Connect with us

Kerala

എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തീര്‍ത്ത് കെപിസിസി; ബേങ്കിലെ കുടിശ്ശികയായ 58 ലക്ഷത്തോളം രൂപ അടച്ചു

നേരത്തെ 20 ലക്ഷം കുടുംബത്തിന് നല്‍കിയിരുന്നു

Published

|

Last Updated

കല്‍പറ്റ|വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കട ബാധ്യത തീര്‍ത്ത് കെപിസിസി. ബത്തേരി അര്‍ബന്‍ ബേങ്കിലെ കുടിശ്ശികയായ 58 ലക്ഷത്തോളം രൂപ കെപിസിസി അടച്ചു തീര്‍ത്തു. നേരത്തെ 20 ലക്ഷം കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു വിവരം അറിഞ്ഞിട്ടില്ലെന്നാണ് എന്‍ എം വിജയന്റെ കുടുംബം പ്രതികരിച്ചത്. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുമ്പ് എന്‍ എം വിജയന്റെ കുടുംബം ഉയര്‍ത്തിയത്. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകള്‍ പത്മജ പറഞ്ഞിരുന്നു. എന്‍ എം വിജയന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുമെന്ന് പറഞ്ഞതല്ലേയെന്നും അവര്‍ ചോദിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെപിസിസിയുടെ ഇടപെടല്‍.

എന്‍ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പരമാവധി ഇടപെട്ടിരുന്നുവെന്ന് ടി സിദ്ധിഖ് എംഎല്‍എ പ്രതികരിച്ചിരുന്നു. പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി പാലിക്കില്ലെന്ന് എന്‍ എം വിജയന്റെ കുടുംബത്തിന് തോന്നലുണ്ട്. അതുകൊണ്ട് താന്‍ മുന്‍കൈ എടുത്ത് കരാറെഴുതിയിരുന്നെന്നും സിദ്ധിഖ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഒരാളെയും ചതിച്ചിട്ടില്ല. കുടുംബത്തോടുളള തുടര്‍ സമീപനം പാര്‍ട്ടി നേതൃത്വം പറയുമെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.

ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു.