Connect with us

muhammed faisal

ഹൈക്കോടതി വിധി വന്നിട്ടും ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചില്ല; മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്

ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ നടപടി കോടതിയലക്ഷ്യമെന്ന് ഫൈസല്‍ ചൂണ്ടിക്കാട്ടി.

Published

|

Last Updated

കവരത്തി | ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യത കല്പിക്കപ്പെടാൻ കാരണമായ കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കിയിട്ടും ലോക്സഭയിൽ പ്രവേശിക്കാനാകാതെ ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസൽ. ഹൈക്കോടതി രണ്ട് മാസം മുമ്പ് വിധി റദ്ദാക്കിയിരുന്നു. ഇതുവരെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫൈസൽ സുപ്രീം കോടതിയെ സമീപിക്കും.

മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് സഭാംഗത്വം നഷ്ടപ്പെട്ട രാഹുൽ ഗാന്ധിയുടെ വിഷയം വലിയ ചർച്ചയായ വേളയിലാണ് ഫൈസലിൻ്റെ നീക്കം. അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഫൈസൽ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകി. എന്നാൽ അയോഗ്യത പിൻവലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇതുവരെ ഉത്തരവിറക്കിയില്ല. കോടതിവിധി പ്രകാരമുള്ള അയോഗ്യത ആ ഉത്തരവ് റദ്ദാകുന്നതോടെ ഇല്ലാതാകുമെങ്കിലും സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഫൈസലിന് വിനയായത്.

ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ നടപടി കോടതിയലക്ഷ്യമെന്ന് ഫൈസല്‍ ചൂണ്ടിക്കാട്ടി. അംഗത്വം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം വൈകുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും അദ്ദേഹം ആരോപിച്ചു. വധശ്രമക്കേസിൽ പത്തു വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.