Kuwait
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നു; സുരക്ഷ ശക്തമാക്കി
ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ വഹാബ് അഹ്മദ് അല്‍ വുഹൈബ് വിമാനത്താവളത്തില്‍ നേരിട്ട് എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി
കുവൈത്ത് സിറ്റി | കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ വഹാബ് അഹ്മദ് അല്‍ വുഹൈബ് വിമാനത്താവളത്തില്‍ നേരിട്ട് എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും യാത്രക്കാരുടെ വരവും പോക്കും സുഗമമാക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെ പരിശോധിക്കുകയും ചെയ്തു.
ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ്, സഊദ് അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആയിരുന്നു സന്ദര്‍ശനം. വിമാനത്താവളത്തിലെ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ആധുനിക സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതേസമയം കുവൈത്ത് എയര്‍വെയ്‌സ് യാത്രക്കാര്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിമാനത്താവളത്തിലേക്കുള്ള പ്രവേശനം യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.സുരക്ഷാ പരിശോധനകളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വേഗത്തിലുള്ള സേവനം ഉറപ്പാക്കണം എന്നും വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകള്‍, ഇമിഗ്രേഷന്‍ വിഭാഗം, സെക്യൂരിറ്റി ഇന്‍സ്‌പെക്ഷന്‍ പോയിന്റുകള്‍, തുടങ്ങിയവയും അദ്ദേഹം സന്ദര്‍ശിച്ചു. സപ്പോര്‍ട്ടിംഗ് സെക്യൂരിറ്റി സര്‍വീസ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലിമെസ്ഫര്‍ അല്‍ അദ്വാനിയും, പരിശോധന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.





