Connect with us

Kerala

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് ജീവന്‍ വയ്ക്കുന്നു; പിന്തുണയുമായി യു ഡി എഫ് ജില്ലാ നേതൃത്വം

ഈ ആവശ്യവുമായി മുഖ്യമന്ത്രി വി ഡി സതീശനെയും ബന്ധപ്പെട്ട മന്ത്രിമാരെയും സമീപിക്കാന്‍ യു ഡി എഫ് ജില്ലാ നേതൃത്വം തീരുമാനിച്ചു

Published

|

Last Updated

കോഴിക്കോട് | മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി യു ഡി എഫ് ജില്ലാ നേതൃത്വം. ഈ ആവശ്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശനെയും ബന്ധപ്പെട്ട മന്ത്രിമാരെയും സമീപിക്കാന്‍ യു ഡി എഫ് ജില്ലാ നേതൃത്വം തീരുമാനിച്ചു.

കോണ്‍ഗ്രസും മുസ്ലിം ലീഗും ഔദ്യോഗികമായി വിഷയം ഏറ്റെടുത്തതോടെ വിഭജനം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ഉയരുകയാണ്. ജില്ലാ വിഭജന വിഷയം അടുത്തിടെ ചേര്‍ന്ന യു ഡി എഫ് ജില്ലാ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി മലപ്പുറം ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ മജീദ് അറിയിച്ചു. ജനസംഖ്യാ വര്‍ധനവിന് അനുസൃതമായ വിഭവ വിഹിതം മലപ്പുറത്തിന് ലഭിക്കുന്നില്ല. ഭരണപരമായും വികസനപരമായും ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരമാണ് വിഭജനമെന്ന് അബ്ദുല്‍ മജീദ് പറഞ്ഞു. എന്നാല്‍,
വിഷയത്തില്‍ മുസ്ലിം ലീഗ് ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാരിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം വിഭജന ആവശ്യം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാര്‍ നടത്തിയ കേരള യാത്രയില്‍ ഈ വിഷയം സജീവമായി ഉന്നയിച്ചിരുന്നു. വിവിധ സംഘടനകളും അറെ നാളായി ഈ വിഷയം ഉയര്‍ത്തുന്നുണ്ട്.

ജില്ല വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ച് 2015-ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന പ്രമേയം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും പാസാക്കിയിരുന്നു. ലീഗ് എം എല്‍ എ ആയിരുന്ന കെ എന്‍ എ ഖാദര്‍ 2019-ല്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചു. അടുത്തിടെ തിരൂര്‍ എം എല്‍ എ കുറുക്കോളി മൊയ്തീനും തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി. ജനസംഖ്യാ വര്‍ധനയും ഭരണഭാരവും കണക്കിലെടുത്ത് ജില്ല വിഭജിക്കണമെന്നാണ് ജില്ല വിഭജിക്കണമെന്ന ആവശ്യത്തിനു പിന്നിലെ പ്രധാന വാദം.

 

Latest