Connect with us

National

ലോക്സഭ ആക്രമണം; ഒരു യുവതിയടക്കം നാലു പേര്‍ കസ്റ്റഡിയില്‍; പ്രതികൾ എത്തിയത് ബിജെപി എംപിയുടെ പാസ് ഉപയോഗിച്ച്

പ്രതികള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണുള്ളത്. വിവിധ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്സഭ നടുത്തളത്തിലെ സ്മോക്ക് സ്പ്രേ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം നാലു പേര്‍ കസ്റ്റഡിയില്‍. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്. പ്രതികള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണുള്ളത്. വിവിധ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

പാര്‍ലമെന്റിനകത്ത് നിന്ന് രണ്ടു പേരെയും പുറത്ത് നിന്ന് രണ്ടു പേരെയുമാണ് പിടികൂടിയത്. ഡല്‍ഹി പോലീസിന്റെ എടിഎസ് സംഘം പാര്‍ലമെന്റിലെത്തി. ഏകാധിപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചാണ് പാര്‍ലെമെന്റിനകത്ത് ആക്രമണം നടത്തിയത്.

സ്മോക്ക് സ്പ്രേയുമായി എത്തിയ ഒരാള്‍ മൈസൂരില്‍ നിന്നുള്ളള ബിജെപി എംപി പ്രതാപ് സിംഹയുടേതും ഒരാള്‍ സസ്പെന്‍ഡിലായ ബിഎസ്പി എംപിയായ ഡാനിഷ് അലിയുടേയും പാസുകളാണ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. സാഗര്‍ ശര്‍മയാണ് മുദ്രവാക്യം വിളിച്ച് പാര്‍ലമെന്റിനകത്ത് പ്രതിഷേധിച്ചത്. ഷൂവിനുള്ളിലാണ് സ്മോക്ക് സ്പ്രേ ഒളിപ്പിച്ചിരുന്നത്.

പാര്‍ലെമെന്റിന് പുറത്ത് പ്രതിഷേധിച്ചത് അന്‍മോല്‍ ഷിന്‍ഡെയും, നീലം കൗറും ആണ്. പാര്‍ലമെന്റാക്രമണത്തിന്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്സഭയില്‍  ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. അക്രമികള്‍ എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്മോക് ഷെല്‍ എറിയുകയുമായിരുന്നു.