയറും വ്യക്തിത്വവും മെച്ചപ്പെടാനും സാമൂഹിക വെല്ലുവിളികളെ നേരിടാനും മദ്‌റസാ വിദ്യാഭ്യാസം എങ്ങനെ സഹായിക്കും. പന്ത്രണ്ട്, ഫലപ്രദമായ മദ്‌റസാ വിദ്യാഭ്യാസത്തിന് നിലവില്‍ കുറവുള്ളതും എന്നാല്‍ ആവശ്യമായതുമായ വിഭവങ്ങള്‍ ഏതെല്ലാം.
മദ്‌റസാ സംവിധാനത്തിന്റെ നവീകരണം പല തലങ്ങളില്‍ സംഭവിക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, അധ്യാപക പരിശീലനം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ പുതു പാത തെളിയേണ്ടതുണ്ട്. സമഗ്രമായ ആലോചനകള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ മുന്‍കൈയെടുക്കുമെന്ന് കരുതാം. ഗുരുകുല വിദ്യാഭ്യാസത്തെ ഓര്‍മിപ്പിക്കുന്ന ഓത്ത് പള്ളികളില്‍ നിന്ന് മദ്‌റസകളിലേക്കും അവിടെ നിന്ന് ഹൈടെക് ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്കും വികസിച്ച പ്രാഥമിക മത വിദ്യാഭ്യാസ സംരംഭത്തിനായി സമുദായം ചെലവഴിക്കുന്ന സാമ്പത്തികവും അല്ലാതെയുമുള്ള അധ്വാനത്തിന് അതിന്റെ അളവില്‍ ഫലം ലഭിക്കുന്നില്ല എന്ന വസ്തുത നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്. പരിഹാര ആലോചനകള്‍ അതിവേഗത്തില്‍ ആരംഭിക്കേണ്ടതുമുണ്ട്. ഇസ്‌ലാമിക സമൂഹത്തെ മത സാക്ഷരതയില്‍ പരിപൂര്‍ണത പ്രാപിക്കാന്‍ സഹായിച്ച സംസ്‌കരണത്തിന്റെ പരിശീലന കളരിയായിരുന്ന മദ്‌റസകള്‍ വരും തലമുറകള്‍ക്ക് വഴി കാട്ടിയായി ഇനിയുമിവിടെ ഉണ്ടാകണം.
(ഇന്ത്യയിലെ ആദ്യത്തെ മോറല്‍ എഡ് ടെക് കമ്പനിയായ മീമിന്റെ സി ഇ ഒ ആണ് ലേഖകന്‍)







