Articles
മദ്‌റസ നവീകരണം; വേണം, ധീരമായ ചുവടുവെപ്പുകള്‍
ഇന്‍ക്ലൂസീവായ നയം സ്വീകരിക്കുകയും ന്യൂജന്‍ തലമുറയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി സമീപനത്തില്‍ മാറ്റം വരുത്തുകയും വേണം. പഠിപ്പിക്കുക എന്നതിലുപരി അനുഭവങ്ങള്‍ നല്‍കലും നല്ല ശീലങ്ങള്‍ രൂപപ്പെടുത്തലുമാണ് പ്രധാനം. നിഷേധാത്മക രീതികളല്ല മത വിദ്യാഭ്യാസത്തിലേക്ക് അടുപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് പിന്തുടരേണ്ടത്.
മദ്റസാ മേഖല പലവിധ പ്രതിസന്ധികള്‍ നേരിടുന്നുവെന്നതാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതിനാല്‍ പരിഹാരത്തെ സംബന്ധിച്ച അന്വേഷണം ആരംഭിക്കേണ്ടത് പ്രശ്നങ്ങള്‍ കൃത്യമായി നിര്‍ണയിക്കുന്നതില്‍ നിന്നാണ്. നിലനില്‍ക്കുന്ന സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിയെങ്കില്‍ മാത്രമാണ് ശരിയായ പരിഹാരം നിര്‍മിക്കാന്‍ സാധിക്കുക. ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തി ഉരുവം കൊള്ളുന്ന ഫോര്‍മുലകള്‍ക്ക് വേണ്ടത്ര പ്രയോജന ശേഷി ഉണ്ടാകില്ല. പുതിയ പശ്ചാത്തലത്തില്‍ മദ്റസാ രംഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ് എന്നതിനെ കുറിച്ച് സമഗ്ര സര്‍വേയും പഠനവും പ്രൊഫഷനല്‍ സ്വഭാവത്തോടെ നടക്കേണ്ടതുണ്ട്. യോഗ്യരും ഗവേഷണ തത്പരരും കൃത്യമായ കാഴ്ചപ്പാടുകളും ആത്മാര്‍ഥതയും ഉള്ള ഒരു സംഘത്തെ അതിനായി നിയോഗിക്കേണ്ടതുണ്ട്. അതിലൂടെ ചുരുളഴിയുന്ന വസ്തുതകള്‍ ഓരോന്നും പരിശോധിച്ച് ഉചിതവും കാലാനുസൃതവുമായ മാറ്റത്തിലേക്ക് ഉണരുകയാണ് വേണ്ടത്. വേഗത്തില്‍ നടക്കേണ്ട ഒരു പ്രക്രിയ കൂടിയാണിത്. അപ്പോഴും സാമാന്യമായി വെളിപ്പെട്ട ചില പരാധീനതകളുണ്ട്. അവയെ അഭിസംബോധന ചെയ്യാന്‍ മറ്റൊന്നിനു വേണ്ടിയും കാത്തിരിക്കേണ്ടതുമില്ല. പരമ്പരാഗത മദ്റസാ വിദ്യാഭ്യാസ രംഗത്ത് പെട്ടെന്ന് പരിഹാരം കാണേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഒന്ന്, വൈജ്ഞാനിക, സാങ്കേതിക, സാമൂഹിക മേഖലയിലും ബോധനശാസ്ത്ര രംഗത്തും സമീപകാലത്ത് സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ പാഠ്യപദ്ധതി ഉള്‍ക്കൊള്ളുക. രണ്ട്്, പുതിയ കാലത്തെ കുട്ടികള്‍ പിറന്നുവീഴുന്നത് തന്നെ ടെക്നോളജിയുടെ ലോകത്തേക്കാണ്. അവര്‍ അനുഭവിക്കുന്നതും പഠിക്കുന്നതും പരിചയിക്കുന്നതുമായ ലോകങ്ങള്‍ പലപ്പോഴും നമുക്ക് തന്നെ അജ്ഞാതമാണ്. അത്യാധുനികരായ, അഡ്വാന്‍സ്ഡായ കഴിവും മികവും സ്വന്തം അഭിരുചികളും അഭിപ്രായങ്ങളുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതും തൃപ്തിപ്പെടുത്തുന്നതുമായ വിധത്തിലേക്ക് പാഠപുസ്തകങ്ങള്‍ മുതല്‍ മദ്റസാ അന്തരീക്ഷം വരെ മാറേണ്ടതുണ്ട്. മൂന്ന്, അധ്യാപന രീതിയില്‍ കാതലായ അഴിച്ചു പണി നടക്കണം. പഠനം പ്രായോഗിക ജീവിതവുമായും സാമൂഹിക പരിസരങ്ങളുമായും ബന്ധമുള്ളതാകണം. പഠന പ്രകിയ ആസ്വാദ്യകരവും അര്‍ഥപൂര്‍ണവുമാകണം. കുട്ടികളുടെ ലോകവുമായി വേഗത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനും അവരുടെ അഭിരുചികളോട് ഇണങ്ങാനും സാധിക്കുന്ന അധ്യയന രീതികളും ആശയ സംവേദന മാധ്യമങ്ങളും അതിനായി സ്വീകരിക്കണം.
അധ്യാപകരുടെ നിലവാരം വലിയ രീതിയില്‍ ഉയര്‍ത്തുകയും നിലപാടില്‍ മാറ്റം വരുത്തുകയും ചെയ്തെങ്കില്‍ മാത്രമാണ് ഇവ വിജയിക്കുക. നാല്, അനുഭവത്തില്‍ കൂടിയും പ്രവര്‍ത്തനത്തില്‍ കൂടിയും അറിവ് നേടുന്ന അവസ്ഥാ വിശേഷം ഉണ്ടാക്കിയെടുക്കണം. അഞ്ച്, സംസ്‌കരണം (തസ്‌കിയത്ത്) സാധ്യമാക്കുക എന്നത് ലക്ഷ്യവും അറിവുത്പാദനം അതിലേക്കുള്ള മാര്‍ഗവും എന്നതായിരുന്നു മദ്റസാ സംവിധാനത്തിന്റെ ഉദ്ദേശ്യം. ഇപ്പോള്‍ മാര്‍ഗം ലക്ഷ്യമായി മാറി. പുസ്തകത്തിലെ അക്ഷരക്കൂട്ടങ്ങള്‍ അപ്പാടെ വിഴുങ്ങി പരീക്ഷാ പേപ്പറിലേക്ക് പകര്‍ത്തുന്നതില്‍ മദ്റസാ വിദ്യാഭ്യാസം അവസാനിക്കുന്ന സ്ഥിതിവിശേഷം സംജാതമായി. മദ്റസാ പാഠപുസ്തകങ്ങളുടെ മാതൃക ശ്രദ്ധിച്ചാലറിയാം, അവ തസ്‌കിയത്ത് ഉത്പാദിപ്പിക്കുന്നതിലുപരി വിദ്യാര്‍ഥികളുടെ അറിവ് പരിശോധിക്കുന്നതിലാണ് കേന്ദ്രീകരിക്കുന്നത്. സ്‌കൂള്‍ പാഠപുസ്തക മാതൃകയില്‍ മദ്റസാ പുസ്തകങ്ങള്‍ ആവശ്യമില്ലല്ലോ. രണ്ട് വിദ്യാഭ്യാസത്തിന്റെയും ലക്ഷ്യം വ്യത്യസ്തമായിരിക്കെ മദ്റസാ മെറ്റീരിയലുകള്‍ ജീവിതത്തെ മൂല്യാധിഷ്ഠിതമാക്കാന്‍ ഉപയുക്തമായതായിരിക്കണം. സംസ്‌കരണം സിദ്ധിച്ച തലമുറ സൃഷ്ടിക്കപ്പെട്ടാല്‍ ആവശ്യമായ അറിവിലേക്ക് അവര്‍ സ്വയം സഞ്ചരിക്കും. ആറ്, ക്ലാസ്സ് മുറികള്‍ സാങ്കേതിക വിദ്യാഭ്യാസ സൗഹൃദമാകുകയും സൗന്ദര്യവത്കരിക്കുകയും വേണം. ഇന്‍ഫാസ്ട്രക്ചര്‍ വികസനം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിലും അധ്യയനം വിജയകരമാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. ഏഴ്, എനിക്ക് എന്തുണ്ട് ലാഭം എന്ന് ചിന്തിക്കുന്ന തലമുറയെയാണ് അഭിമുഖീകരിക്കേണ്ടത്. വിദ്യാര്‍ഥികളുടെ കരിയറും വ്യക്തിത്വവും ബൗദ്ധിക നൈപുണികളും സര്‍ഗ ശേഷിയും വികസിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ മദ്റസാ വിദ്യാഭ്യാസത്തില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. പക്ഷേ അത് അവരെ അനുഭവിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു പോകുന്നിടത്താണ് പ്രശ്നം. അധ്യയന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും അനുയോജ്യമായ പഠന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും ഇവ പരിഹരിക്കാവുന്നതാണ്.
എട്ട്, പരിമിതമായ മദ്റസാ സമയത്ത് കേള്‍ക്കുന്ന പാഠഭാഗങ്ങളോ കിട്ടുന്ന സംസ്‌കരണമോ കുട്ടികള്‍ക്ക് മതിയായതല്ല. ക്ലാസ്സ് മുറികള്‍ക്ക് പുറത്തും ഫോളോ ചെയ്യാനും എന്‍ഗേജ് ചെയ്യിക്കാനും കഴിയണം. എന്നാല്‍ മാത്രമേ കാരക്റ്റര്‍ ഷെയ്പ്പ് ചെയ്യാനും കള്‍ച്ചര്‍ ഡെവലപ് ചെയ്യാനും സാധിക്കൂ. രക്ഷിതാക്കള്‍ നേരിട്ടും അധ്യാപകര്‍ ടെക്നോളജി വഴിയും അവരെ ഡ്രൈവ് ചെയ്യണം. ഒമ്പത്, അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റുമടങ്ങുന്ന സംഘം കൃത്യമായി അവരവരുടെ ദൗത്യം നിര്‍വഹിച്ചാലാണ് എല്ലാം ശുഭകരമായി കലാശിക്കുക. പ്രത്യേകിച്ചും അധ്യാപകര്‍ പ്രസ്തുത കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാകേണ്ടതുണ്ട്. ഇന്‍ക്ലൂസീവായ നയം സ്വീകരിക്കുകയും ന്യൂജന്‍ തലമുറയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി സമീപനത്തില്‍ മാറ്റം വരുത്തുകയും വേണം. പഠിപ്പിക്കുക എന്നതിലുപരി അനുഭവങ്ങള്‍ നല്‍കലും നല്ല ശീലങ്ങള്‍ രൂപപ്പെടുത്തലുമാണ് പ്രധാനം. നിഷേധാത്മക രീതികളല്ല മത വിദ്യാഭ്യാസത്തിലേക്ക് അടുപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് പിന്തുടരേണ്ടത്.
മദ്റസകളുടെ മൗലിക ലക്ഷ്യം നേടണമെങ്കില്‍ അത്യധ്വാനവും ആത്മാര്‍ഥതയും പുതുമയുള്ള ആശയങ്ങളും തുടങ്ങി പല ഘടകങ്ങള്‍ ഒത്തുചേരണം. ധീരമായ ചുവടുവെപ്പുകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ ചേരുവകള്‍ പിറകില്‍ വരുമെന്നതില്‍ സംശയിക്കേണ്ടതില്ല.







