Connect with us

Editors Pick

ജമ്മു കാശ്മീരിലെ ലിഥിയം ശേഖരം; ബാറ്ററി ഉത്പാദനത്തില്‍ ഗതിനിര്‍ണയിക്കും

വെളുത്ത സ്വര്‍ണമെന്നറിയപ്പെടുന്ന ലിഥിയത്തിന്‌റെ അലഭ്യത ലോകതലതത്തില്‍ തന്നെ ചര്‍ച്ചയാകുന്ന സാഹചര്യത്തിനിടെയാണ് ഇന്ത്യ ഇതിന്റെ ഖനിയായി മാറുന്നത്.

Published

|

Last Updated

മ്മു കശ്മിരില്‍ 5.9 മില്യണ്‍ ലിഥിയ ശേഖരം കണ്ടെത്തിയത് ബാറ്ററി ഉത്പാദനത്തില്‍ വൻ കുതിപ്പിന് അവസരമൊരുക്കും. വെളുത്ത സ്വര്‍ണമെന്നറിയപ്പെടുന്ന ലിഥിയത്തിൻ്റെ അപര്യാപതത ലോകതലതത്തില്‍ തന്നെ ചര്‍ച്ചയാകുന്ന സാഹചര്യത്തിനിടെയാണ് ഇന്ത്യ ഇതിൻ്റെ ഖനിയായി മാറുന്നത്.

പെട്രോളിയം ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളുടെ മലിനീകരണം പ്രകൃതിയെയും മനുഷ്യ ജീവിതത്തെയും ദോശകരമായി ബാധിക്കുന്നെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതോടൊപ്പം, പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വാഹന ഉപഭോക്താക്കളുടെ നട്ടെല്ലൊടിക്കുന്ന തരത്തില്‍ കുതിച്ചുയരുകയുമാണ്. ഈ സാഹചര്യത്തില്‍ ഇ- വാഹനങ്ങള്‍ക്ക് പ്രീയമേറുകയാണ്. മികച്ച ഇന്ധന ക്ഷമതയും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് ഇ- വാഹനങ്ങളെ ജനകീയമാക്കുന്ന മറ്റു ഘടകങ്ങൾ. എന്നാല്‍, ഇ- വാഹനങ്ങള്‍ക്ക് താരതമ്യേനെ പൊള്ളുന്ന വിലയാണ് മാര്‍ക്കറ്റില്‍ അനുഭവപ്പെടുന്നത്. ഇതിൻ്റെ കാരണങ്ങളില്‍ മുഖ്യം ബാറ്ററിയുള്‍പ്പെടെയുള്ള പാര്‍ട്‌സുകളുകളുടെ അപര്യാപതതയാണ്. ഈ സാഹചര്യത്തില്‍ ബാറ്ററിയിലെ പ്രധാനഘടമായ ലിഥിയ ശേഖരത്തിൻ്റെ കണ്ടെത്തല്‍ ഇന്ത്യക്ക് വലിയ മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.

ലിഥിയം ശേഖരത്തിൽ മൂന്നാം സ്ഥാനത്ത്

ലിഥിയം ശേഖരം ഇന്ത്യയില്‍ കണ്ടെത്തുന്നത് ആദ്യമായാണ്. കാശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍ ഹൈമാന മേഖലയിലാണ് ലിഥിയത്തിൻ്റെ വന്‍ ശേഖരം കണ്ടെത്തിയത്. ഇതോടെ ലിഥിയം ശേഷിയുടെ കാര്യത്തിൽ ചിലിക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. 9.3 ദശലക്ഷം ടണ്ണുമായി ചിലിയാണ് ലിഥിയം ശേഖരത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 63 ലക്ഷം ടണ്ണുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. കശ്മീരിൽ 59 ലക്ഷം ടൺ കരുതൽ ശേഖരം കണ്ടെത്തിയതോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. 27 ദശലക്ഷം ടൺ കരുതൽ ശേഖരവുമായി അർജൻ്റീന നാലാം സ്ഥാനത്തും 2 ദശലക്ഷം ടൺ കരുതൽ ശേഖരവുമായി ചൈന അഞ്ചാം സ്ഥാനത്തും ഒരു ദശലക്ഷം ടൺ കരുതൽ ശേഖരവുമായി അമേരിക്ക ആറാം സ്ഥാനത്തുമാണ്.

നിലവിൽ ഇന്ത്യയിൽ ആവശ്യമായ ലിഥിയത്തിൻ്റെ 96 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതിനായി വൻതോതിൽ വിദേശനാണ്യം ചെലവഴിക്കേണ്ടിവരുന്നുണ്ട്. 2020- 21 സാമ്പത്തിക വർഷത്തിൽ 8,984 കോടി രൂപയാണ് ലിഥിയം അയൺ ബാറ്ററികളുടെ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത്. 2021- 22 ൽ, ഇന്ത്യ 13,838 കോടി രൂപയുടെ ലിഥിയം അയൺ ബാറ്ററികൾ ഇറക്കുമതി ചെയ്തു. ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമാണ് ഇന്ത്യ ഏറ്റവും കൂടുതൽ ലിഥിയം ഇറക്കുമതി ചെയ്യുന്നത്. വർഷം തോറും ഇറക്കുമതിയുടെ അളവ് കൂടിവരികയാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യ ചൈനയിൽ നിന്ന് 80 ശതമാനം വരെ ലിഥിയം ഇറക്കുമതി ചെയ്യുന്നു. എന്നാൽ, ഇപ്പോൾ രാജ്യത്ത് കാണപ്പെടുന്ന ലിഥിയം ശേഖരം ചൈനയുടെ മൊത്തം കരുതൽ ശേഖരത്തേക്കാൾ 4 മടങ്ങ് കൂടുതലാണ്.

ഇ-വാഹന മേഖലയിൽ വൻ കുതിപ്പിന് വഴിയൊരുക്കും

സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ഇന്ത്യയുടെ സ്വപ്‌നം എളുപ്പം മറികടക്കാന്‍ ലിഥിയം ഖനി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. 2070ഓടെ ഇന്ത്യയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോയിലേക്ക് എത്തിക്കുമെന്ന് 2021ല്‍ ഗ്ലാസ്‌ഗോവില്‍ നടന്ന യു എന്‍ ക്ലൈമറ്റ് ചേയ്ഞ്ച് കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസി (കോപി 26)ല്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിരുന്നു.

ഇതിൻ്റെ മുന്നോടിയായി വിപണിയില്‍ വിവിധ കമ്പനികളുടെ ഇ- വാഹനങ്ങള്‍ ഇടം പിടിച്ചിരുന്നു. ഈയിടെ ലോകത്താകമാനം നടന്ന മോട്ടോര്‍ വാഹന പ്രദര്‍ശനങ്ങളിലെ മുഖ്യ ആകര്‍ശണം ഇലക്ട്രിക് വാഹനങ്ങളായിരുന്നു. എന്നാല്‍, ഇതിൻ്റെ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതായിരുന്നു. ബാറ്ററിയുടെ വിലയില്‍ നിര്‍ണായക ഘടകമാകുന്ന ലിഥിയത്തിൻ്റെ ലഭ്യത വര്‍ധിക്കുന്നതോടെ ഇ- വാഹനങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ, ഇലക്ട്രിക് കാറുകളുടെ വിലയുടെ 45 ശതമാനവും ബാറ്ററി പായ്ക്കിനാണ്. ഉദാഹരണത്തിന്, Nexon EV-യിൽ ഘടിപ്പിച്ച ബാറ്ററി പാക്കിന് 7 ലക്ഷം രൂപയാണ് വില. കാറിൻ്റെ വില ഏകദേശം 15 ലക്ഷം രൂപയാണ്.

2030 ഓടെ ഇന്ത്യയിലെ 30% സ്വകാര്യ കാറുകളും 70% വാണിജ്യ വാഹനങ്ങളും 80% ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ഇന്ത്യയിൽ ലിഥിയം അയേൺ ബാറ്ററികളുടെ ഉത്പാദനം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ലിഥിയം ശേഖരം ലഭിച്ചാൽ മാത്രം ഇത് സാധ്യമാകില്ല. ഇതിനായി ബാറ്ററി നിർമ്മാണത്തിൽ ലിഥിയം ഉപയോഗിക്കേണ്ടത് ആവശ്യമാണ്. അതിന് ഇന്ത്യ ചൈനയിൽ നിന്ന് പഠിക്കേണ്ടതുണ്ട്.

ഇ- വാഹനങ്ങള്‍ക്ക് പുറമെ ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍, സോളാര്‍ പാനല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളിലെയും ബാറ്ററിയിലെ മുഖ്യഘടകമാണ് ലിഥിയം. ലിഥിയ ഉത്പാദനം വര്‍ധിച്ചാല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയെല്ലാം വില കുറക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി വിദ്യാഭ്യാസ- വാണിജ്യ- സാങ്കേതിക മേഖലയിലും രാജ്യത്തിന് കുതിക്കാന്‍ കഴിയും. 2025ഓടെ ലോകമാകെ ലിഥിയ ക്ഷാമം പാരമ്യതയിലെത്തുമെന്ന ഇൻ്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ റിപോര്‍ട്ട് മുന്നിലിരിക്കെയാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് വഴി തെളിയുന്നത്.

സംസ്കരണം എളുപ്പമല്ല

അതേസമയം, ലിഥിയത്തിൻ്റെ കരുതല്‍ ശേഖരം കൊണ്ട് മാത്രം ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്നത് എളുപ്പമല്ലെന്ന അഭിപ്രായമുയരുന്നുണ്ട്. ലിഥിയം ഉത്പാദനവും ശുദ്ധീകരണവും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് അത്യാധുനിക സാങ്കേതിക വിദ്യയും മുതല്‍ മുടക്കും ആവശ്യമാണ്. 6.3 ദശലക്ഷം ടണ്‍ കരുതല്‍ ശേഖരമുള്ള ഓസ്ട്രേലിയയിലെ ലിഥിയം ഖനി ഉത്പാദനം 0.6 ദശലക്ഷം ടണ്‍ മാത്രമാണ്. ചിലിയില്‍ 9.3 ദശലക്ഷം ടണ്‍ കരുതല്‍ ശേഖരം ഉണ്ടായിരുന്നിട്ടും 0.39 ദശലക്ഷം ടണ്‍ മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ.

ഇത്തരമൊരു സാഹചര്യത്തില്‍ 5.9 മില്യണ്‍ ശേഖരമുള്ള ഇന്ത്യക്ക് ഇതില്‍ നിന്ന് എത്രമാത്രം ലിഥിയം ഉത്പാദനം സാധ്യമാകുമെന്നതാണ് ആശങ്ക. എങ്കിലും, ഇ- ഇറക്കുമതി കുറക്കാമെന്നതാണ് ഏക ആശ്വാസം.

Latest