Connect with us

say no to drugs

ലഹരിക്കെതിരെ ഒറ്റക്കെട്ടാകാം

കഞ്ചാവും മയക്കുമരുന്നുമടക്കമുള്ള സകല ലഹരിവസ്തുക്കളുടെയും നീരാളിപ്പിടിത്തത്തില്‍ നിന്ന് നമ്മുടെ ഗ്രാമങ്ങള്‍ക്ക് പോലും രക്ഷയില്ലാതായിരിക്കുന്നു.

Published

|

Last Updated

മ്മുടെ നാട് എവിടേക്കാണ് പോകുന്നത്? ഓരോ ദിവസവും പത്രങ്ങളില്‍ അടിച്ചുവരുന്ന വാര്‍ത്തകള്‍ കേട്ട് പേടി തോന്നുന്നില്ലേ? മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന അരാജകത്വം എത്ര ഭീതിതമാണ് നമ്മുടെ നാട്ടില്‍. ഓരോ ദിവസവും പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ കണക്ക് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ അതിലുമെത്രയോ പതിന്മടങ്ങായിരിക്കും പിടിക്കപ്പെടാതെ പോകുന്നത്.

ലഹരിക്കെതിരായി സര്‍ക്കാര്‍ ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ഒരുവശത്ത് ബോധവത്കരണ പ്രവര്‍ത്തനവുമായി നടക്കുമ്പോള്‍ മറുവശത്തെ കണക്കുകള്‍ ഒട്ടും ആശ്വാസകരമല്ല. കഴിഞ്ഞ സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 21 വരെയുള്ള 35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 1,024 കേസുകളിലായി 1,038 പേര്‍ അറസ്റ്റിലായി. 957.7 ഗ്രാം എം ഡി എം എ, 1,428 ഗ്രാം മെത്താഫിറ്റമിന്‍, 13.9 ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹഷീഷ് ഓയില്‍, 187.6 ഗ്രാം നാര്‍കോട്ടിക് ഗുളികകള്‍, 16 ഇഞ്ചക്ഷന്‍ ആമ്പ്യൂളുകള്‍, 147.7 കിലോ കഞ്ചാവ്, 181 കഞ്ചാവ് ചെടികള്‍ എന്നിവയാണ് ഈ 35 ദിവസങ്ങളില്‍ പിടിച്ചെടുത്തത്.

കൂടുതല്‍ അപകടം സംഭവിക്കുന്ന സിന്തറ്റിക്ക് ഡ്രഗുകള്‍ പുതുതലമുറ ഉപയോഗിക്കുകയാണ്. മനസ്സും ശരീരവും ബുദ്ധിയും നശിച്ച് ആര്‍ക്കും വേണ്ടാത്ത ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നു. നമ്മുടെ നാടും സമൂഹവും രാജ്യവും നശിക്കുകയായിരിക്കും ഫലം. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കേരളത്തിലെ കോളജ് വിദ്യാര്‍ഥികളില്‍ 36.8 ശതമാനം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ശീലമുള്ളവരാണെന്ന് കണ്ടെത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഞ്ചാവ്, എം ഡി എം എ തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗവും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. കേരള എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്സൈറ്റ് ദിവസവും പരിശോധിച്ചാല്‍ ഓരോ ദിവസവും പിടിക്കപ്പെടുന്ന മയക്കുമരുന്നിന്റെ കണക്ക് കണ്ട് നാം അന്ധാളിച്ചു പോകും.

നമ്മുടെ കൊച്ചു കേരളം മയക്കുമരുന്ന് ഉപയോഗത്തിലും വിപണനത്തിലും മുന്നിലായിരിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ലഹരിക്ക് അടിമകളായിക്കൊണ്ടിരിക്കുന്നു. കോളജിലും സ്‌കൂളിലും പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും വരെ മയക്കുമരുന്ന് കാരിയര്‍മാരായി മാറുന്നു. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, അങ്ങാടികള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടികള്‍ വരെ നടക്കുന്നു.

ആളുകളെ മയക്കുന്ന, സ്വബോധം നഷ്ടപ്പെടുത്തുന്ന, അക്രമവാസന ഉണര്‍ത്തുന്ന വിവിധ തരം വസ്തുക്കള്‍ കേരളത്തില്‍ യഥേഷ്ടം വിറ്റഴിക്കപ്പെടുകയാണിന്ന്. കഞ്ചാവും മയക്കുമരുന്നുമടക്കമുള്ള സകല ലഹരിവസ്തുക്കളുടെയും നീരാളിപ്പിടിത്തത്തില്‍ നിന്ന് നമ്മുടെ ഗ്രാമങ്ങള്‍ക്ക് പോലും രക്ഷയില്ലാതായിരിക്കുന്നു. യുവാക്കളെയും സ്‌കൂള്‍, കോളജ് കുട്ടികളെയും ടാര്‍ഗറ്റ് ചെയ്യുന്ന തരത്തിലാണ് ഈ മാഫിയയുടെ നീക്കം. ഇവരുടെ ടാര്‍ഗറ്റ് കുട്ടികളാണ്. കേരളം ജാഗരൂകമാകണം. ഒരു ജനത മുഴുവന്‍ ഉറക്കമൊഴിച്ചു നില്‍ക്കണം. ആരും ഈ ചതിക്കുഴിയില്‍ പെടരുത്. ഈ തിന്മയുടെ വേരറുത്ത് കളയുമെന്ന് നാമോരുരുത്തരും പ്രതിജ്ഞ ചെയ്യണം. പാന്‍പരാഗും ഹാന്‍സും തുടങ്ങി എല്ലാ തരത്തിലുള്ള ലഹരിവസ്തുക്കളും ഒരു കടയിലും വില്‍ക്കുന്നില്ലെന്ന് നാം ഉറപ്പ് വരുത്തണം. അങ്ങനെ വില്‍ക്കുന്ന കടകള്‍ ബഹിഷ്‌കരിക്കണം.

പതിനായിരങ്ങളുടെ ജീവിതമാണ് മയക്കുമരുന്ന് ഉപയോഗം കൊണ്ട് കേരളത്തില്‍ താറുമാറായിക്കൊണ്ടിരിക്കുന്നത്. അവര്‍ മാത്രമല്ല, അവരുടെ കൂടെ ആരൊക്കെ വെറുതെ ചങ്ങാത്തം കൂടിയോ അവരും ഈ ചതിക്കുഴിയില്‍ വീണിട്ടുണ്ട്. ഇത് ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല, മറിച്ച് ആ ലൊക്കാലിറ്റിയില്‍പ്പെട്ട മുഴുവനാളുകളെയും ഏതെങ്കിലുമൊരു തരത്തില്‍ ഇതിന്റെ ദൂഷ്യം ബാധിക്കുക തന്നെ ചെയ്യും.

ശരാശരി 12 വയസ്സാകുമ്പോള്‍ ലഹരി ഉപയോഗശീലം ആരംഭിക്കുന്നുവെന്ന് സമീപകാലത്ത് പുറത്തുവന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പലപ്പോഴും സിഗരറ്റ് വലിച്ചുതുടങ്ങുന്ന കുട്ടികള്‍ ക്രമേണ മദ്യപാനത്തിലേക്കും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്കും നീങ്ങുന്നത് വളരെ വേഗത്തിലായിരിക്കും. അവിടെ നിന്നാണ് അതിമാരകമായ ലഹരി വസ്തുക്കളിലേക്കുള്ള പ്രയാണം.

തലമുറകളെ തന്നെ നശിപ്പിക്കുന്ന മാരകമായ ലഹരി വിപത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ തീരുമാനിച്ചത് ഒരു സമൂഹത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെ ഭാഗമായാണ്. ഓരോ മഹല്ലിലും മദ്‌റസകളിലും സ്ഥാപനങ്ങളിലും വീടുകളില്‍ പോലും ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായി വന്നിരിക്കുന്നു. സമസ്തയുടെ ആഹ്വാനം ഓരോ കേരളീയനും ഏറ്റെടുക്കേണ്ട വലിയ ഉത്തരവാദിത്വമാണ്. കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ കുടുംബ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത് ബോധവത്കരണ സദസ്സുകള്‍ നടക്കും. കൂടാതെ ടൗണുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സെമിനാറുകള്‍ ലഹരി മാഫിയയുടെ കൊടും ക്രൂരതകള്‍ അനാവരണം ചെയ്യും. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഈ സമര കാഹളത്തില്‍ നന്മ ആഗ്രഹിക്കുന്നവര്‍ ചേര്‍ന്നുനില്‍ക്കും.

(പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത്, തൃശൂര്‍ ജില്ല)