Connect with us

adani group

അദാനി നീണാള്‍ വാഴട്ടെ!

ലോകത്തെ ഏറ്റവും വലിയ കമ്പോളത്തില്‍, ഭരണകൂടത്തിന്റെ സര്‍വവിധ പിന്തുണയോടും കൂടി വിഹരിക്കാന്‍ അവസരം കിട്ടിയ ഒരാള്‍ സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേ എത്തിയുള്ളുവല്ലോ എന്ന ഖേദത്തിനേ തരമുള്ളൂ. ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ പാകത്തിലുള്ള സഹായം പ്രധാന സേവകന്‍ ചെയ്തുകൊടുക്കുമെന്ന് പ്രതീക്ഷിക്കയും.

Published

|

Last Updated

ദാനി പോർട്ട്സ് ലിമിറ്റഡാണ് വിഴിഞ്ഞം തുറമുഖം നിര്‍മിച്ച്, നടത്താന്‍ ചുമതലപ്പെട്ട കമ്പനി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിനാണ്. കരൂര്‍ – കൊച്ചി, കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനില്‍ നിന്ന് വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും വാതക പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് അദാനി – ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംയുക്ത സംരംഭം. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിക്കുന്ന സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ കേരളത്തിലെ പ്രധാന അടയാളങ്ങള്‍ ഇവയാണ്. വിഴിഞ്ഞം പദ്ധതിയിപ്പോള്‍ വലിയ സമരത്തെ നേരിടുകയാണ്. പദ്ധതി ആവിഷ്‌കരിക്കുന്ന കാലത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്ന പ്രശ്‌നങ്ങള്‍ അനുഭവവേദ്യമായിത്തുടങ്ങിയതിന്റെ വേവലാതിയില്‍ മത്സ്യത്തൊഴിലാളികള്‍ നേരത്തേ ആരംഭിച്ചിരുന്ന സമരത്തിന് വലുപ്പം വെച്ചിരിക്കുന്നു. ആ സമരത്തിലുന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ക്കൊപ്പം പ്രധാനമാണ് പദ്ധതിക്കായി അദാനി പോർട്ട്സുമായുണ്ടാക്കിയ കരാറിനെക്കുറിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. പദ്ധതിയുടെ ആകെ ചെലവിന്റെ നിശ്ചിത ശതമാനം സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ വഹിക്കുമെന്ന് വ്യവസ്ഥ ചെയ്താണ് കരാര്‍. ആകെ ചെലവ് അദാനി ഗ്രൂപ്പ് ഉയര്‍ത്തിവെച്ചുവെന്നാണ് സി എ ജി കണ്ടെത്തിയത്. പദ്ധതിക്ക് വേണ്ടിവരുന്ന ക്രെയിനുകളുടെയും മറ്റും വില ഇരട്ടിയിലധികം രേഖപ്പെടുത്തി ചെലവ് കൃത്രിമമായി ഉയര്‍ത്തിക്കാട്ടി, അതിനനുസരിച്ച് സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകളുടെ വിഹിതം കൂട്ടിയെടുക്കുകയാണ് ചെയ്തത് എന്ന് ചുരുക്കം. ഇതേത്തുടര്‍ന്ന് വലിയ അഴിമതി ആരോപണം ഉയരുകയും അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ആരോപണമുന്നയിച്ച, കരാറൊപ്പിടുമ്പോള്‍ പ്രതിപക്ഷത്തായിരുന്ന ഇടത് ജനാധിപത്യ മുന്നണിയുടെ നേതാക്കളൊന്നും (2011 -16ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് കരാറൊപ്പിട്ടത്) കമ്മീഷന് മുമ്പില്‍ ഹാജരാകാതെ അന്വേഷണം പ്രഹസനമായി അവസാനിച്ചു. രാഷ്ട്രീയവൈരത്തിന്റെ ഉച്ചസ്ഥായിയില്‍ പോലും അദാനിയുടെ കരാറിനെ എതിര്‍ക്കാന്‍ കഴിയാത്ത സാഹചര്യം ഇവിടെ ഉണ്ടായിരിക്കുന്നുവെന്ന് ചുരുക്കം.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് കൈമാറാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് ഏറ്റെടുക്കാന്‍ സന്നദ്ധമായിരുന്നു സംസ്ഥാനത്തെ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍. ആ നിര്‍ദേശം കേന്ദ്രം തള്ളിയപ്പോള്‍ കോടതി വഴി അതിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം തള്ളി സ്വകാര്യ മേഖലക്ക് അനുകൂല നിലപാടെടുക്കുകയാണ് കോടതികളും ചെയ്തത്. അതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് സ്വന്തമായി. തിരുവനന്തപുരത്തിന് പുറമെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനുണ്ട്. അധികാരം കൈയാളുന്നത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയാണെങ്കിലും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് ജനാധിപത്യ മുന്നണിയാണെങ്കിലും സവിശേഷമായ രാഷ്ട്രീയ കാരണങ്ങളാല്‍ കോര്‍പറേറ്റുവത്കരണത്തെ അത്രയൊന്നും പ്രോത്സാഹിപ്പിക്കാത്തതാണ് കേരളത്തിലെ സ്ഥിതി. അവിടെയാണ് മൂന്ന് പ്രധാന പദ്ധതികളുടെ ചുമതലയിലേക്ക് അദാനി ഒറ്റക്കോ സംരംഭമെന്ന ഓമനപ്പേരിലോ എത്തുന്നത്. ഇവിടെ ഇതാണ് സ്ഥിതിയെങ്കില്‍ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ അദാനിയുടെ യാത്ര കൂടുതല്‍ സുഗമമാണെന്നാണ് അര്‍ഥം.

കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ വജ്ര വ്യാപാര രംഗത്തിറങ്ങിയ, പി വി സിയുടെ വ്യാപന കാലത്ത് അതില്‍ അവസരം കണ്ട ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ സമ്പന്നനായി വളരുന്നതിന്റെ തുടക്കം 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിന് ശേഷം നരേന്ദ്ര മോദി അവിടെ അധികാരമുറപ്പിക്കുന്ന കാലത്താണ്. മുന്ദ്ര തുറമുഖവും ചേര്‍ന്നുള്ള പ്രത്യേക സാമ്പത്തിക മേഖലയും അദാനിക്ക് പതിച്ചുകൊടുത്ത നരേന്ദ്ര മോദി, ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ സകലതിലും (ഉപ്പില്‍ തുടങ്ങിയത് യാദൃച്ഛികമല്ല, ഗുജറാത്തിലെ ഉപ്പളങ്ങളില്‍ കാലുറപ്പിച്ചിട്ടുണ്ട് തുടക്ക കാലത്ത് അദാനി) അദാനിക്ക് അവസരമൊരുക്കുകയോ മത്സരത്തിന് അവസരമൊരുക്കാതെ അദാനിയെ സഹായിക്കുകയോ ചെയ്ത കാഴ്ച പില്‍ക്കാലത്ത് കണ്ടു.

പ്രധാനമന്ത്രിപദം തേടി നരേന്ദ്ര മോദി രാജ്യപ്രയാണം തുടങ്ങിയപ്പോള്‍ ആകാശയാനമൊരുക്കിയത് ഗൗതം അദാനിയായിരുന്നു. യു പി എ സര്‍ക്കാറിനുമേല്‍ ആരോപിക്കപ്പെട്ട അഴിമതികള്‍, പ്രയാണത്തിന് ഊര്‍ജമായപ്പോള്‍ പ്രധാനമന്ത്രിപദമേറിയ നരേന്ദ്ര മോദി, സത്യപ്രതിജ്ഞക്കായി ഡല്‍ഹിയിലേക്ക് പറന്നതും അദാനിയുടെ സ്വകാര്യ വിമാനത്തില്‍ തന്നെ. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ വേണ്ടുവോളം കാണിച്ചു, ഇപ്പോഴും കാണിക്കുന്നു പ്രഥമ സേവകന്‍. ഭരിക്കുന്നത് നരേന്ദ്ര മോദിയും ബി ജെ പിയും മാത്രമല്ല, അദാനി കൂടിയാണെന്ന് കമ്പോളം വളരെ വേഗം മനസ്സിലാക്കിയിരുന്നു. 2013 സെപ്തംബറില്‍ 190 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി 2014 മെയ് ആകുമ്പോഴേക്ക് 600 കോടിയായി ഉയര്‍ന്നുവെന്നത് മാത്രം മതി ഇതിന് തെളിവായി. ഭരണ നേതൃത്വവുമായി അദാനിക്കുള്ള ബന്ധം വരും കാലത്ത് അദ്ദേഹത്തിന്റെ വ്യവസായങ്ങളുടെ വളര്‍ച്ചക്ക് വളമാകുമെന്ന് തിരിച്ചറിഞ്ഞവര്‍ അദാനി ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങളുടെ ഓഹരികളില്‍ നിക്ഷേപം നടത്തി, ആ എട്ട് മാസത്തിനിടെ. ആ കാലത്ത് രാജ്യത്തെ ജനസംഖ്യയില്‍ 80 കോടിയുടെ പ്രതിദിന വരുമാനം രണ്ട് ഡോളര്‍ മാത്രമായിരുന്നുവെങ്കില്‍ അദാനി പ്രതിദിനം നേടിയത് രണ്ടരക്കോടി ഡോളറായിരുന്നു!

130 കോടിയിലേറെ വരുന്ന ജനത്തെ സേവിക്കേണ്ട പ്രധാനി, അദാനിക്ക് നല്‍കിയ പ്രത്യേക പരിഗണന പിന്നീടുള്ള നാളുകളില്‍ രാജ്യം കണ്ടു. കഴിയാവുന്നത്ര വിദേശരാജ്യങ്ങള്‍ ഏറ്റവും വേഗം സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ യാത്ര തുടങ്ങിയ പ്രധാനമന്ത്രി എല്ലാ യാത്രകളിലും ഗൗതം അദാനിയെ ഒപ്പം കൂട്ടി. ഈ സന്ദര്‍ശനങ്ങള്‍ അദാനിക്ക് എന്ത് ഗുണം ചെയ്തുവെന്ന് ആസ്‌ത്രേലിയയും സിംഗപ്പൂരും ശ്രീലങ്കയുമൊക്കെ പറഞ്ഞുതരും. വിദേശത്തെ അവസരങ്ങളില്‍ പരമാവധി മുന്‍തൂക്കം അദാനിക്ക് നേടിക്കൊടുക്കാന്‍ യത്‌നിച്ച പ്രധാന സേവകന്‍, രാജ്യത്തെ എല്ലാ അവസരങ്ങളുടെ ചൂഷണത്തിലും അദാനി ഒന്നാം നിരയിലുണ്ടെന്ന് ഉറപ്പാക്കി. അതിന് പാകത്തില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു. ശീതീകരിച്ച സംഭരണികളും ട്രെയിനുകളും സ്വന്തമാക്കി കാര്‍ഷികോത്പന്നങ്ങളുടെ കുത്തക സംഭരണവും പൂഴ്ത്തിവെപ്പും ലക്ഷ്യമിട്ടപ്പോള്‍, ചൂഷണാവസരം ഉറപ്പാക്കാനായി കാര്‍ഷിക നിയമങ്ങളില്‍ വരുത്തിയ ഭേദഗതിയില്‍ മാത്രമാണ് അല്‍പ്പം പാളിയത്. അതും വൈകാതെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കണം.

ഏറ്റമൊടുവില്‍, യൂറിയയും പൊട്ടാഷുമടങ്ങുന്ന രാസവളങ്ങള്‍ രാജ്യത്താകെ ഒരു ബ്രാന്‍ഡില്‍ വില്‍ക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ (ഭാരത് എന്ന ബ്രാന്‍ഡ് പേരും പ്രധാനമന്ത്രി ഭാരതീയ ജനുവരക് പരിയോജന എന്നത് ചുരുക്കമായി പി എം ബി ജെ പി എന്നും രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കുമ്പോള്‍ രാഷ്ട്രീയ പ്രചാരണം ലക്ഷ്യമാണ്) ഏതാനും മാസം മുമ്പ് അദാനി ഗ്രൂപ്പ് ആരംഭിച്ച കച്ച് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് വിപണി ഉറപ്പാക്കുക എന്നത് കൂടി ഉദ്ദേശ്യമാണെന്ന് കരുതണം. നിലവില്‍ മാര്‍ക്കറ്റിലുള്ള ബ്രാന്‍ഡുകളോട് മത്സരിച്ച് വിപണി പിടിക്കുക എന്നത് അദാനിയുടെ കമ്പനിക്ക് അത്രയെളുപ്പമാകില്ല. എല്ലാ കമ്പനികളുടേതും ഒരു ബ്രാന്‍ഡായാല്‍ അതേ ബ്രാന്‍ഡില്‍ വിപണിയിലിറക്കുന്ന അദാനിയുടെ വളത്തിന് വിപണി കിട്ടുമെന്ന ലളിത സമവാക്യം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രക്ഷോഭങ്ങളിലുലഞ്ഞ ശ്രീലങ്കക്ക് 500 കോടി രൂപയുടെ സഹായം അനുവദിച്ചതിന് തൊട്ടുപിറകെ, അവിടുത്തെ സൗരോര്‍ജ വ്യവസായത്തില്‍ അദാനിയുടെ കമ്പനിക്ക് ഇടം അനുവദിക്കണമെന്ന ശിപാര്‍ശക്കത്ത് കൂടി നല്‍കി പ്രധാന സേവകന്‍.

പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് ആവശ്യത്തിന് കടമെടുക്കാനുള്ള സ്വാതന്ത്ര്യം, കിട്ടാക്കടത്തിലെ അദാനിയുടെ പങ്കെത്രയെന്നതില്‍ കൃത്യത വരുത്താതിരിക്കാന്‍ ബേങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദം, കൊവിഡിന്റെ പ്രഹരം നേരിടാനെന്ന പേരില്‍ കോര്‍പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയതിന്റെ ആനുകൂല്യം എന്നിങ്ങനെ നേരിട്ടല്ലാതെയുള്ള സഹായം വേറെയും. ലോകത്തെ ഏറ്റവും വലിയ കമ്പോളത്തില്‍, ഭരണകൂടത്തിന്റെ സര്‍വവിധ പിന്തുണയോടും കൂടി വിഹരിക്കാന്‍ അവസരം കിട്ടിയ/കിട്ടുന്ന ഒരാള്‍ സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേ എത്തിയുള്ളുവല്ലോ എന്ന ഖേദത്തിനേ തരമുള്ളൂ. ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ പാകത്തിലുള്ള സഹായം ഭരണത്തില്‍ തുടരും കാലത്ത് പ്രധാന സേവകന്‍ ചെയ്തുകൊടുക്കുമെന്ന് പ്രതീക്ഷിക്കയും. മുന്ദ്ര മുതല്‍ വിഴിഞ്ഞം വരെ തീരവും മുംബൈ മുതല്‍ തിരുവനന്തപുരം വരെ ആകാശയാന നിയന്ത്രണവും സ്വന്തമാക്കിയ അദാനിയും അദ്ദേഹത്തിന് വേണ്ടി ഭരണം നടത്തുന്ന നരേന്ദ്ര മോദി സര്‍ക്കാറും നീണാള്‍ വാഴട്ടെ!

Latest