Connect with us

Kerala

ലോകായുക്ത ഓര്‍ഡിനന്‍സ്: ഗവര്‍ണറുടെ തീരുമാനം കാത്ത് സര്‍ക്കാര്‍, ബജറ്റ് സമ്മേളനം തീരുമാനിച്ചില്ല

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ലക്ഷദ്വീപില്‍ നിന്ന് തിരിച്ചെത്തിയ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഉടന്‍ തീരുമാനമെടുക്കാനിരിക്കെ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന്റെ തീയതി തീരുമാനിക്കാതെ പിരിഞ്ഞു. കേന്ദ്ര ബജറ്റിന് തൊട്ടുപിന്നാലെ സംസ്ഥാന ബജറ്റിന്റെ തീയതി പ്രഖ്യാപിക്കലാണ് പതിവെങ്കിലും ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മുന്നിലിരിക്കെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുത്ത ശേഷം ബജറ്റ് സമ്മേളന തിയതി തീരുമാനിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമഭേഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇന്ന് നിലപാട് എടുത്തേക്കും. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചാല്‍ പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങും.

ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍ സര്‍ക്കാരിന് അത് വന്‍ തിരിച്ചടിയാകും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുമെന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, നിയമസഭാ സമ്മേളന തീയതി പ്രഖ്യാപിച്ചാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറിയേക്കും. അതുകൊണ്ടാണ് ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരുന്നതിനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കൈക്കൊള്ളാതിരുന്നത്.

അമേരിക്കയിലെ ചികിത്സക്ക് ശേഷം നിലവില്‍ ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം ആറിന് മടങ്ങിയെത്തും. അതിന് ശേഷം ഗവര്‍ണറുടെ തീരുമാനവും കൂടി വന്ന് കഴിഞ്ഞ് അടുത്ത തിങ്കളാഴ്ചയോടെ നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ലോകായുക്ത നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവയില്‍ നിന്ന് നീക്കം ചെയ്യാമെന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് വിശദീകരണം നല്‍കിയത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാറിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താന്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ഓര്‍ഡിനന്‍സില്‍ വിവാദമുയരുകയും ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ സമീപിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നത്.

 

Latest