Connect with us

Ongoing News

കുവൈത്ത് തീപിടിത്തം; മരിച്ചവരില്‍ തിരുവല്ല സ്വദേശിയും

തിരുവല്ല പെരിങ്ങര പഞ്ചായത്തില്‍ മേപ്രാല്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ വീട്ടില്‍ ഉമ്മന്‍-റാണി ദമ്പതികളുടെ മകന്‍ ജോബി എന്ന് വിളിക്കുന്ന തോമസ് സി ഉമ്മന്‍ (37) ആണ് മരിച്ചത്.

Published

|

Last Updated

തിരുവല്ല | കുവൈത്ത് മംഗഫിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ തിരുവല്ല സ്വദേശിയും. തിരുവല്ല പെരിങ്ങര പഞ്ചായത്തില്‍ മേപ്രാല്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ വീട്ടില്‍ ഉമ്മന്‍-റാണി ദമ്പതികളുടെ മകന്‍ ജോബി എന്ന് വിളിക്കുന്ന തോമസ് സി ഉമ്മന്‍ (37) ആണ് മരിച്ചത്.

അഞ്ചു വര്‍ഷം മുമ്പ് എന്‍ ഡി ടെക്നീഷ്യന്‍ ആയാണ് തോമസ് സി ഉമ്മന്‍ കുവൈത്തിലെ കമ്പനിയില്‍ ജോലിക്കായി പോയത്. തീപിടിത്ത വിവരം അറിഞ്ഞ് ഭാര്യ അടക്കമുള്ള ബന്ധുക്കള്‍ ഇന്നലെ മുതല്‍ തോമസ് സി ഉമ്മനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

ഇന്ന് രാവിലെ പത്രങ്ങളിലൂടെയാണ് മരണവിവരം അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുതിയതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായി ആഗസ്റ്റ് മാസത്തോടെ നാട്ടില്‍ വരാനിരിക്കെയാണ് തോമസ് മരണപ്പെട്ടത്. മറിയാമ്മ ജോണിക്കുട്ടിയാണ് തോമസിന്റെ ഭാര്യ. യു കെ ജി വിദ്യാര്‍ഥിയായ ജസീക്ക മകളാണ്.

തിരുവല്ല സ്വദേശിയായ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എന്‍ ബി ടി സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 49 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ 24 പേര്‍ മലയാളികളാണ്. തൊഴിലാളികള്‍ ഉറക്കത്തില്‍ ആയിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പുക ശ്വസിച്ചാണ് ഏറെ പേരും മരിച്ചത്.

 

 

---- facebook comment plugin here -----

Latest