Connect with us

Travelogue

സ്വാലിഹ് അബ്ദുല്ല പകർന്നുതന്ന ജീവിത പാഠങ്ങൾ

ഉസ്‌ബെക്കിസ്ഥാനിലെ ഭരണാധികാരിയായിരുന്ന തൈമൂറിന്റെ പേരക്കുട്ടിയായ ഉലുഗ് ബേഗ് കുട്ടിക്കാലത്ത് ഇറാനിലെ മറാഗാഹ് ഒബ്‌സെർവേറ്ററി സന്ദർശിച്ച പ്രചോദനത്തിൽ നിന്നാണ് പിന്നീട് ഉസ്‌ബെക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനിടയായത്. കുട്ടികളെയും കൊണ്ട് യാത്ര പോകുമ്പോൾ തിരഞ്ഞെടുക്കേണ്ട ലക്ഷ്യസ്ഥാനങ്ങൾ എങ്ങനെയാകണമെന്ന കൃത്യമായ സന്ദേശം നമുക്കീ ചരിത്രം നൽകുന്നുണ്ട്.

Published

|

Last Updated

മലേഷ്യയിലും കംബോഡിയയിലും അടുത്ത ദിവസം വലിയ പെരുന്നാളാണ്. വിമാനത്തിൽ നിറയെ മലേഷ്യൻ മുസ്‌ലിം കുടുംബങ്ങളാണ്. നാട്ടിൽ പെരുന്നാൾ ആഘോഷിക്കാതെ കംബോഡിയയിലേക്ക് ഇവർ എന്തുകൊണ്ട് പോകുന്നു എന്ന ചിന്ത മനസ്സിലേക്ക് ഉരുണ്ട് കൂടിയിരുന്നു. നേരമ്പോക്കിന് വേണ്ടിയുള്ള പെരുന്നാൾ ആഘോഷങ്ങൾക്കാണെങ്കിൽ അത് കുറച്ചു കൂടെ മനോഹരമായ രാജ്യത്തേക്ക് ആക്കിക്കൂടെ എന്ന ചിന്തയും കടന്നുവന്നു.

വിമാന യാത്രക്കിടയിൽ സ്വാലിഹ് അബ്ദുല്ല എന്ന മലേഷ്യക്കാരനെ പരിചയപ്പെട്ടു. ക്വാലാലംപൂർ സ്വദേശിയാണ്. ഭാര്യയേയും മക്കളെയും കൂട്ടി കംബോഡിയയിലേക്ക് പോകുന്നു. പെരുന്നാൾ നാട്ടിൽ കൂടാതെ എന്തിനാണ് ഇവിടേക്ക് യാത്ര ചെയ്യുന്നതെന്ന ചോദ്യത്തിന് ലഭിച്ച ഉത്തരം ഏറെ പ്രചോദനം നൽകുന്നതായിരുന്നു. മലേഷ്യൻ മുസ്്ലിംകൾക്ക് ഒരു പതിവുണ്ട്, അവർ തങ്ങളുടെ ഇത്തരം ആഘോഷങ്ങൾ ദരിദ്ര നാടുകളിൽ ചെന്ന് തദ്ദേശീയരോടൊപ്പം ആഘോഷിക്കും. അവിടുത്തെ നാട്ടുകാർക്ക് ഭക്ഷണം നൽകിയും ബലിമൃഗത്തെ അറുത്ത് കൊടുത്തും പുതുവസ്ത്രങ്ങൾ സമ്മാനിച്ചും സന്തോഷത്തിനുള്ള പണം അർപ്പിച്ചും സേവന പ്രവർത്തനങ്ങളിലൂടെ ആരാധനകളുടെ ആഘോഷങ്ങൾക്ക് മോടി കൂട്ടും. ഇതുപോലുള്ള യാത്രകൾ കഴിഞ്ഞ കുറേ വർഷങ്ങളായി സ്വാലിഹ് അബ്ദുല്ല ചെയ്യുന്നു. തന്റെ പിതാവും തന്നെ കൂട്ടി ചെറുപ്പ കാലത്ത് ഇത്തരം കാര്യങ്ങൾക്ക് കൊണ്ടുപോയിട്ടുണ്ട്, അത് സ്വാലിഹ് അബ്ദുല്ല തന്റെ ഭാര്യ മക്കളിലൂടെ വീണ്ടും ആവർത്തിക്കുന്നു. വിമാനത്തിലുള്ള മറ്റു കുടുംബങ്ങളൊക്കെ സമാന ആവശ്യങ്ങൾക്ക് വേണ്ടി യാത്ര തിരിച്ചവരാണ്.

ചിലർ ഫിലിപൈനിലേക്കും വിയറ്റ്‌നാമിലേക്കും തായ്്ലൻഡിലേക്കും ഇത്തരം സേവന പ്രവൃത്തികൾക്ക് വേണ്ടി പോകുന്നു. ആഫ്രിക്കയിലെ ഉൾനാടുകളിലേക്ക് വരെ പോകുന്നവർ കൂട്ടത്തിലുണ്ടത്രെ. ഞങ്ങൾക്കിത് നല്ല ഒരു ആശയമായി തോന്നി. ഒരു യാത്രയും ഒപ്പം സേവന പ്രവർത്തനങ്ങൾക്കുള്ള ഒരു മാർഗവും കാണിച്ചുകൊടുക്കുന്നു ഇക്കൂട്ടർ. ഇത് തങ്ങളുടെ തലമുറകളോളം അവശേഷിക്കുമ്പോൾ പിതാമഹന്മാരോടും അവരുടെ സമൂഹത്തോടുമുള്ള കടപ്പാടും എത്ര വലുതായിരിക്കുമെന്ന ചിന്ത മാതൃകാപരം തന്നെയെന്ന് എനിക്ക് തോന്നി. മുന്നൊരിക്കൽ ഒരു ട്രെയിൻ യാത്രയിൽ എതിർ വശത്തിരുന്ന മദാമ്മയേയും മക്കളെയും കണ്ടു പരിചയപ്പെട്ടു. അവർ യൂറോപ്പിൽ നിന്നും വരികയാണ്. വർഷത്തിൽ പത്ത് മാസം ജോലി ചെയ്യും. പിന്നീടുള്ള രണ്ട് മാസക്കാലം ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിൽ മക്കളെയും കൂട്ടി യാത്രക്കിറങ്ങും. പുസ്തകത്തിലൂടെ ലഭിക്കുന്നതിനേക്കാൾ വലിയ ജീവിതാനുഭവങ്ങളും പാഠങ്ങളും മനുഷ്യരെ വായിക്കുന്നതിലൂടെ, കാണുന്നതിലൂടെ, സംസാരിക്കുന്നതിലൂടെ ലഭിക്കുന്നു. നമ്മുടെ വിനോദ സഞ്ചാര രീതികൾ അറിവന്വേഷണത്തിലേക്കും ജീവിത കാഴ്ചകളിലേക്കും കൂടി ഉണ്ടാകണമെന്ന വലിയ സന്ദേശമാണ് മദാമ്മയും സ്വാലിഹ് അബ്ദുല്ലയും സമ്മാനിച്ചത്.

ഉസ്‌ബെക്കിസ്ഥാനിലെ ഭരണാധികാരിയായിരുന്ന തൈമൂറിന്റെ പേരക്കുട്ടിയായ ഉലുഗ് ബേഗ് കുട്ടിക്കാലത്ത് ഇറാനിലെ മറാഗാഹ് ഒബ്സർവേറ്ററി സന്ദർശിച്ച പ്രചോദനത്തിൽ നിന്നാണ് പിന്നീട് ഉസ്‌ബെക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനിടയായത്. കുട്ടികളെയും കൊണ്ട് യാത്ര പോകുമ്പോൾ തിരഞ്ഞെടുക്കേണ്ട ലക്ഷ്യസ്ഥാനങ്ങൾ എങ്ങനെയാകണമെന്ന കൃത്യമായ സന്ദേശം നമുക്കീ ചരിത്രം നൽകുന്നുണ്ട്.

വിമാനം കംബോഡിയയുടെ ആകാശച്ചെരിവിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഭീതിദമായ കാഴ്ചകൾ ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഞങ്ങൾ യാത്ര പുറപ്പെടുന്നതിന്റെ തൊട്ടു മുന്നെയായി കംബോഡിയയെ വലിയൊരു പ്രളയം ആസകലം ബാധിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ കലങ്ങിമറിഞ്ഞ വലിയ നദികൾ, ദിശ മാറി ഒഴുകി രൂപപ്പെട്ട ആ നദികളുടെ പുതിയ കൈവഴികൾ. വെള്ളം കയറി നശിച്ച ആയിരക്കണക്കിന് ഹെക്ടർ കൃഷി ഭൂമികൾ. അതിനിടയിൽ പകുതിയോളം മുങ്ങിനിൽക്കുന്ന ഒറ്റപ്പെട്ട വീടുകൾ, ആലകൾ, ചെറു വ്യാപാര സ്ഥാപനങ്ങൾ. എല്ലാം നമ്മുടെ കണ്ണുകൾക്ക് സാക്ഷിയായി. കേരളക്കരയെ ഒന്നാകെ ബാധിച്ച ഒരു പ്രളയത്തിനിടയിലാണ് ഇങ്ങോട്ടേക്ക് യാത്ര തിരിച്ചത്. ഇതിന്റെ വേദനകളും നഷ്ടങ്ങളും ഉൾക്കൊള്ളാൻ നമ്മുടെ ഹൃദയവും പ്രാപ്തമായിട്ടുണ്ട്.

കംബോഡിയയുടെ തലസ്ഥാന നഗരിയായ നോം പെനിലേക്കാണ് നമ്മുടെ വിമാനം ലക്ഷ്യമിട്ടിട്ടുള്ളത്. നഗരത്തിന്റെ ആകാശ ദൃശ്യത്തിൽ ഉയരം കൂടിയ കെട്ടിടങ്ങൾ വളരെ കുറവാണ്. ഒട്ടു മിക്ക നിർമിതികളും നാലോ അഞ്ചോ നിലകളിൽ മാത്രം ഒതുങ്ങിയതാണ്. രണ്ട് മണിക്കൂർ ആകാശ യാത്രക്കൊടുവിൽ വിമാനം നോം പെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചേർന്നു. കംബോഡിയയിലേക്കുള്ള പ്രവേശനാനുമതി ഓൺ അറൈവൽ വിസ മുഖേനയാണ് ലഭിക്കുക. ആ രാജ്യത്ത് എത്തിച്ചേർന്നതിനു ശേഷമാണ് വിസ അടിക്കേണ്ടത്.

എയർപോർട്ടിൽ എമിഗ്രേഷന് മുന്പായി വിസ അടിക്കാനുള്ള കൗണ്ടർ അവിടെ സംവിധാനിച്ചിട്ടുണ്ട്. മുപ്പത് അമേരിക്കൻ ഡോളറാണ് വിസ ചാർജ്. ആദ്യമായാണ് ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്ത് ഓൺ അറൈവൽ വിസ സംവിധാനം ഉപയോഗിക്കാൻ കഴിയുന്നതെന്ന സന്തോഷമുണ്ട്. വലിയ നീണ്ട ക്യൂ രൂപപ്പെട്ടിട്ടുണ്ട്. ഞങ്ങൾ അതിനൊടുവിൽ പോയി നിന്നു. അവസരമെത്തിയപ്പോൾ വിസക്കുള്ള പണമടച്ചു. വിസ അടിച്ചുതന്നു. അതിലേറെ രസകരമായി തോന്നിയത് വിസയുടെ ഒരു പേപ്പർ പാസ്പോർട്ടിൽ ഒട്ടിച്ചതിനു ശേഷം അതിൽ പേന കൊണ്ട് എഴുതുന്ന രൂപമാണ്. ഇങ്ങനെ ഓരോ ആളുകൾക്കും എഴുതി വിസ ശരിയാക്കാൻ മാത്രം പത്ത് മിനുട്ടിലേറെ സമയം ആവശ്യമായി വന്നിട്ടുണ്ട്. വലിയ കാത്തിരിപ്പിന് ശേഷം ഞങ്ങൾ ക്ക്് വിസ അടിച്ചു എയർപോർട്ടിന് വെളിയിലേക്കിറങ്ങാൻ സമ്മതം ലഭിച്ചു. സന്തോഷത്തോടെ മറ്റൊരു രാജ്യത്ത് ഔദ്യോഗികമായി ഞങ്ങൾ കാലുകുത്തി.