Connect with us

Kuwait

കുവൈത്തികള്‍ക്ക്  ഇന്ത്യയിലേക്ക് ഇനിമുതല്‍ ഇ വിസ സൗകര്യം 

അഞ്ചുവര്‍ഷത്തെ കാലാവധിയിലായിരിക്കും വിസ ലഭിക്കുക.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസക്ക് പൂര്‍ണമായും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ അനുവദിക്കുന്ന അഞ്ച് വര്‍ഷത്തെ ഇ വിസ സൗകര്യം ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ആരംഭിച്ചു. അഞ്ചുവര്‍ഷത്തെ കാലാവധിയിലായിരിക്കും വിസ ലഭിക്കുക. ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ആദര്‍ശ് സ്വയിക്ക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

ഇതുപ്രകാരം കുവൈത്തികള്‍ക്ക് വിസ സെന്ററുകളിലോ എംബസിയിലോ സന്ദര്‍ശിക്കാതെ തന്നെ ഇന്ത്യയിലേക്കുള്ള വിസകള്‍ ലഭ്യമാകും. അതേസമയം, ഓണ്‍ലൈന്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇതിനായി വിസ കേന്ദ്രങ്ങള്‍ വഴി തന്നെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, ആയു/യോഗ കോണ്‍ഫ്രന്‍സ് എന്നീ അഞ്ചു വിഭാഗങ്ങളിലാണ് ഇ വിസ ലഭ്യമാക്കുക. ഇന്ത്യയിലേക്കും തിരിച്ചും നിരവധി തവണ യഥേഷ്ടം യാത്ര ചെയ്യാവുന്ന ആറുമാസം മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള വിസയാണ് ഇത്.

40 യു എസ് ഡോളര്‍ മുതല്‍ പരമാവധി 80 യു എസ് ഡോളര്‍ വരെയാണ് നിലവില്‍ വിസ ഫീസ് നിരക്ക്. യാത്രാ തീയതിയുടെ നാല് ദിവസം മുമ്പെങ്കിലും ഫീസ് അടച്ചിരിക്കണം. ഇ വിസ സംവിധാനം ആരംഭിക്കാന്‍ കുവൈത്തി പൗരന്മാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരികയാണെന്നും ഇതിന്റെ സാക്ഷാത്കാരം കൂടിയാണ് പുതിയ തീരുമാനമെന്നും ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. കഴിഞ്ഞവര്‍ഷം 8000 ത്തിലധികം കുവൈത്ത് വിനോദസഞ്ചാരികള്‍ ഇന്ത്യ സന്ദര്‍ശിച്ചുവെന്നും പുതിയ സംവിധാനം ടൂറിസം, ബിസിനസ്സ്, ആരോഗ്യ സംരക്ഷണയാത്ര എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.