Connect with us

k rail

കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് ചേര്‍ന്ന പദ്ധതി അല്ലെന്ന് കുഞ്ഞാലിക്കുട്ടി

'യു ഡി എഫ് അന്ന് കൊണ്ടുവന്ന ഹൈസ്പീഡ് റെയില്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്.'

Published

|

Last Updated

ആലപ്പുഴ | കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് ചേര്‍ന്ന പദ്ധതി അല്ലെന്നും മുഴുവന്‍ വിദഗ്ധ അഭിപ്രായങ്ങളെയും മറികടന്ന് ഇത് നടപ്പാക്കിയാല്‍ ശ്രീലങ്ക ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ അനിശ്ചിതാവസ്ഥയായിരിക്കും അനുഭവിക്കേിവരികയെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കടമെടുപ്പ് മൂലമുണ്ടായ വന്‍ ദുരന്തമാണ് ശ്രീലങ്ക ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിദേശനാണ്യ വിനിമയം തകര്‍ന്നു പോയാല്‍ പിന്നെ തിരിച്ചുപിടിക്കാന്‍ ആകില്ലെന്ന സത്യം ശ്രീലങ്കയുടെ അനുഭവത്തില്‍ നിന്ന് നാം ഉള്‍ക്കൊള്ളണം. സ്വത്വരാഷ്ട്രീയം സാമൂഹ്യപുരോഗതിക്ക് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ദക്ഷിണമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് കാലത്ത് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഇതെന്നാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അന്ന് കൊണ്ടുവന്ന ഹൈസ്പീഡ് റെയില്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. പ്രായോഗികതല പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി യു ഡി എഫ് വേണ്ടെന്നുവച്ച കാര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി എം എ സലാം, ഉന്നതാധികാരസമിതി അംഗവും സംഘാടക സമിതി ചെയര്‍മാനുമായ വി കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി എച്ച് അബ്ദുല്‍ സലാം ഹാജി, കെ ഇ അബ്ദുര്‍റഹ്മാന്‍, സംഘാടക സമിതി വൈസ് ചെയര്‍മാനും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ എ എം നസീര്‍, എം എസ് എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി പി അഷ്‌റഫലി പ്രസംഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ എം മാഹിന്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest