Educational News
കുസാറ്റിൻ്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പി ജിയിൽ രണ്ടാം റാങ്കുമായി മഅ്ദിന്‍ വിദ്യാര്‍ഥി
മത പഠനത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശാഫിയെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭിനന്ദിച്ചു.
മലപ്പുറം | കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി മഅദിന്‍ ദഅവാ കോളേജ് വിദ്യാര്‍ഥി കെ പി മുഹമ്മദ് ശാഫി. കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി എസ് സി ഇലക്ട്രോണിക്സില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചാണ് കുസാറ്റില്‍ പി ജിക്ക് ചേര്‍ന്നത്.
കുറ്റ്യാടിയിലെ വാഴാട്ട് കുഞ്ഞിപ്പറമ്പത്ത് ബശീര്‍- കുഞ്ഞിമറിയം ദമ്പതികളുടെ മകനാണ്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ ഇന്റര്‍ നാഷണല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും വര്‍ക് ഷോപ്പുകളിലും സെമിനാറുകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് കവിതാ രചന, വിവര്‍ത്തനം, ലേഖനം തുടങ്ങിയവയിലും മികവ് പുലര്‍ത്തുന്നു.
ഗുരുവര്യരായ ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രചോദനവും പ്രോത്സാഹനവുമാണ് തന്നെ ഈ നേട്ടത്തിലെത്തിച്ചതെന്ന് ശാഫി പറഞ്ഞു. മത പഠനത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശാഫിയെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭിനന്ദിച്ചു.




