Connect with us

Kerala

കുറ്റിക്കാട്ടൂർ വഖ്ഫ് വിൽപ്പന: ബോർഡ് നടപടിക്ക് സ്റ്റേ ഇല്ല

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖ്ഫ് ബോർഡ് അംഗവുമായ എം സി മായിൻ ഹാജിയുടെ ഭാര്യാ സഹോദരൻ എ ടി ബഷീർ പ്രസിഡന്റായ കമ്മിറ്റിക്ക് കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാനയുടെ വഖ്ഫ് സ്വത്തുക്കൾ വിൽപ്പന നടത്തിയതാണ് വിവാദമായത്.

Published

|

Last Updated

കോഴിക്കോട് | കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാനയുടെ വഖ്ഫ് സ്വത്തുക്കൾ ലീഗ് വൈസ് പ്രസിഡന്റ് എം സി മായിൻ ഹാജിയുടെ ബന്ധു പ്രസിഡന്റായ കമ്മിറ്റിക്ക് വിൽപ്പന നടത്തിയത് റദ്ദാക്കിക്കൊണ്ടുളള വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സ്റ്റേ സമ്പാദിക്കാനുള്ള നീക്കത്തിന് തിരിച്ചടി.

ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്നലെ സ്റ്റേ അനുവദിച്ചില്ല. ഇതോടെ ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാനയുടെ വഖ്ഫ് സ്വത്തുക്കൾ കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളുമായി വഖ്ഫ്‌ ബോർഡിന് മുന്നോട്ട് പോകാം. 2020ലെ വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാൻ ഈ മാസം അഞ്ചിന് ചേർന്ന വഖ്ഫ് ബോർഡ് യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന വഖ്ഫ് മന്ത്രി വി അബ്ദുർറഹ്മാന്റെ നിർദേശത്തെ തുടർന്ന് ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സ്റ്റേ ആവശ്യപ്പെട്ടുള്ള ഹരജി.

ഹരജിയിൽ കൂടുതൽ വാദം കേൾക്കാനായി കോടതി അടുത്ത മാസം 14ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 2020ൽ ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്യാൻ ഹരജി സമർപ്പിച്ചിരുന്നുവെങ്കിലും അന്ന് സ്റ്റേ ലഭിച്ചിരുന്നില്ലെന്നും അത് കേസിൽ മെറിറ്റില്ലാത്തത് കൊണ്ടാണെന്നും കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോഴാണ് അടിയന്തര സ്റ്റേ ആവശ്യം വന്നിരിക്കുന്നതെന്നും സ്റ്റേ നൽകണമെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ശക്തമായി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് ഹരജിയിൽ സ്റ്റേ അനുവദിക്കാതെ അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി അഡ്വ. എസ് ശ്രീകുമാർ, അഡ്വ. ഷാനിബ അലി, യതീംഖാനക്കു വേണ്ടി അഡ്വ. ശ്രീകുമാർ, ചേലൂർ വഖ്ഫ് ബോർഡിന് വേണ്ടി അഡ്വ. ജംഷീദ് ഹാഫിസ് എന്നിവരാണ് ഹാജരായത്.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖ്ഫ് ബോർഡ് അംഗവുമായ എം സി മായിൻ ഹാജിയുടെ ഭാര്യാ സഹോദരൻ എ ടി ബഷീർ പ്രസിഡന്റായ കമ്മിറ്റിക്ക് കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാനയുടെ വഖ്ഫ് സ്വത്തുക്കൾ വിൽപ്പന നടത്തിയതാണ് വിവാദമായത്. രണ്ടേകാൽ ഏക്കർ സ്ഥലവും സ്ഥാപനങ്ങളും വിൽപ്പന നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ട്രൈബ്യൂണൽ ഉത്തരവിടുകയായിരുന്നു. യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്കാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ നേരത്തേ സ്റ്റേ ഹരജി സമർപ്പിച്ചിരുന്നുവെങ്കിലും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും സമർപ്പിച്ച സ്റ്റേ ഹരജിയിലാണ് കോടതി ഇന്നലെ തീരുമാനമെടുക്കാതിരുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest