International
കുവൈത്ത് വിമാനത്താവളം വീണ്ടും തുറന്നു; സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിക്കും
വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ കുവൈത്ത് എയര്‍വേയ്‌സ് ജസീറ എയര്‍വേയ്‌സ് എന്നീ ദേശീയ വിമാന കമ്പനികൾക്കാണ് അനുമതി നൽകുക.
കുവൈത്ത് സിറ്റി | കുവൈത്ത് വ്യോമപാത വീണ്ടും തുറന്നു. ഇന്നലെ വൈകിട്ടാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എട്ട് ആഴ്ചയോളമായി വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു.
വിമാനത്താവളം തുറന്നെങ്കിലും ഏപ്രില്‍ 26ന് ഞായറാഴ്ച മാത്രമേ വ്യോമഗതാഗതം ആരംഭിക്കുകയുള്ളൂ. ടെര്‍മിനല്‍ 4, 5 എന്നീ ടെര്‍മിനലുകളിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. അല്‍ ജസീറ എയര്‍വേയ്‌സ്‌ന്റെ ആദ്യ സര്‍വീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 29, 30, മെയ് 2, 3 തീയതികളില്‍ കൊച്ചിയിലേക്കും ഏപ്രില്‍ 26 മുതല്‍ മൂന്നു വരെ ദിനേന മുംബൈയിലേക്കും സര്‍വീസ് ക്രമീകരിച്ചതായാണ് വിവരം. ദമ്മാം വഴിയുള്ള ട്രാന്‍സിറ്റ് വിമാന സര്‍വീസ് ലഭ്യമാണെന്നും ലക്ഷ്യസ്ഥാനങ്ങളുടെയും ഫ്‌ളൈറ്റ് ഷെഡ്യൂളുകളുടെയും പട്ടിക ഉടന്‍ തന്നെ അറിയിക്കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 26 മുതല്‍ കുവൈത്തില്‍ നിന്ന് നേരിട്ടുള്ള 17 സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു. ടെര്‍മിനല്‍ നാലില്‍ നിന്നായിരിക്കും സര്‍വീസ്. ഷെഡ്യൂളുകളുടെ പട്ടിക ഉടന്‍ തന്നെ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടെര്‍മിനല്‍ നാലില്‍ നിന്ന് 17 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടക്കുക, തിരുവനന്തപുരം, കൊച്ചി, എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ മൂന്നു വീതം സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. മുംബൈ, ചെന്നൈ, ഡല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ബൈറൂത്ത്, ലണ്ടന്‍, ഇസ്താംപൂള്‍, ജിദ്ദ, റിയാദ് തുടങ്ങിയ ഇടങ്ങളിലേക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് കുവൈത്ത് വ്യോമപാത അടച്ചതും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നതും.






